വനിതകൾക്കും ട്രാൻസ്‌ജെൻഡറുമാര്‍ക്കും സൗജന്യ ഇലക്ട്രിക് ഓട്ടോകൾ വിതരണം ചെയ്‌ത് കർണാടക സർക്കാർ

വനിതകൾക്കും  ട്രാൻസ്‌ജെൻഡറുമാര്‍ക്കും സൗജന്യ ഇലക്ട്രിക് ഓട്ടോകൾ വിതരണം ചെയ്‌ത് കർണാടക സർക്കാർ

ബെംഗളൂരു: ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കിയ ഇരുപത് സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുമാര്‍ക്കും സൗജന്യ ഇലക്ട്രിക് ഓട്ടോകൾ വിതരണം ചെയ്‌ത് കർണാടക സർക്കാർ. സ്‌ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും സബ്‌സിഡിയിലുള്ള ഇലക്‌ട്രിക് ഓട്ടോകള്‍ വാങ്ങാന്‍ സഹായിക്കുന്നതിന് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് വാഹനങ്ങള്‍ വിതരണം ചെയ്‌തുകൊണ്ട് ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി വ്യക്തമാക്കി.

അടിസ്ഥാന സൗകര്യങ്ങൾ, ജീവിത നിലവാരം മെച്ചപ്പെടുത്തൽ തുടങ്ങിയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പൗര കൂട്ടായ്‌മയായ ബാംഗ്ലൂർ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയും സിജിഐയും സഹകരിച്ചാണ് പരിപാടി നടപ്പിലാക്കിയത്.“ഇലക്ട്രിക് ഓട്ടോകൾ വാങ്ങുമ്പോൾ സ്ത്രീകൾക്ക് സബ്‌സിഡികൾ ഉറപ്പാക്കുകയും ഡ്രൈവിങ് ലൈസൻസുകൾ നൽകുന്നതിൽ മുൻഗണന നൽകുകയും ചെയ്യും”, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. സമീപ വർഷങ്ങളിൽ സ്ത്രീകളുടെ സാക്ഷരത നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്നും അവർ വിവിധ മേഖലകളിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.അതേസമയം ഓട്ടോ ഡ്രൈവിങ് മേഖലയിൽ അവരുടെ സാന്നിധ്യം പരിമിതമായി തുടരുകയാണ്. ഈ മേഖലയിൽ കൂടുതൽ സ്ത്രീകൾ താൽപ്പര്യം കാണിക്കുന്നത് പ്രോത്സാഹജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിൽ സ്ത്രീ പങ്കാളിത്തം കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സൗജന്യ ഡ്രൈവിങ് പരിശീലനവും വാഹനങ്ങളും നൽകാനുള്ള ബിപിഎസിയുടെയും സിജിഐയുടെയും ശ്രമം ആളുകളെ സാമ്പത്തികമായി സ്വതന്ത്രരാക്കാൻ സഹായിക്കുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു. സ്വന്തം സംഘടന വഴി സമൂഹത്തിന് പത്ത് ഇലക്ട്രിക് ഓട്ടോകൾ കൂടി നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു.സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകള്‍ക്കും അർത്ഥവത്തായ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ബിപിഎസി സിഇഒ രേവതി അശോക് പറഞ്ഞു. ഈ സംരംഭത്തിന് കീഴിൽ 400ലധികം സ്ത്രീകൾക്ക് ഇതിനകം പരിശീലനം നൽകിയിട്ടുണ്ടെന്നും വർഷാവസാനത്തോടെ ഏകദേശം 1,000 ഗുണഭോക്താക്കളിലേക്ക് ഈ പദ്ധതി എത്തിച്ചേരുക എന്നതാണ് ലക്ഷ്യമെന്നും അവർ പറഞ്ഞു.തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഇലക്ട്രിക് ഓട്ടോകൾ നൽകിയിട്ടുണ്ടെന്നും ഇത്തരം പരിപാടികൾ വിപുലീകരിക്കുന്നതിന് കോർപ്പറേറ്റുകളും സർക്കാരും തമ്മിലുള്ള കൂടുതൽ സഹകരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു.

ബെംഗളൂരുവിലെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകള്‍ക്കും സ്ഥിരമായ വരുമാന സ്രോതസുകൾ കണ്ടെത്തുന്നതിന് ഈ സംരംഭം സഹായിക്കുന്നുണ്ടെന്ന് സിജിഐയിലെ സീനിയർ വൈസ് പ്രസിഡൻ്റ് സുധീർ ശർമ്മ പറഞ്ഞു. ബയോകോൺ മേധാവി കിരൺ മജുംദാർ-ഷാ, സിജിഐ സീനിയർ വൈസ് പ്രസിഡൻ്റ് ജെന്നിഫർ മെച്ചേരിപ്പടി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.