പരിശുദ്ധിയുള്ള സ്വർണ്ണം : ഏക സമ്പൂർണ ഹാൾമാർക്ക് സംസ്ഥാനമായി കേരളം

തിരുവനന്തപുരം : രാജ്യത്ത് 2026 മാർച്ച് വരെ 60 കോടി ആഭരണങ്ങളിൽ ഹാൾമാർക്ക് മുദ്ര പതിച്ചതായി കേരള ഗോൾഡ് & സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ. ഏക സമ്പൂർണ ഹാൾമാർക്ക് സംസ്ഥാനമായി കേരളം മാറിയെന്നും അസോസിയേഷൻ വ്യക്തമാക്കി.
ഹാൾമാർക്കിങ് നിർബന്ധമാക്കിയതിനുശേഷം കേരളത്തിൽ മാത്രം 15 കോടി ആഭരണങ്ങളിൽ എച്ച്‌യുഐഡി മുദ്രപതിച്ചു. 2021 ജൂൺ 16 നാണ് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക് നിർബന്ധമാക്കിയത്. 2021 ജൂലൈ 17ന് ഹാൾ മാർക്കിങ് എച്ച്‌യുഐഡിയിലേക്ക് മാറി. അതോടെ ആറ് അക്ക ആൽഫ ന്യൂമറിക് നമ്പർ സ്വർണാഭരണങ്ങൾ പതിക്കാൻ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് ഉത്തരവിടുകയായിരുന്നു.
9, 14, 18, 20, 22, 23, 24 എന്നീ കാരറ്റുകളിൽ ഉള്ള ആഭരണങ്ങളിൽ പരിശുദ്ധ സ്വർണത്തിൻ്റെ അടയാളമായി ആറ് അക്ക ആൽഫ ന്യൂമറിക് നമ്പർ മുദ്ര പതിക്കുന്നത് നിർബന്ധമാക്കിയിട്ടുള്ളത്. ഹാൾ മാർക്കിങ് നിർബന്ധമാക്കുമ്പോൾ രാജ്യത്തെ 256 ജില്ലകളിൽ മാത്രമാണ് ഇത് നടപ്പാക്കിയിരുന്നത്. ഇപ്പോൾ 380 ജില്ലകളിൽ ഹാൾമാർക്കിങ് സെൻ്ററുകൾ പ്രവർത്തിക്കുന്നു.
എന്നാൽ 800 ഓളം ജില്ലകളുള്ള ഇന്ത്യയിൽ പകുതിയോളം ജില്ലകളിൽ പോലും ഇതുവരെ സ്വർണ പരിശുദ്ധി ഹാൾമാർക്കിങ് നിർബന്ധമാക്കിയിട്ടില്ല. സ്വർണാഭരണങ്ങളിൽ പരിശുദ്ധി രേഖപ്പെടുത്തുന്ന ഹാൾമാർക്കിങ് സെൻ്ററുകൾ ഉള്ള ജില്ലകളിൽ മാത്രമാണ് ഹാൾമാർക്കിങ് നിർബന്ധമെന്ന നിയമമാണ് നിലവിലുള്ളത്. ഇന്ത്യയിൽ പകുതിയിലധികം ജില്ലകളിലും പരിശുദ്ധിയില്ലാത്ത സ്വർണാഭരണങ്ങൾ വിൽക്കാം എന്നത് സ്വർണാഭരണ വ്യാപാര മേഖലയിൽ വലിയ വെല്ലുവിളി ഉയർത്തുന്നു.
നിലവിലുള്ള ഹാൾ മാർക്കിങ് നിയമം പരിഷ്‌കരിക്കണമെന്ന് കേരള ഗോൾഡ് & സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ എസ് അബ്‌ദുൽ നാസർ ആവശ്യപ്പെട്ടു. 2023 മുതൽ കേരളം സമ്പൂർണ ഹാൾമാർക്ക് സംസ്ഥാനമാണ്. ഇന്ത്യയിൽ കേരളം മാത്രമാണ് ഏക സമ്പൂർണ ഹാൾമാർക്ക് സംസ്ഥാനം.
സ്വര്‍ണത്തിൻ്റെ ശുദ്ധത ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണ് ഹാള്‍ മാര്‍ക്കിംഗ്. അതിനാല്‍ തന്നെ ഉപയോക്താക്കള്‍ക്ക് അവര്‍ വാങ്ങിക്കുന്ന സ്വര്‍ണത്തിന് മേലുള്ള വിശ്വാസവും ഉറപ്പും കൂടിയാണിത്. ശുദ്ധത കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി ഉപയോക്താക്കള്‍ വഞ്ചിക്കപ്പെടാതിരിക്കാനാണ് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
രണ്ടാം തവണയും സ്വര്‍ണവിലയിൽ ഇടിവ്
ഇന്ന് രണ്ടാം തവണയും സ്വര്‍ണവില കുറഞ്ഞു. ഉച്ചക്ക് ശേഷം ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ കുറഞ്ഞ് 14,730 രൂപയും പവന് 400 രൂപ കുറഞ്ഞ് 1,17,840 രൂപയായി. 18 കാരറ്റിൻ്റെ ഒരു പവൻ സ്വർണത്തിന് 45 രൂപ കുറഞ്ഞ് 12,100 രൂപയും പവന് 96,800 രൂപയുമായി.
ഇന്ന് രാവിലെ പവന് 720 രൂപയും ഗ്രാമിന് 90 രൂപയും കുറഞ്ഞിരുന്നു. ഇതോടെ, ഇന്ന് പവന് ആകെ 1120 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ആകെ 140 രൂപയും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവില്‍ സ്വര്‍ണ വില. മാര്‍ച്ച് ഒന്നിന് പവന്‍ വില 1,26,920 രൂപയിലെത്തിയിരുന്നു.
പശ്ചിമേഷ്യൻ സംഘർഷങ്ങൾ നിലനിൽക്കുന്നതാണ് സ്വർണ വിലയിലെ മാറ്റങ്ങൾക്ക് കാരണം. എന്നാൽ യുദ്ധമോ മറ്റ് സംഘർഷങ്ങളോ നടന്നാൽ സ്വർണവില ഉയരുകയാണ് പതിവ് കാഴ്‌ച. പക്ഷേ ആഗോളതലത്തിൽ നോക്കുമ്പോൾ പണപ്പെരുപ്പം വർധിക്കാനുള്ള സാധ്യതയാണ് സ്വർണവില കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.