കണ്ണൂർ -കാസർഗോഡ് ജില്ലാപഞ്ചായത്തുകൾ LDF തന്നെ ഭരിക്കും.

കണ്ണൂർ -കാസർഗോഡ് ജില്ലാപഞ്ചായത്തുകൾ LDF തന്നെ ഭരിക്കും.

തിരുവനന്തപുരം: തദ്ദേശ  തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമാണ് യു ഡി എഫിനുണ്ടായിരിക്കുന്നത്. ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും കോര്‍പ്പറേഷനുമെല്ലാം യു ഡി എഫ് തരംഗമാണ്. എല്‍ ഡി എഫിന് ആകെ ആശ്വസിക്കാനുള്ളത് ജില്ലാ പഞ്ചായത്തുകളുടെ ഫലം മാത്രമാണ്. ആകെ 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴ് -ഏഴ് എന്ന നിലയിലാണ് ഇരുപാര്‍ട്ടികളും നേടിയിരിക്കുന്നത്.

14 ജില്ലാ പഞ്ചായത്തുകളിലായി 346 ഡിവിഷനുകളാണുള്ളത്. അതില്‍ ഏഴ്- ഏഴ് എന്ന നിലയിലാണ് ഇരുപാര്‍ട്ടികള്‍ക്കും ലഭിച്ചിരിക്കുന്നത്. അതില്‍ തന്നെ ഡിവിഷനുകള്‍ എടുത്താല്‍ യു ഡി എഫിന്‍റെ കടന്നുകയറ്റമാണ് പലയിടങ്ങളിലുമുണ്ടായിരിക്കുന്ത്. 196 ഡിവിഷനുകളാണ് യു ഡി എഫ് നേടിയത്. 148 ഡിവിഷനുകളാണ് എല്‍ ഡി എഫിന് നേട്ടമുണ്ടാക്കാനായത്. ഇതില്‍ എന്‍ ഡി എയും ആര്‍ എം പിയും ഓരോ സീറ്റ് വീതം പിടിച്ചെടുത്തിട്ടുമുണ്ട്. ജില്ലാ പഞ്ചായത്തിന്‍റെ തെരഞ്ഞെടുപ്പ് ഫലത്തില്‍ യു ഡി എഫും എല്‍ ഡി എഫും ബലാബലമാണ്. മുന്‍വര്‍ഷത്തെ ഫലവുമായി തട്ടിച്ചു നോക്കുമ്പോള്‍ എല്‍ ഡി എഫിന് വലിയ തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്.

2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 11 ജില്ലാ പഞ്ചായത്താണ് എല്‍ ഡി എഫ് പിടിച്ചെടുത്തത്. ശേഷിക്കുന്ന മൂന്നിടങ്ങളിലാണ് യു ഡി എഫിനുണ്ടായിരുന്നത്. അതും രണ്ടിടത്ത് യു ഡി എഫ് മത്സരിച്ച് ജയിച്ച് നേടിയതാണ്. എന്നാല്‍ ഒരിടത്ത്, അതായത് വയനാട്ടില്‍ ഭാഗ്യ കടാക്ഷിച്ചുകൊണ്ടുള്ള വിജയമായിരുന്നു. വയനാട് ജില്ലയില്‍ ഇരുമുന്നണികളും എട്ട് വീതം സീറ്റുകളില്‍ വിജയിച്ചതോടെ നറുക്കെടുപ്പിലേക്ക് പോകേണ്ടി വന്നു. ഇങ്ങനെയാണ് യു ഡി എഫിന് ഭരണം ലഭിച്ചത്.കാര്യമായ പ്രതീക്ഷയില്ലാതെയാണ് യു ഡി എഫ് തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ മത്സരിച്ചത്. ഒരുഘട്ടത്തില്‍ എന്നാല്‍ 14-14 എന്ന തുല്യസീറ്റില്‍ നിന്നതിന് ശേഷം രണ്ട് സീറ്റിന്‍റെ വ്യത്യാസത്തിലാണ് എല്‍ ഡി എഫ് തിരുവനന്തപുരത്ത് ഭരണം നിലനിര്‍ത്തിയത്. 15-13 എന്ന നിലയിലായിരുന്നു വിജയം. പള്ളിച്ചല്‍ ഡിവിഷനില്‍ കോണ്‍ഗ്രസിന്‍റെ പ്രിയ ചന്ദ്രന്‍ സിപിഐയുടെ ബി ശോഭനയുടെയും 319 വോട്ടിന് തോറ്റതോടെയാണ് എല്‍ ഡി എഫ് ഭരണം പിടിച്ചെടുത്തത്. ഇല്ലെങ്കില്‍ തുല്യനിലയില്‍ ആവുകയും ഭരണം നറുക്കിട്ടെടുക്കേണ്ടിയും വരുമായിരുന്നു. ഇത്തവണ 28 ഡിവിഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കയ്യിലുണ്ടായിരുന്ന കിളിമാനൂർ, കാഞ്ഞിരംകുളം, ബാലരാമപുരം എന്നിവ നിലനിർത്തിയ യുഡിഎഫിനു വെള്ളറട, പാലോട് എന്നിവ നഷ്‌ടമായി. എന്നാൽ കല്ലറ, ആര്യനാട്, പൂവച്ചൽ, മരിയാപുരം, വെങ്ങാനൂർ, കണിയാപുരം, മുരുക്കുംപുഴ, കിഴുവിലം, മണമ്പൂർ എന്നിവ പിടിച്ചെടുത്തു.


