കരൂർ ദുരന്തം : മരണം 39 : കർശന നടപടിയെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

കരൂർ (തമിഴ്‌നാട്): ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ ഇത്രയധികം ആളുകൾ കൊല്ലപ്പെട്ട സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ്‌നാട്ടിലെ കരൂരിൽ തമിഴഗ വെട്രി കഴകം (ടിവികെ) പ്രസിഡൻ്റും നടനുമായ വിജയുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

''ഞാൻ ഇവിടെ അഗാധമായ ദുഖത്തോടെയാണ് നിൽക്കുന്നത്. കരൂരിൽ നടന്ന ഭയാനകമായ അപകടം എനിക്ക് വിവരിക്കാൻ കഴിയില്ല. ഇന്നലെ വൈകുന്നേരം 7:45ഓടെ, ഞാൻ ചെന്നൈയിൽ ഉദ്യോഗസ്ഥരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, അത്തരമൊരു സംഭവം നടന്നതായി എനിക്ക് വാർത്ത ലഭിച്ചു. വിവരം ലഭിച്ചയുടനെ, മുൻ മന്ത്രി സെന്തിൽ ബാലാജിയെ വിളിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ആശുപത്രിയിൽ പോകാൻ നിർദേശിച്ചു. മരണസംഖ്യയെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ, സമീപത്തുള്ള മന്ത്രിമാരോട് കരൂരിലേക്ക് പോകാൻ ഞാൻ നിർദേശിച്ചു.

ഇതുവരെ 39 പേർ മരിച്ചു. നമ്മുടെ സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ ഇത്രയധികം ആളുകൾക്ക് ജീവൻ നഷ്‌ടപ്പെട്ടിട്ടില്ല, ഭാവിയിൽ ഒരിക്കലും ഇത്തരമൊരു ദുരന്തം സംഭവിക്കരുത്. നിലവിൽ 51 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ജീവൻ നഷ്‌ടപ്പെട്ടവർക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകും. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകും. വിരമിച്ച ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ ഒരു അന്വേഷണ കമ്മിഷൻ രൂപീകരിക്കാൻ ഞാൻ ഉത്തരവിട്ടിട്ടുണ്ട്'' - സ്റ്റാലിൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് പങ്കെടുത്ത റാലിയിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് കുട്ടികളടക്കം 39 പേർക്ക് ദാരുണാന്ത്യം സംഭവിച്ചത്. മരിച്ചവരിൽ 14 പേർ സ്ത്രീകളാണ്. നിരവധി പേർ ആശുപത്രിയിൽ തുടരുകയാണ്.

അഗാധമായ അനുശോചനവും സഹതാപവും അറിയിച്ച് വിജയ് 

കരൂരിലെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് സിനിമാ താരവും 'തമിഴക വെട്രി കഴകം'നേതാവുമായ വിജയ്‌. വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്തതും അസഹനീയവും വിവരണാതീതവുമായ വേദനയിലും ദുഖത്തിലുമാണ് താൻ എന്ന്  വിജയ് സാമൂഹ്യമാധ്യമത്തിൽ കുറിച്ചു .

'എൻ്റെ ഹൃദയം തകർന്നിരിക്കുന്നു, വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്തതും അസഹനീയവും, വിവരണാതീതവുമായ വേദനയിലും ദുഖത്തിലും പുളയുകയാണ് ഞാൻ. കരൂരിൽ ജീവൻ നഷ്‌ടപ്പെട്ട എൻ്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് എൻ്റെ അഗാധമായ അനുശോചനവും സഹതാപവും അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ പ്രാർഥിക്കുന്നു' -സംഭവത്തിൽ വിജയ് വേദന പങ്കുവച്ചു.