'സ്വർണം കട്ടതാരപ്പാ '... പാരഡി ഗാനവും പ്രതിഷേധ പ്രകടനങ്ങളുമായി സഭ ഇന്നും പ്രക്ഷുബ്‌ദ്ധം

 'സ്വർണം കട്ടതാരപ്പാ '... പാരഡി ഗാനവും പ്രതിഷേധ പ്രകടനങ്ങളുമായി സഭ ഇന്നും പ്രക്ഷുബ്‌ദ്ധം

തിരുവനന്തപുരം: ശബരിമല സ്വർണക്കേസിലെ അന്വേഷണ അപാകതകൾ ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധം കൈയേറ്റശ്രമത്തിലും സഭ നിർത്തിവയ്ക്കുന്നതിലേക്കും നീങ്ങി. സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആൻഡ് വാർഡ് തടഞ്ഞതോടെ സഭ കലുഷിതമായി. ആലുവ എംഎൽഎ അൻവർ സാദത്ത്, മുവാറ്റുപ്പുഴ എംഎൽഎ മാത്യു കുഴൽനാടൻ എന്നിവർ സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ചതും തുടർന്നുണ്ടായ നാടകീയ രംഗങ്ങളും സഭാ നടപടികൾ സ്തംഭിക്കാൻ കാരണമായി.

ചോദ്യോത്തര വേള തുടങ്ങി 41 മിനിറ്റ് പിന്നിട്ടപ്പോഴാണ് സഭാനടപടികൾ പൂർണമായും നിർത്തിവച്ച് സ്പീക്കർ എഎൻ ഷംസീർ സഭ വിട്ടത്. രാവിലെ 9.39ന് അൻവർ സാദത്തും മറ്റ് പ്രതിപക്ഷ എംഎൽഎമാരും സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമം നടത്തി. ഡയസിൻ്റെ രണ്ട് കവാടങ്ങളും വാച്ച് ആൻഡ് വാർഡ് കവർ ചെയ്തിരുന്നതിനാൽ ഡയസിന് മുന്നിലുള്ള തടികൊണ്ടുള്ള വേലിക്കെട്ടിന് മുകളിലൂടെ കാലെടുത്തു വച്ച് അകത്തേക്ക് കയറാനാണ് അൻവർ സാദത്ത് ശ്രമിച്ചത്. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫും ഒപ്പമുണ്ടായിരുന്നു. വാച്ച് ആൻഡ് വാർഡ് ഇവരെ ബലം പ്രയോഗിച്ചു പിടിച്ചു മാറ്റിയതും ബാനർ പിടിച്ചു വാങ്ങിയതും സഭയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. സ്പീക്കറുടെ മുഖം മറച്ചുകൊണ്ടുള്ള ബാനർ ഉയർത്തിയും പ്ലക്കാർഡുകൾ പിടിച്ചും മുദ്രാവാക്യം വിളിച്ചും പ്രതിപക്ഷം സ്പീക്കറുടെ കവാടത്തിന് മുന്നിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് സഭ പ്രക്ഷുബ്ധമായത്.

നിയമസഭയ്ക്കുള്ളിൽ ചോദ്യങ്ങൾ പോലും വ്യക്തമായി കേൾക്കാൻ സാധിക്കാത്ത വിധം വലിയ ബഹളമാണ് ഉണ്ടായത്. സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുക എന്ന ലക്ഷ്യമല്ല പ്രതിപക്ഷത്തിനുള്ളതെന്നും മറിച്ച് സഭാ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന കർശന നിലപാടാണ് തങ്ങൾക്കെന്നും ചോദ്യോത്തര വേളയുടെ തുടക്കത്തിൽ തന്നെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു. ചോദ്യം ചോദിക്കാൻ എഴുന്നേറ്റ ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷത്തിൻ്റെ നടപടിയെ വിമർശിച്ചു. ഇതിനിടെ ഭരണപക്ഷ അംഗങ്ങളിൽ ചിലർ സീറ്റിൽ നിന്ന് എഴുന്നേറ്റ് നടുത്തളത്തിന് അടുത്തേക്ക് വരികയും ഇതോടെ ഇരുപക്ഷവും നേർക്കുനേർ നിൽക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്തു.

