രാമക്ഷേത്രത്തിനുള്ളിൽ നിസ്‌കരിക്കാൻ ശ്രമിച്ച കശ്‌മീർ സ്വദേശി കസ്റ്റഡിയിൽ

അയോധ്യ: രാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നിസ്കരിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് കശ്മീർ സ്വദേശിയായ 55-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള അഹമ്മദ് ഷെയ്ഖ് എന്നയാളാണ് ശനിയാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച ഇയാൾ സീതാ രസോയി ഭാഗത്ത് ഇരുന്ന് നിസ്കരിക്കാൻ തയ്യാറെടുക്കുകയായിരുന്നുവെന്നും ഇത് തടയാൻ ശ്രമിച്ചപ്പോൾ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഉടൻ തന്നെ ക്ഷേത്ര സുരക്ഷാ ജീവനക്കാർ ഇയാളെ തടയുകയും പ്രാദേശിക പൊലീസിന് കൈമാറുകയും ചെയ്തു.അതേസമയം, പിടിയിലായ അഹമ്മദ് ഷെയ്ഖിന് മാനസികാസ്വാസ്ഥ്യമുള്ളതായി കുടുംബം അവകാശപ്പെട്ടു. ഇയാൾക്ക് മാനസികരോഗമുണ്ടെന്നും ശ്രീനഗർ മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗത്തിൽ ചികിത്സയിലാണെന്നും വ്യക്തമാക്കുന്ന മെഡിക്കൽ രേഖകൾ ബന്ധുക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്. തന്‍റെ പിതാവിന് പൂർണ്ണമായും മാനസികാസ്വാസ്ഥ്യമുണ്ടെന്നും ഈ സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലായിരുന്നുവെന്നും അഹമ്മദ് ഷെയ്ഖിന്‍റെ മകൻ ഇമ്രാൻ ഷോപ്പിയാനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രാഥമിക പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് കശുവണ്ടിയും ഉണക്കമുന്തിരിയും കണ്ടെത്തിയിട്ടുണ്ട്. അജ്മീറിലേക്ക് പോകാനാണ് താൻ യാത്ര തിരിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ യാത്രാ വിവരങ്ങൾ, അയോധ്യ സന്ദർശനത്തിന്‍റെ ഉദ്ദേശ്യം, മറ്റാരെങ്കിലും ഒപ്പമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.സംഭവത്തെത്തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ ഏജൻസികളും രാമക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. എന്നാൽ സംഭവത്തിൽ ജില്ലാ ഭരണകൂടമോ രാമക്ഷേത്ര ട്രസ്റ്റോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.അതേസമയം, അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള നിശ്ചിത പരിധിയിൽ മാംസാഹാര വിതരണത്തിന് അധികൃതർ കഴിഞ്ഞ ദിവസം സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു. മുന്‍പ് തന്നെ ഇത്തരമൊരു നിര്‍ദേശം നിലവില്‍ ഉണ്ടെങ്കിലും മാംസാഹാരം കര്‍ശനമായി നിരോധിക്കാനുള്ള നടപടികളാണ് അധികൃതര്‍ സ്വീകരിച്ചത്.
നേരത്തേ, കെഎഫ്‌സി പോലുള്ള അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വില്‍ക്കാന്‍ തയാറാണെങ്കില്‍ അനുമതി നല്‍കാമെന്ന് അധികൃകര്‍ വ്യക്തമാക്കിയിരുന്നു.ക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ ചുറ്റളവിലാണ് വെള്ളിയാഴ്ച മുതൽ മാംസാഹാരം വിതരണം ചെയ്യുന്നതിന് അയോധ്യ ഭരണകൂടം കര്‍ശന വിലക്കേർപ്പെടുത്തിയത്. 'പഞ്ചകോശി പരിക്രമ' പാതയ്ക്ക് കീഴിലുള്ള മേഖലകളിൽ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകൾ വഴി മാംസാഹാരം വിതരണം ചെയ്യുന്നതിനെതിരെ വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ കർശന നടപടി.അയോധ്യയിലെ ചില ഹോട്ടലുകളും ഹോംസ്റ്റേകളും അതിഥികൾക്ക് മാംസാഹാരവും മദ്യവും നൽകുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ സ്ഥാപനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.