കേരള ബജറ്റ് 2026-27: സംസ്ഥാനം ഇനി തുറമുഖ നഗരമായി മാറും,ഇതിനായി വകയിരുത്തിയത് 600 കോടി രൂപ

തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമായി പ്രഖ്യാപിച്ച് മാരിടൈം പോളിസി രൂപീകരിക്കുമെന്ന് ബജറ്റ്പ്രഖ്യാപനം . സംസ്ഥാനത്തെ തുറമുഖങ്ങളും ഉൾനാടൻ ജലഗതാഗത സംവിധാനങ്ങളും ബന്ധിപ്പിച്ചുള്ള 400 കോടിരൂപ വകയിരുത്തിയ 'മിഷൻ സമുദ്ര' പദ്ധതിയാണ് മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചത്.സംസ്ഥാനത്തെ 600 കിലോമീറ്റർ തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, ഒരു കണ്ടൈനർ ട്രാൻസ്ഷിപ്മെൻ്റ് ടെർമിനൽ, 17 നോൺ മേജർ തുറമുഖങ്ങൾ മറ്റനേകം ജലസ്രോതസ്സുകൾ തുടങ്ങിയ സാധ്യതകൾ സംയോജിപ്പിച്ച് അഞ്ചുവർഷത്തിനുള്ളിൽ കേരളത്തെ ലോക മാരിടൈം ഭൂപടത്തിൽ വൻശക്തിയായി ഉയർത്തുന്നതിനുള്ള പദ്ധതി നടപ്പിലാക്കുമെന്നാണ് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയത്.
( കടൽമാർഗ്ഗമുള്ള ഗതാഗതം, തുറമുഖങ്ങളുടെ വികസനം, സമുദ്ര വ്യാപാരം, തീരദേശ സംരക്ഷണം എന്നിവ നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി സർക്കാരുകൾ രൂപീകരിക്കുന്ന ഔദ്യോഗിക നയങ്ങളെയാണ് മാരിടൈം പോളിസി (Maritime Policy) എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്.
സമുദ്ര നയം അഥവാ തീരദേശ നയം: കടൽത്തീരങ്ങളുടെയും തുറമുഖങ്ങളുടെയും കാര്യക്ഷമമായ ഉപയോഗം, വാണിജ്യം, സമുദ്രവിഭവങ്ങളുടെ സംരക്ഷണം എന്നിവ ലക്ഷ്യമിട്ടുള്ള നയം.
തുറമുഖ വികസനം: ചരക്കുനീക്കം, കപ്പൽ നിർമ്മാണം, ലോജിസ്റ്റിക്സ് എന്നിവ മെച്ചപ്പെടുത്തൽ.
മാരിടൈം ടൂറിസം: കടൽത്തീര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കൽ.നിയമങ്ങളും സുരക്ഷയും: കടൽ യാത്രകളുടെ സുരക്ഷയും അന്താരാഷ്ട്ര നിയമങ്ങളും പാലിക്കൽ)
തുറമുഖ നഗരമായി യായി വിഭാവനം ചെയ്ത റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാതകൾ, നിർമ്മാണ മേഖലകൾ, ഗ്രീൻഫീൽഡ് സിറ്റി, എന്നിവയെല്ലാം ബന്ധിപ്പിച്ചുകൊണ്ടുള്ള സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റും. വിഴിഞ്ഞം ട്രാൻസ്ഷിപ്മെൻ്റ് ടെർമിനലിനെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ബാലരാമപുരം വിഴിഞ്ഞം ഭൂഗർഭ റയിൽ, വിഴിഞ്ഞം- നാവായിക്കുളം ഔട്ടർ റിംഗ് റോഡ് എന്നീ പദ്ധതികൾക്കായുള്ള സ്ഥലമേറ്റെടുക്കലും അടിയന്തരമായി നടപ്പിലാക്കും.വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് ചുറ്റും നിർമ്മാണ മേഖലകൾ, സ്റ്റഫിങ് സെൻ്ററുകൾ, ഡ്രൈ പോർട്ട് എന്നിവ ആരംഭിക്കും. ആഗോള ഷിപ്പിംഗ് വ്യവസായം ഹരിത ഇന്ധനങ്ങളിലേക്ക് മാറിയ അവസരം പ്രയോജനപ്പെടുത്തി, ഗ്രീൻ ബങ്കറിംഗ് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയർത്തും. മദർഷിപ്പ് നിർമ്മാണം, അവയുടെ അറ്റകുറ്റപ്പണി എന്നിവ ലക്ഷ്യമാക്കി കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കും. ഇതിനായി ആവശ്യമായ സ്ഥലം ഏറ്റെടുത്ത് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കും. തൊഴിലവസരങ്ങളിൽ തീരപ്രദേശത്ത് ജീവിക്കുന്ന സാധാരണക്കാർക്ക് സംവരണം നൽകും.സംസ്ഥാനത്തെ നിർണ്ണായകമായ നാല് പ്രധാന നോൺ മേജർ തുറമുഖങ്ങളായ വിഴിഞ്ഞം - കോവളം, കൊല്ലം, ബേപ്പൂർ, അഴിക്കൽ എന്നിവയുടെ വികസനത്തിനായും, കടൽ വഴിയുള്ള ചരക്ക് ഗതാഗതത്തിനും മറ്റ് തുറമുഖ അധിഷ്ഠിത വ്യവസായങ്ങൾക്കും ലോജിസ്റ്റിക്സ്, കപ്പൽ അനുബന്ധ പ്രവർത്തനങ്ങൾക്കും മറ്റ് 13 നോൺ മേജർ തുറമുഖങ്ങളിലെ തുറമുഖ ഭൂമികൾ, കെട്ടിടങ്ങൾ, മറ്റ് ആസ്തികൾ പ്രയോജനപ്പെടുത്തി സ്വകാര്യ പങ്കാളിത്തത്തോടെ മാരിടൈം ടൂറിസം, ലോജിസ്റ്റിക്സ്, മാരിടൈം വ്യവസായം, മാരിടൈം നിയമ വിദ്യാഭ്യാസം, മാരിടൈം മ്യൂസിയം എന്നിവ ഉൾപ്പെടുന്ന കേരള മാരിടൈം പോളിസിയാണ് രൂപീകരിക്കുന്നത്.വൻകിട- ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ച് ഘട്ടംഘട്ടമായി ജലഗതാഗത സംവിധാനം വികസിപ്പിക്കും. ആദ്യഘട്ടത്തിൽ കാര്യക്ഷമമായ ചരക്ക് ഗതാഗതവും തുടർന്ന് യാത്രാ സേവനങ്ങളും അവസാനഘട്ടത്തിൽ ജലാശയങ്ങളെ ബന്ധിപ്പിച്ച് ഏകീകൃത നെറ്റ് വർക്ക് സ്ഥാപിക്കും.
മാരിടൈം ചരിത്ര സൂക്ഷിപ്പിന് 50 കോടിരൂപ
പുരാതന തുറമുഖമായ മുസിരിസ് മുതൽ ബേപ്പൂർ ഉരുനിർമ്മാതാക്കൾ വരെയും കൊല്ലം ട്രേഡ്റൂട്ട് മുതൽ ആധുനിക കാലത്തെ വിഴിഞ്ഞം ആഴക്കടൽ തുറമുഖം വരെയും കേരളത്തിന് മാരിടൈം ചരിത്രത്തിൽ കേന്ദ്രസ്ഥാനമുണ്ട്. പൈതൃകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും കേരളത്തിൻ്റെ സമുദ്രയാത്രാ ചരിത്രം, കപ്പൽ നിർമ്മാണ പാരമ്പര്യം, വാണിജ്യപൈതൃകം, കടൽമേഖലാ ജീവിത സംസ്കാരം എന്നിവയെ ഒരുമിപ്പിക്കുന്ന ഒരു അന്തർദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും. സംവേദനാത്മക പ്രദർശനങ്ങൾ, പൗരാണിക രേഖകളുടെ ശേഖരങ്ങൾ, ഗവേഷണ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന കേരള മാരിടൈം ടൂറിസത്തിന്റെ അടിത്തറയായിരിക്കും ഇത്. കേരളത്തെ മാരിടൈം ലോജിസ്റ്റിക്സ് ഹബ്ബായി മാറ്റാനും മ്യൂസിയം നിർമ്മിക്കാനും 50 കോടി രൂപ വകയിരുത്തി.