വിമാനത്താവളത്തിന് സമീപമുള്ള ഭൂമി പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ

ബെംഗളൂരു: അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള ഭൂമി പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. 1,777 ഏക്കർ ഭൂമിയാണ് പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിക്കുന്നത്. പിന്നാലെ സർക്കാർ നടപടിയ്ക്ക് എതിരെ വിവാദങ്ങളും ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.ഇത് കർഷകർക്കെതിരെയുള്ള പ്രതികാര നടപടിയാണ്. സർക്കാരിൻ്റെ ഇത്തരം നടപടികാരണം ഭാവിയിൽ കാർഷിക ഭൂമിയുടെ വിൽപ്പന മൂല്യം കുറയുമെന്ന ഭയമുണ്ടെന്നും കർഷകർ പ്രതികരിച്ചു. ബെംഗളൂരു ദേവനഹള്ളി താലൂക്കിലെ ചന്നരായപട്ടണയിലും മറ്റ് 13 ഗ്രാമങ്ങളിലുമായാണ് പ്രസ്‌തുത ഭൂമി വ്യാപിച്ചുകിടക്കുന്നത്.ഈ ഭൂമി സ്ഥിരം കാർഷിക മേഖലയായി പ്രഖ്യാപിക്കുന്ന ഉത്തരവ് 2025 ഡിസംബർ ആറിനാണ് കർണാടക സർക്കാർ പുറപ്പെടുവിച്ചത്. ഒപ്പം ഈ ഭൂമികളിൽ ഏതെങ്കിലും തരത്തിലുള്ള വാണിജ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതും സർക്കാർ വിലക്കിയിരുന്നു. പ്രതിരോധ വ്യോമയാന പാർക്ക് സ്ഥാപിക്കാനായി ഈ ഭൂമി മുൻപ് സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ കർഷകരുടെ മൂന്നര വർഷം നീണ്ട ശക്തമായ പ്രതിഷേധം കാരണം പദ്ധതി സർക്കാർ ഒഴിവാക്കി.
ലക്ഷ്യം കർഷകരുടെ താത്പര്യ സംരക്ഷണം:
കർഷകരുടെ താത്പര്യ സംരക്ഷണം എന്ന നല്ല ഉദ്ദേശ്യത്തോടെയാണ് ഭൂമിയെ കാർഷിക മേഖലയുടെ ഭാഗമായി പ്രഖ്യാപിച്ചതെന്ന് കർണാടക സർക്കാർ അഭിപ്രായപ്പെട്ടു. "തങ്ങളുടെ ഭൂമി കാർഷിക ആവശ്യങ്ങൾക്കായി തിരികെ നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. അവരുടെ താത്പര്യങ്ങളെ മാനിച്ചുകൊണ്ടാണ് സർക്കാർ ഈ പ്രദേശത്തെ കാർഷിക മേഖലയായി പ്രഖ്യാപിച്ചത്," സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എസ് സെൽവകുമാർ പറഞ്ഞു.ഭൂമി സ്ഥിര കാർഷിക മേഖലയാക്കി മാറ്റുന്നത് കർഷകരുടെ സ്വാതന്ത്ര്യത്തെയോ ഭൂമി വിൽക്കാനുള്ള അവകാശത്തെയോ ബാധിക്കില്ലെന്നും എസ് സെൽവകുമാർ പറഞ്ഞു. സർക്കാർ പ്രഖ്യാപനം കർഷകർക്ക് നിരവധി ആനുകൂല്യങ്ങൾ നൽകും. കൃഷിയിലേക്ക് ധാരാളം നിക്ഷേപങ്ങൾ സർക്കാർ പ്രതീക്ഷിക്കുന്നു.ഇതിനുപുറമെ, ഉയർന്ന വിളവ് നൽകുന്ന വിത്ത് ഇനങ്ങൾ, മെച്ചപ്പെട്ട മണ്ണ്, ജല ലഭ്യത, വിപണി സംബന്ധിച്ച വിവരങ്ങൾ, ഇ-വ്യാപാരം മുതലായവ വഴി കർഷകർക്കും പ്രയോജനപ്രദമാകുമെന്ന് പ്രസ്‌താവനയിൽ പറഞ്ഞു. അഭിഭാഷകരുമായും കർഷകരുടെ മുൻ പ്രതിഷേധത്തെ പിന്തുണച്ച നടൻ പ്രകാശ് രാജ് ഉൾപ്പെടെയുള്ള പ്രതിനിധികളുമായും കൂടിയാലോചനകൾ നടത്തുന്നുണ്ട്. ശേഷം ഭാവി നടപടികൾ തീരുമാനിക്കുമെന്ന് സെൽവകുമാർ കൂട്ടിച്ചേർത്തു.