 ഡയസിനരികിൽ യുഡിഎഫ് എംഎൽഎമാർ 

അൻവർ സാദത്തിൻ്റെ ശ്രമത്തിന് പിന്നാലെ സഭയിൽ കൂടുതൽ ഗുരുതരമായ സാഹചര്യമാണ് ഉണ്ടായത്. സ്പീക്കറുടെ ഡയസിന് തൊട്ടുമുന്നിൽ വാച്ച് ആൻഡ് വാർഡ് നിലയുറപ്പിച്ചിരുന്നെങ്കിലും, ബഹളത്തിനിടയിൽ മാത്യു കുഴൽനാടൻ എംഎൽഎ സ്പീക്കറുടെ ഡയസിലേക്ക് കടന്നുകയറുകയും ചെയറിന് തൊട്ടുമുന്നിൽ എത്തുകയും ചെയ്തു. സ്പീക്കർക്കും മാത്യു കുഴൽനാടനും ഇടയിലായി ഒരു വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥൻ വന്നുനിൽക്കുന്ന അസാധാരണ കാഴ്ചയ്ക്കും സഭ വേദിയായി. ബാർക്കോഴ വിവാദ സമയത്ത് സഭയിൽ കണ്ട അതിരുകടന്ന പ്രതിഷേധങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു സംഭവങ്ങൾ. പ്രതിപക്ഷം ഉയർത്തിയ ബാനറുകൾ വാച്ച് ആൻഡ് വാർഡ് പിടിച്ചുവാങ്ങാൻ ശ്രമിച്ചതും എംഎൽഎമാർ അത് തടയാൻ ശ്രമിച്ചതും ഉന്തും തള്ളും വടംവലിക്കും കാരണമായി. വാച്ച് ആൻഡ് വാർഡിൻ്റെ ശ്രദ്ധ മാറിയ തക്കം നോക്കിയാണ് മാത്യു കുഴൽനാടൻ സ്പീക്കറുടെ ഡയസിന് മുന്നിലെത്തിയത്. സഭയിലെ പ്രതിഷേധ ദൃശ്യങ്ങൾ സഭാ ടിവി സംപ്രേഷണം ചെയ്യാതിരുന്നതിനാൽ പുറംലോകത്തിന് ദൃശ്യങ്ങൾ പൂർണമായി ലഭ്യമായില്ല.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ സഭയുടെ തുടക്കം മുതൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയിരുന്നു. കേസ് അന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്നും പ്രത്യേക അന്വേഷണ സംഘം നോക്കുകുത്തിയായി മാറിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ സർക്കാർ വീഴ്ച വരുത്തുന്നത് പ്രതികൾക്ക് സഹായകരമാവുകയാണ്. കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികളും സ്റ്റാറ്റ്യൂട്ടറി ജാമ്യം നേടി പുറത്തിറങ്ങുന്ന സാഹചര്യമാണുള്ളത്. പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കും മൂന്ന് സിപിഎം നേതാക്കൾക്കും അടുത്ത ദിവസങ്ങളിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങാനുള്ള അവസരമൊരുങ്ങുന്നു.

അറസ്റ്റിലായവരുടെ റിമാൻഡ് കാലാവധിയായ 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുകയാണെന്നും ഇത് തെളിവ് നശിപ്പിക്കാൻ അവസരമൊരുക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ശബരിമല അയ്യപ്പൻ്റെ സ്വർണം കവർന്ന കേസിൽ കൃത്യമായ തെളിവുകൾ ശേഖരിക്കാനോ പുതിയ പ്രതികളെ കണ്ടെത്താനോ കഴിയാതെ നിലവിലുള്ള പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുന്നത് അതീവ ഗുരുതരമായ സാഹചര്യമാണ്. മുഖ്യമന്ത്രിയുടെ ഓഫിസിൻ്റെ സമ്മർദം മൂലമാണ് അന്വേഷണ സംഘം ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സത്യഗ്രഹവും വാക്പോരും