സിപിഎമ്മിന്‍റെ ശക്തി കേന്ദ്രമായ ആലപ്പുഴയില്‍ ജില്ലാ പഞ്ചായത്ത് അല്ലാതെ ഗ്രാമപഞ്ചായത്ത് മുതല്‍ നഗരസഭവരെ എല്‍ ഡി എഫിന് തൊടാന്‍ പോലും കഴിഞ്ഞിട്ടില്ല. ആകെയുള്ള 24 ഡിവിഷനുകളില്‍ 16 എണ്ണം എല്‍ ഡി എഫിനും എട്ടെണ്ണം യു ഡി എഫിനുമൊപ്പമാണ്.കോട്ടയം, ഇടുക്കി ജില്ലകളിലും എല്‍ ഡി എഫിന് വലിയ പ്രഹരമാണേറ്റത്. കോട്ടയത്ത് ഏഴും ഇടുക്കിയില്‍ മൂന്നും ഡിവിഷനിലേക്ക് എല്‍ ഡി എഫ് കൂപ്പുകുത്തിയപ്പോള്‍ കോട്ടയത്ത് 16 ഉം ഇടുക്കിയില്‍ 14 ഉം ഡിവിഷനുകളിലേക്കാണ് യു ഡി എഫ് നേടിയത്.

28 ഡിവിഷനുകളുള്ള എറണാകുളം ജില്ലാ പഞ്ചായത്തില്‍ 25 എണ്ണമാണ് യു ഡി എഫി ഇത്തവണ പിടിച്ചെടുത്തത്. എല്‍ ഡി എഫിന് വെറും മൂന്ന് ഡിവിഷുകളില്‍ ഒതുങ്ങേണ്ടി വന്നു. എന്നാല്‍ ജില്ലാ പഞ്ചായത്ത് സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ കെ. ജി. രാധാകൃഷ്‌ണന്‍റെ പേരാണ് പ്രസിഡന്‍റ് സ്ഥാനത്തേക്കായി ഉയര്‍ന്നു കേള്‍ക്കുന്നത്. പാമ്പാക്കുട ഡിവിഷനില്‍ നിന്ന് ജനവിധി തേടിയ രാധാകൃഷ്‌ണന്‍ സി പി ഐയിലെ സി ടി ശശിയെ പരാജയപ്പെടുത്തിയാണ് വിജയമുറപ്പിച്ചത്. എന്നാല്‍ ഇത്തവണ എസ് സി, എസ് ടി വിഭാഗത്തിലാണ് പ്രസിഡന്‍റ് സ്ഥാനത്തിന് അര്‍ഹത. ഈ വിഭാഗത്തില്‍ കോണ്‍ഗ്രസിന്‍റെ ഏക പ്രതിനിധിയാണ് രാധാകൃഷ്‌ണന്‍. അതുകൊണ്ട് തന്നെ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തേക്ക് രാധാകൃഷ്‌ണന് തന്നെയാണ് സാധ്യത.

പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ മാത്രമല്ല വൈസ് പ്രസിഡന്‍റ് ആരാകും എന്ന കാര്യത്തിലും എറണാകുളത്ത് വ്യക്തത വന്നിട്ടില്ല. വൈസ് പ്രസിഡന്‍റ് സ്ഥാനം ഇത്തവണ വനിതകള്‍ക്കാണ്. നിലവിലെ വൈസ് പ്രസിഡന്‍റ് ആവാനുള്ള ആരും തന്നെ കോണ്‍ഗ്രസ് വിജയികളുടെ കൂട്ടത്തില്‍ ഇത്തവണയില്ല.

തൃശൂരില്‍ മേല്‍ക്കൈ എല്‍ ഡി എഫിനാണെങ്കിലും യു ഡി എഫ് മികച്ച രീതിയില്‍ തന്നെ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 2020 ലെ അഞ്ച് ഡിവിഷനുകളില്‍ നിന്ന് ഒമ്പത് ആയി ഉയര്‍ത്താന്‍ യു ഡി എഫിന് സാധിച്ചിട്ടുണ്ട്.30 ഡിവിഷനുകളിൽ 21 എണ്ണം പിടിച്ച് എൽ.ഡി.എഫ് ഭരണം തുടരും. യു.ഡി.എഫ് ഒമ്പതിടത്താണ് നേടിയത്. കഴിഞ്ഞ തവണ ആകെ 29 ഡിവിഷനിൽ 24 സീറ്റുകൾ നേടിയ എൽ.ഡി.എഫ് ഇക്കുറി 21ൽ ഒതുങ്ങി. അഞ്ചു സീറ്റുകളായിരുന്നു അന്ന് യു.ഡി.എഫിന്. എൻ.ഡി.എ ഇത്തവണയും സീറ്റ് നേടാനായില്ല.

