കീം പരീക്ഷാ ഫലം അൽപ്പസമയത്തിനകം

തിരുവനന്തപുരം: കീം പരീക്ഷാ ഫലം അൽപ്പസമയത്തിനകം പുറത്തുവിടും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ വാർത്താസമ്മേളനത്തിൽ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.
നേരത്തെ ജൂൺ 22-ന് ഫലം പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനം. എന്നാൽ, സി.ബി.എസ്.ഇ പരീക്ഷകളുടെ പുനർമൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് മാർക്ക് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ അഭ്യർത്ഥനയെ മാനിച്ചാണ് ഫലപ്രഖ്യാപനം ജൂൺ 27-ലേക്ക് മാറ്റിയത്.
റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്
കീം പരീക്ഷയിലെ മാർക്കും പ്ലസ്‌ടു പരീക്ഷയുടെ മാർക്കും തുല്യമായി പരിഗണിച്ചാണ് എൻജിനിയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. പ്രവേശന പരീക്ഷയിലെ നോർമലൈസ് ചെയ്ത മാർക്കും പ്ലസ്‌ടു ബോർഡ് പരീക്ഷയുടെ പിസിഎം മാർക്കും ചേർത്ത് ആകെ 600 മാർക്കിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഈ വർഷം ഒരു ലക്ഷത്തോളം വിദ്യാർഥികളാണ് കീം പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം 86,401 പേരാണ് പരീക്ഷ എഴുതിയിരുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് പരീക്ഷ എഴുതിയവരുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായതിനാൽ ഇത്തവണ മത്സരം കടുപ്പമായിരിക്കും.
ഫലം പരിശോധിക്കേണ്ട വിധം
വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷ കമ്മിഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in വഴി ഫലം അറിയാം. ഹോം പേജിൽ കാണുന്ന കാൻഡിഡേറ്റ് ലോഗിൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകണം. തുടർന്ന് സ്ക്രീനിൽ കാണുന്ന സുരക്ഷാ കോഡും ടൈപ്പ് ചെയ്യുക. ലോഗിൻ ചെയ്ത ശേഷം പ്രൊഫൈൽ പേജിലെ റിസൾട്ട് അല്ലെങ്കിൽ റാങ്ക് ലിസ്റ്റ് എന്ന മെനു വഴി സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാം. ഭാവിയിലെ അലോട്ട്മെൻ്റ് ആവശ്യങ്ങൾക്കായി ഇതിൻ്റെ പ്രിൻ്റ് എടുത്ത് സൂക്ഷിക്കണം. ഫലം വരുന്ന സമയത്ത് വെബ്സൈറ്റിൽ തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ പേജ് ലോഡ് ആകാൻ താമസം നേരിട്ടേക്കാം. ആപ്ലിക്കേഷൻ നമ്പറോ പാസ്‌വേഡോ മറന്നുപോയാൽ ലോഗിൻ പേജിലുള്ള ലിങ്കുകൾ വഴി വീണ്ടെടുക്കാൻ സാധിക്കും.
യോഗ്യതാ മാർക്കും സാധ്യതകളും
ജനറൽ, ഒബിസി വിഭാഗങ്ങൾക്ക് എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ നോർമലൈസ് ചെയ്ത മാർക്കിൽ 300ൽ കുറഞ്ഞത് പത്ത് മാർക്കെങ്കിലും നേടണം. എന്നാൽ എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് പ്രവേശന പരീക്ഷയിൽ പങ്കെടുത്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മാത്രം മതിയാകും. ഇവർക്ക് നിശ്ചിത ശതമാനം മാർക്ക് നിർബന്ധമില്ല. മികച്ച സർക്കാർ കോളജുകളിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് തുടങ്ങിയ മികച്ച ബ്രാഞ്ചുകൾ ലഭിക്കാൻ റാങ്ക് 4,000ന് ഉള്ളിൽ വരുന്നതാണ് സുരക്ഷിതം.ഒന്നു മുതൽ 5,000 വരെ റാങ്കുള്ളവർക്ക് പ്രമുഖ സർക്കാർ കോളജുകളിൽ പ്രവേശനം ലഭിക്കും. 5,001 മുതൽ 20,000 വരെ റാങ്കുള്ളവർക്ക് മുൻനിര സർക്കാർ, എയ്ഡഡ് കോളജുകളിലും 20,001 മുതൽ 50,000 വരെയുള്ളവർക്ക് എയ്ഡഡ്, മികച്ച സ്വാശ്രയ കോളജുകളിലും പ്രവേശനം ലഭിക്കാൻ സാധ്യതയുണ്ട്. 50,001 മുതൽ 60,000 വരെ റാങ്കുള്ളവർക്ക് സ്വാശ്രയ കോളജുകളിലും 60,000ന് മുകളിൽ റാങ്കുള്ളവർക്ക് മറ്റ് സ്വകാര്യ സ്വാശ്രയ കോളജുകളിലും സീറ്റ് ലഭിക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ കണക്കുകൂട്ടുന്നു. ഫലപ്രഖ്യാപനത്തിന് ശേഷം എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെൻ്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.