കവിതയെ കത്തികൊണ്ട് കുത്തി,തീയിട്ട് കൊലപ്പെടുത്തിയ സംഭവം : പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

കോട്ടയം: പ്രണപ്പകയില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊന്ന കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. തിരുവല്ലയിൽ 19 കാരി പത്തനംതിട്ട അയിരൂർ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസി ലാണ് അഡീഷണൽ ജില്ലാ കോടതി പ്രതി അജിൻ റെജി മാത്യുവിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷംരൂപ പിഴയും വിധിച്ചത് .
2019 മാർച്ച് 12ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്, അജിൻ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
കവിതയും പ്രതിയും ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു. ഇതിനുശേഷം കവിത തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ എംഎല്‍ടി കോഴ്‌സിന് ചേര്‍ന്നു. സംഭവദിവസം രാവിലെ ക്ലാസിലേക്ക് വരുന്നതിനിടെയാണ് അജിന്‍ റെജി മാത്യു കവിതയെ ആക്രമിച്ചത്. ഇതിന് മുന്നോടിയായി തിരുവല്ലയിലെ പെട്രോള്‍ പമ്പില്‍നിന്ന് പ്രതി മൂന്ന് കുപ്പികളിലായി പെട്രോള്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് നടന്നുപോവുകയായിരുന്ന കവിതയുടെ പിന്നാലെയെത്തി ആദ്യം കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പിന്നാലെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കവിത എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.