കേരള ബജറ്റ് 2026; ജനപ്രിയ പ്രഖ്യാപനങ്ങള്‍ കാത്ത് കേരളം

കേരള  ബജറ്റ് 2026; ജനപ്രിയ പ്രഖ്യാപനങ്ങള്‍ കാത്ത് കേരളം

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം ആരംഭിക്കുക. ധനമന്ത്രി കെഎൻ ബാലഗോപാലിൻ്റെ ആറാമത്തെയും സർക്കാരിൻ്റെ പന്ത്രണ്ടാമത്തെയും ബജറ്റാണിത്.സർക്കാർ ജീവനക്കാർ ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറുന്ന സുപ്രധാന പ്രഖ്യാപനം ബജറ്റിലുണ്ടാകുമെന്നാണ് സൂചന. വികസനത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ടുള്ളതാകും ഇത്തവണത്തെ ബജറ്റ്. സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനാകും സര്‍ക്കാര്‍ ബജറ്റില്‍ ഏറെ മൂന്‍തൂക്കം നല്‍കുകയെന്നും സൂചനയുണ്ട്.

അതിവേഗ പാതയും വിഴിഞ്ഞം രാജ്യാന്തര തുറമുഖം അടിസ്ഥാനമാക്കിയുള്ള അനുബന്ധ വികസന പദ്ധതികളും ബജറ്റ് പരിഗണനയിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. പുതിയ കാലത്തിനനുസരിച്ച് കേരളത്തെ മാറ്റാനുള്ള നൂതന പദ്ധതികളും ബജറ്റിൽ ഇടംപിടിച്ചേക്കും. സാമ്പത്തിക അച്ചടക്കം പാലിച്ചും കേരളം ഉയർന്ന ജിഎസ്ഡിപി കൈവരിച്ചതായി സംസ്ഥാനത്തിൻ്റെ സാമ്പത്തികനിലയെക്കുറിച്ചുള്ള ആസൂത്രണ ബോർഡിൻ്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ സാമ്പത്തിക ഉണർവ് ബജറ്റിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. യാഥാർഥ്യത്തിലൂന്നിനിന്നുള്ള ബജറ്റാണ് അവതരിപ്പിക്കുകയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്.

    •  മുണ്ടക്കൈ-ചൂരൽമല മേഖലയിലെ പുനരധിവാസത്തിനായി ഒരു വൻകിട പ്രത്യേക പാക്കേജ് ഈ ബജറ്റിൽ വകയിരുത്താൻ സാധ്യതയുണ്ട്.
    •  സപ്ലൈകോ വഴി കൂടുതൽ സബ്‌സിഡികളും വിപണി ഇടപെടലിനായി പ്രത്യേക ഫണ്ടും സർക്കാർ നീക്കിവെച്ചേക്കും.
    • വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമാകുന്നതോടെ, അതിനോട് അനുബന്ധിച്ചുള്ള വ്യവസായ ഇടനാഴികൾക്കും ലോജിസ്റ്റിക് പാർക്കുകൾക്കും വലിയ തുക അനുവദിക്കുമെന്ന് കരുതപ്പെടുന്നു.
  • റബ്ബർ കർഷകർക്കുള്ള സബ്‌സിഡി വർദ്ധിപ്പിക്കുക, പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികൾക്ക് ഊന്നൽ നൽകുക എന്നിവയും പ്രധാന പ്രതീക്ഷകളാണ്.

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള 'ജനപ്രിയ ബജറ്റ്' ആയിരിക്കും ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.