പാലക്കാട് ജില്ലാ പഞ്ചായത്ത് ഇടതിനോട് ചേര്‍ന്നാണ് മുന്നേറുമെങ്കിലും നേട്ടം കൊയ്തത് യു ഡി എഫ് ആണ്. എല്‍ ഡി എഫ് 19 ഡിവിഷനുകള്‍ പിടിച്ചെടുത്തപ്പോള്‍ യു ഡി എഫ് 12 എണ്ണമാണ് നേടിയത്. മലപ്പുറം ജില്ലയിലാണ് എല്‍ ഡി എഫ് തകര്‍ന്നടിഞ്ഞത്. 2020 ലെതെരഞ്ഞെടുപ്പില്‍ അഞ്ച് ഡിവിഷനുകളിലേക്ക് വിജയിച്ച് കയറിയ എല്‍ ഡി എഫ് ഇത്തവണ പൂര്‍ണമായും പരാജയപ്പെട്ടു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനുകളിലും യു ഡി എഫ് ആധിപത്യമാണ് ഉണ്ടായിരിക്കുന്നത്. എല്‍ ഡി എഫിന് ഒരു ഡിവിഷന്‍ പോലും ഭരിക്കാന്‍ കഴിയാത്ത ഏക ജില്ലാ പഞ്ചായത്തായി മലപ്പുറം മാറുകയും ചെയ്‌തു.

കോഴിക്കോട് ജില്ലാ പഞ്ചായത്തിലും യു ഡി എഫ് അട്ടമറി വിജയമാണ് നേടിയിരിക്കുന്നത്. 14 സീറ്റുകള്‍ യു ഡി എഫ് പിടിച്ചെടുത്തപ്പള്‍ എല്‍ ഡി എഫ് 13 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നു. യു ഡി എഫിന്‍റെ സഖ്യ കക്ഷിയായ ആര്‍ എം പിക്കും കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ ഒരു ഡിവിഷനില്‍ വിജയം നേടാനായി. മേപ്പയ്യൂര്‍, ഉള്ള്യേരി, അരിക്കുലം ചോറോട്, ചേളന്നൂര്‍ ഡിവിഷനുകളാണ് യു ഡി എഫ് പിടിച്ചെടുത്തത്. കെപിസിസി അംഗം മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ മില്ലി മോഹന്‍ കൊട്ടാരത്തിലാണ് ജില്ലാ പ്രസിഡന്‍റാവാന്‍ സാധ്യത.ഇടതിന്‍റെ ഉറച്ച മണ്ണായ കണ്ണൂരില്‍ 25 ല്‍ 18 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ എല്‍ ഡി എഫ് വിജയിച്ചപ്പോള്‍ ഏഴ് ഡിവിഷനുകളാണ് യു ഡി എഫ് നേടിയത്. ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ബിനോയ് കുര്യന്‍ തന്നെയായിരിക്കും. വ്യക്തമായ മേധാവിത്വത്തോടെയാണ് കണ്ണൂരില്‍ എല്‍ ഡി എഫ് ഭരണം നിലനിര്‍ത്തിയത്. പെരളശേരി ഡിവിഷനില്‍ നിന്നുമാണ് അഡ്വ. ബിനോയ് കുര്യന്‍റെ വിജയം. പിണറായി ഡിവിഷനില്‍ നിന്നും ജയച്ച അനുശ്രീ വൈസ് പ്രസിഡന്‍റ് ആവാനാണ് സാധ്യത.

കാസര്‍ക്കോട്ട് ജില്ലാപഞ്ചായത്ത് എല്‍ ഡി എഫ് തന്നെ ഭരിക്കും. റീ കൗണ്ടിങ്ങില്‍ പോലും മാറ്റമുണ്ടായിരുന്നില്ല. ബേക്കൽ, പുത്തിഗെ ഡിവിഷനുകളിലെ റീ കൗണ്ടിങ് നടന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഒറ്റസീറ്റ് വ്യത്യാസത്തിലാണ് കാസർകോട് ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ്‌ നില നിർത്തിയത്. ഒൻപതിടങ്ങളിൽ എൽഡിഎഫ് മുന്നേറിയപ്പോൾ എട്ടിടത്ത് യുഡിഎഫ് ജയിച്ചു. എൻഡിഎ ഒരു സീറ്റിൽ ജയിച്ചു.ദേലംപാടി, കുറ്റിക്കോൽ, കള്ളാർ, കയ്യൂർ, പിലിക്കോട്, ചെറുവത്തൂർ, മടിക്കൈ, പെരിയ, ബേക്കൽ എന്നിവിടങ്ങളിൽ എൽഡിഎഫ് ജയിച്ചു. ചിറ്റാരിക്കൽ, വോർക്കാടി, പുത്തിഗെ, ഉദുമ, ചെങ്കള, സിവിൽ സ്റ്റേഷൻ, കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളി യുഡിഎഫ് ജയിച്ചു. ബദിയഡുക്കയിൽ എന്‍ ഡി എയുമാണ് ജയിച്ചത്.