സഭ തുടങ്ങിയ ദിവസം മുതൽ രണ്ട് പ്രതിപക്ഷ അംഗങ്ങൾ സഭയുടെ കവാടത്തിൽ സത്യഗ്രഹം നടത്തിവരികയാണ്. ഇതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എകെഎം അഷ്റഫ്, ഐസി ബാലകൃഷ്ണൻ എന്നിവർ കൂടി സത്യഗ്രഹം ആരംഭിച്ചിട്ടുണ്ട്. സിപിഎമ്മിന് താത്പര്യമുള്ള വിഷയങ്ങൾ മാത്രമേ അടിയന്തര പ്രമേയമായി ചർച്ചയ്ക്ക് എടുക്കുന്നുള്ളൂ എന്നാരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകേണ്ടെന്ന് തീരുമാനിച്ചത്. ഇതിനിടെ സ്വർണക്കൊള്ള വിഷയത്തിൽ പ്രതിപക്ഷം 'സ്വർണം കട്ടതാരപ്പ' എന്ന പാരഡി ഗാനം ആലപിച്ചപ്പോൾ അതിന് മറുപടിയായി മന്ത്രി വി ശിവൻകുട്ടി ഭരണപക്ഷത്ത് നിന്നും മറുഗാനം ആലപിച്ചു. യഥാർഥത്തിൽ സ്വർണം കട്ടത് കോൺഗ്രസുകാരാണെന്നും സംരക്ഷിക്കുന്നത് സോണിയ ഗാന്ധിയാണെന്നും എഴുതി വയ്ക്കേണ്ടി വരുമെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. പ്രതിപക്ഷത്തിന് ക്ലാസ് എടുക്കുന്നു എന്ന തരത്തിൽ മന്ത്രി ശിവൻകുട്ടി സംസാരിക്കുമ്പോഴാണ് പ്രതിപക്ഷ എംഎൽഎമാർ ഡയസിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചത്.

പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യo: മന്ത്രി എംബി രാജേഷ്

ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തെ പ്രതിപക്ഷം വിശ്വാസത്തിലെടുക്കുന്നില്ലെന്നാണ് ഭരണപക്ഷം തിരിച്ചടിച്ചത്. പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമാണെന്നും അടിയന്തര പ്രമേയത്തിന് നോട്ടിസ് പോലും നൽകാൻ കഴിയുന്നില്ലെന്നും മന്ത്രി എംബി രാജേഷ് വിമർശിച്ചു. സ്പ്രിങ്ക്ലർ ഉൾപ്പെടെയുള്ള കേസുകളിൽ കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതിൻ്റെ ജാള്യത മറയ്ക്കാനാണ് പ്രതിപക്ഷം ഇത്തരം നടപടികളുമായി സഭയിൽ എത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കോടതിയിൽ തോൽക്കുമ്പോൾ നിയമസഭയിൽ പ്രതിഷേധിക്കുക എന്ന വിചിത്രമായ രീതിയാണ് പ്രതിപക്ഷത്തിന്റേതെന്നും ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി രാജേഷും മറ്റ് ഭരണപക്ഷ അംഗങ്ങളും കുറ്റപ്പെടുത്തി. ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ വരെ പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചുവെന്നും മന്ത്രി ആരോപിച്ചു.

സഭയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള അസാധാരണമായ പ്രതിഷേധമാണ് നടക്കുന്നതെന്ന് ഡികെ മുരളി എംഎൽഎയും അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് വേണ്ടിയുള്ള ചോദ്യങ്ങളും മറുപടികളും നടക്കേണ്ട സമയത്ത് പ്രതിപക്ഷം മോശമായി പെരുമാറരുതെന്നും അദ്ദേഹം വിമർശിച്ചു. ബജറ്റിന്മേലുള്ള പൊതുചർച്ചയുടെ രണ്ടാം ദിവസവും സഭ സ്തംഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാധാരണഗതിയിൽ ഇത്തരം ബഹളങ്ങൾ ഉണ്ടാകുമ്പോൾ സ്പീക്കർ ഇരുപക്ഷത്തെയും വിളിച്ചുചേർത്ത് അനുനയ ചർച്ചകൾ നടത്താറുണ്ടെങ്കിലും സമീപകാലത്തൊന്നും അത്തരം ചർച്ചകൾ ഉണ്ടായിട്ടില്ല. അതിനാൽ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിയുന്നതിനുള്ള സാധ്യതയാണ് കാണുന്നത്.