കർഷകരെ ബുദ്ധിമുട്ടിക്കുക എന്ന ഏക ഉദ്ദേശ്യത്തോടെയാണ് ഇപ്പോഴുണ്ടായ സർക്കാർ പ്രഖ്യാപനമെന്ന് ദേവനഹള്ളിയിലെ കർഷക നേതാവായ കരഹള്ളി ശ്രീനിവാസ് പറഞ്ഞു. "ഒരു കർഷകന് തൻ്റെ ഭൂമിയിൽ ഒരു വ്യവസായം ഭാവിയിൽ ആരംഭിക്കാനോ, വ്യാവസായിക ആവശ്യങ്ങൾക്കായി വിൽക്കാനോ ഉള്ള അനുമതിയാണ് ഇവിടെ നഷ്‌ടപ്പെടുന്നത്. ഇത് എന്ത് തരത്തിലുള്ള തീരുമാനമാണ്? എന്തുകൊണ്ടാണ് ഇത്തരം നിയന്ത്രണങ്ങൾ?വിമാനത്താവളത്തിന് സമീപമുള്ള സ്ഥലം സ്ഥിരം കാർഷിക മേഖലയാക്കി മാറ്റുന്നതിലൂടെ സർക്കാർ ഞങ്ങളോട് പ്രതികാരം ചെയ്യുകയാണെന്ന് തോന്നുന്നു. സർക്കാർ പദ്ധതികൾക്ക് വിരുദ്ധമായി ഞങ്ങളുടെ ഭൂമി തിരിച്ചുപിടിക്കാൻ മുൻപ് പ്രതിഷേധിച്ചിരുന്നു. ഇതാകാം ഈ പ്രതികാര നടപടിക്ക് കാരണം," കരഹള്ളി ശ്രീനിവാസ് കൂട്ടിച്ചേർത്തു.പ്രദേശം കാർഷിക മേഖലയായി പ്രഖ്യാപിക്കുന്നതിനോട് കർഷകർക്ക് എതിർപ്പില്ല, എന്നാൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോടാണ് എതിർപ്പെന്നും കരഹള്ളി ശ്രീനിവാസ് പ്രതികരിച്ചു. സ്ഥിരമായ കാർഷിക മേഖലയായി മാറുമ്പോൾ തങ്ങളുടെ ഭൂമിയിൽ കാർഷികേതര പ്രവർത്തനങ്ങൾ നടത്താനുള്ള അനുമതി കർഷകർക്ക് നഷ്‌ടപ്പെടുകയാണെന്നും ശ്രീനിവാസ് പറഞ്ഞു.
"തങ്ങൾക്ക് ഭൂമി വിൽക്കാൻ സ്വാതന്ത്ര്യമുണ്ടാകും. എന്നാൽ കൃഷിക്ക് മാത്രമേ ഭൂമി ഉപയോഗിക്കാവൂ എന്ന ഉപാധിയോടെ ആരാണ് ഭൂമി വാങ്ങാൻ മുന്നോട്ട് വരിക?" കർഷകർക്ക് തങ്ങളുടെ ഭൂമി വിൽക്കാൻ സ്വാതന്ത്ര്യമുണ്ടാകുമെന്ന സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എസ് സെൽവകുമാറിൻ്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു ശ്രീനിവാസ്.