കേരളത്തിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; രണ്ടാം ഘട്ടം 12 സംസ്ഥാനങ്ങളില്‍

ന്യൂഡല്‍ഹി: രണ്ടാം ഘട്ടമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. ആദ്യ ഘട്ടമായി ബിഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം വിജയകരമായി നടപ്പാക്കി. രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ നടപടിക്രമം ആരംഭിക്കുമെന്നും വീടുതോറുമുള്ള എണ്ണല്‍ ഘട്ടത്തിന് നവംബര്‍ 4 മുതല്‍ തുടക്കമാകുമെന്നും ഗ്യാനേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ ഒന്‍പതിന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി ഏഴിന് അന്തിമ വോട്ടര്‍ പട്ടിക പുറത്തുവിടുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.ബീഹാറിൽ ആദ്യഘട്ട എസ് ഐ ആർ വിജയകരമായി പൂർത്തിയാക്കിയെന്നും ഇത് സംബന്ധിച്ച് വിശദമായ ചർച്ച പിന്നീട് നടത്തിയപ്പോൾ ഒരു അപ്പീൽ പോലും ബീഹാറിൽ ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.എസ്ഐആർ നടക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർ പട്ടിക ഇന്നു മുതൽ മരവിപ്പിക്കും.ചൊവ്വാഴ്‌ച (ഒക്‌ടോബര്‍ 28) മുതൽ നവംബര്‍ മൂന്ന് വരെ 12 സംസ്ഥാനങ്ങളിൽ പ്രാഥമിക നടപടിക്രമങ്ങള്‍ ആരംഭിക്കും. നവംബര്‍ നാലു മുതല്‍ ഡിസംബര്‍ 12 വരെ വീടുകള്‍ കയറി വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കും. ഡിസംബര്‍ 9 ന് കരട് വോട്ടര്‍ പട്ടിക പ്രഖ്യാപിക്കും. ജനുവരിഎട്ടുവരെ കരട് വോട്ടര്‍ പട്ടികയില്‍ പരാതിയുണ്ടെങ്കില്‍ സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി ഏഴിനായിരിക്കും പ്രസിദ്ധീകരിക്കുക.ബീഹാറിൽ എസ്ഐആർ നടപ്പാക്കിയതിനെതിരെ വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നിരുന്നു. തുടര്‍ന്നാണ് രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നത്.2026 ല്‍ തെരെഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പിലാക്കാനാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നത്. അര്‍ഹരായവര്‍ വോട്ട് ഉറപ്പാക്കുമെന്നും അനര്‍ഹരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.