‘കൊടിമരത്തിലെ വാജി വാഹനം തിരികെ വാങ്ങണമെന്നാവശ്യപ്പെട്ട് കണ്ഠരര് രാജീവര്ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കി

പത്തനംത്തിട്ട :ശബരിമലയിലെ കൊടിമരത്തിലെ പഴയ വാജി വാഹനം തിരികെ വാങ്ങിക്കണമെന്നാവശ്യപ്പെട്ട് തന്ത്രി കുടുംബാംഗം കണ്ഠരര് രാജീവര്. ഈ ആവശ്യം ഉന്നയിച്ചു ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കി. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കണ്ഠരര് രാജീവരുടെ തീരുമാനം. അടുത്തമാസം തന്ത്രിയുടെ വീട്ടിലേക്ക് ഹൈന്ദവ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് ഉള്‍പ്പെടെ പ്രഖ്യാപിച്ചിരുന്നു.ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തിന് പിന്നാലെ വാജി വാഹനം തന്ത്രി അനധികൃതമായി കൊണ്ടുപോയെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിലടക്കം വലിയ തോതില്‍ പ്രചാരണമുണ്ടായിരുന്നു. ഈ വിഷയത്തില്‍ അദ്ദേഹം മാധ്യമങ്ങളെ കാണുകയും വിശദീകരിക്കുകയുമൊക്കെ ചെയ്തിരുന്നു. അതിനുശേഷവും വിവാദങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജിവാഹനം ദേവസ്വം ബോര്‍ഡ് തിരികെ വാങ്ങിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. കത്തിന്‍മേല്‍ വരും ദിവസങ്ങളില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്.
വിഷയത്തില്‍ ഹൈന്ദവ സംഘടനകള്‍ അടുത്തമാസം തന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ചുള്‍പ്പടെ സംഘടിപ്പിക്കുമെന്ന് ഇന്ന് പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 15ന് നാമജപ ഘോഷയാത്രയും ധര്‍ണയം നടത്താനായിരുന്നു തീരുമാനം. അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാരസഭയുടെയും മറ്റ് ഹൈന്ദവ സംഘടനകളുടേയും നേതൃത്വത്തിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. വാജി വാഹനം തന്ത്രി അനധികൃതമായി കൈവശപ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധാഹ്വാനം.