എസ്ഐആറിനെതിരെ ഒന്നിക്കാൻ ആഹ്വാനം ചെയ്‌ത്‌ കേരള മുഖ്യമന്ത്രി

എസ്ഐആറിനെതിരെ ഒന്നിക്കാൻ ആഹ്വാനം ചെയ്‌ത്‌ കേരള മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ) നടപ്പാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലുള്ള വോട്ടർപട്ടികയ്ക്ക് പകരം, 2002-2004 കാലഘട്ടത്തിലെ പട്ടികയുടെ അടിസ്ഥാനത്തിൽ തീവ്ര പരിഷ്കരണം നടത്താനാണ് കമ്മിഷൻ ഒരുങ്ങുന്നത്. എന്നാൽ, 1950ലെ ജനപ്രാതിനിധ്യ നിയമവും 1960ലെ വോട്ടർ റജിസ്‌ട്രേഷൻ ചട്ടവും അനുസരിച്ച് നിലവിലെ പട്ടികയെ അടിസ്ഥാനമാക്കിയാണ് വോട്ടർപട്ടിക പുതുക്കേണ്ടതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.രണ്ടാം ഘട്ട എസ്ഐആർ പ്രക്രിയക്കെതിരെ ജനാധിപത്യം സംരക്ഷിക്കാൻ താത്പര്യപ്പെടുന്ന എല്ലാവരും യോജിച്ച് പ്രതികരിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർ തന്നെ അറിയിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനു ശേഷവും എസ്ഐആർ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നിർബന്ധം സംശയങ്ങൾക്കിടയാക്കുന്നുണ്ട്. 2024ലെ വോട്ടർ ദിന സന്ദേശം "വോട്ടിങ്ങിനെപ്പോലെ മറ്റൊന്നുമില്ല, ഞാൻ ഉറപ്പായും വോട്ട് ചെയ്യും" എന്നതായിരുന്നു. എന്നാൽ ഈ സന്ദേശം പ്രചരിപ്പിച്ചവർ തന്നെയാണ് ബിഹാറിൽ 65 ലക്ഷം പേരെ വോട്ടർപട്ടികയിൽനിന്ന് നീക്കിയത്.ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാർക്ക് ഉറപ്പുനൽകുന്ന സാർവത്രിക വോട്ടവകാശത്തിൻ്റെ പൂർണമായ ലംഘനമാണ് ബിഹാറിൽ നടന്നതും, ഇനി രണ്ടാം ഘട്ടത്തിലേക്ക് വ്യാപിപ്പിക്കാൻ പോകുന്നതുമായ എസ്ഐആർ പ്രക്രിയ. പൗരൻ്റെ മൗലികാവകാശമായ സമ്മതിദാനം രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാൻ സാധിക്കുന്ന ഒന്നല്ല. ദേശീയ പൗരത്വ രജിസ്റ്ററിൻ്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണ് എസ്ഐആർ പ്രക്രിയ വഴി ഉദ്ദേശിക്കുന്നത് എന്ന ആശങ്ക കൂടുതൽ ശക്തമാകുകയാണിവിടെ. തങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വോട്ടർപട്ടിക പുതുക്കാനുള്ള നീക്കമാണ് എസ്ഐആറിലൂടെ കേന്ദ്ര ഭരണാധികാരികൾ നടത്തുന്നതെന്ന വിമർശനം നിഷേധിക്കപ്പെട്ടിട്ടില്ല എന്നതും ഇവിടെ പ്രസക്തമാണെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

ബിഹാർ എസ്ഐആറിൻ്റെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെത്തന്നെ ഇതേ പ്രക്രിയ മറ്റ് സംസ്ഥാനങ്ങളിലേക്കും കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്കളങ്കമായി കാണാൻ കഴിയില്ല. ദീർഘകാല തയ്യാറെടുപ്പും കൂടിയാലോചനകളും ആവശ്യമായ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന തിടുക്കത്തിൽ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണ് എന്നതിൽ സംശയമില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളിൽനിന്ന് കമ്മിഷൻ പിന്തിരിയണം. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ കളിപ്പാവയാകാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ പോലുള്ള സ്ഥാപനങ്ങളെ അനുവദിക്കരുത്.