ഡിറ്റ് വാ' ദുരന്തം ; കൊളംബോ വിമാനത്താവളത്തിൽ കുടുങ്ങിഇന്ത്യക്കാർ, വിദേശകാര്യ മന്ത്രിയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി

ഡിറ്റ് വാ' ദുരന്തം ; കൊളംബോ വിമാനത്താവളത്തിൽ കുടുങ്ങിഇന്ത്യക്കാർ, വിദേശകാര്യ മന്ത്രിയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി

തിരുവനന്തപുരം: ''ഡിറ്റ് വാ'ചുഴലിക്കാറ്റിന്റെ കെടുതികളിൽ പെട്ട് കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പടെയുള്ളവരെ സഹായിക്കാനാവശ്യപ്പെട്ട്  കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്‌ കേരളമുഖ്യമന്ത്രി പിണറായി വിജയൻ  കത്ത് നൽകി. കൊളംബോ എയർപോർട്ടിൽ അറുപതോളം മലയാളികൾ കുടുങ്ങിക്കിടക്കുകയാണെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.സൗദിയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട മലയാളികളടക്കമുള്ളവർ ചുഴലിക്കാറ്റിൽ വിമാനത്താവളത്തിൽ കുടുങ്ങിപ്പോയതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ഇടപെടൽ.

. ചുഴലിക്കാറ്റില്‍ കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രാ തടസങ്ങള്‍ ഉണ്ടായതായും 300 ഓളം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായും കത്തിൽ പറയുന്നു. അവരിൽ ഭൂരിഭഗം പേരും മലയാളികളാണെന്നും കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നുണ്ട്.കഴിഞ്ഞ മൂന്ന് ദിവസമായി മതിയായ ഭക്ഷണമോ വെള്ളമോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ഇന്ത്യൻ യാത്രക്കാർ അവിടെ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. നാട്ടിലേക്ക് മടങ്ങുന്നതിനും വിദേശത്തേക്ക് പോകുന്നതിനുമായി നിരവധി യാത്രക്കാർ കൊളംബോയിൽ ഉണ്ട്. നിലവിൽ അവർ പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

"കുടുങ്ങിക്കിടക്കുന്ന ആളുകളുടെ അവസ്ഥയിൽ ഞങ്ങൾക്ക് വളരെയധികം ആശങ്കയുണ്ട്. ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ കേരള സർക്കാർ തയാറാണ്, കേന്ദ്ര സർക്കാരിൻ്റെ അടിയന്തര പ്രതികരണത്തിനും നടപടിക്കും വേണ്ടി കാത്തിരിക്കുന്നു," കത്തിൽ പറയുന്നു.

സമീപ വർഷങ്ങളിലെ ഏറ്റവും വലിയ കാലാവസ്ഥാ ദുരന്തങ്ങളിൽ ഒന്നാണ് ശ്രീലങ്കയിൽ സംഭവിച്ചത്. ചുഴലിക്കാറ്റിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതിനോടകം തന്നെ 159 പേർ മരിച്ചതായാണ് റിപ്പോർട്ട്. 130 പേരെ കാണാതായതായി. 700 ലധികം വീടുകൾ തകർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. അമ്പതിനായിരത്തോളം പേരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.മരണവും അപകടങ്ങളും സംഭവിച്ചതിന് പുറമെ കൃഷിയിടങ്ങളിലും കനത്ത നാശനഷ്‌ടമാണ് സംഭവിച്ചത്. അതേസമയം രക്ഷാദൗത്യത്തിന് പിന്തുണ നൽകിയ ഇന്ത്യയ്‌ക്ക് ശ്രീലങ്കൻ സർക്കാരും പ്രതിപക്ഷ പാർട്ടികളും നന്ദി പറഞ്ഞു. ശ്രീലങ്കൻ ക്രിക്കറ്റ് താരം അസലങ്കയും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നിട്ടുണ്ട്.

ഡിറ്റ് വാ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെ വിവധ ജില്ലകളിലും മഴ തുടങ്ങി. ഇൻഡിഗോ ചെന്നൈയിൽ നിന്ന് മാത്രം 36 വിമാനങ്ങളാണ് റദ്ദാക്കിയത്. രാമേശ്വരത്ത് നിന്നുള്ള ഒരു ട്രെയിൻ പൂർണമായി റദ്ദാക്കി. മറ്റു 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.14 ജില്ലകളിൽ എൻഡിആർഎഫ്, എസ്‌ഡിആർഎഫ് സംഘങ്ങൾ രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഇന്നലെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. തീരദേശ ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. ശ്രീലങ്കയുടെ കിഴക്കൻ തീരത്ത് നിന്ന് ചുഴലിക്കാറ്റ് നീങ്ങുന്നതോടെ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് ചുഴിക്കാറ്റ് വടക്കൻ തീരത്തേയ്‌ക്ക് നീങ്ങുമെന്നും സൂചനയുണ്ട്.

ശ്രീലങ്കയിൽ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാര്‍ക്കായി കൊളംബോ ബണ്ഡാരനായക അന്താരാഷ്ട്ര വിമാനത്താവളത്തിൽ  ഇന്ത്യന്‍ ഹൈക്കമീഷന്‍ ഒരുക്കിയ അടിയന്തര ഹെൽപ്പ് ഡെസ്‌കില്‍ ബന്ധപ്പെടാമെന്ന്‌ നോർക്കഅറിയിച്ചിരുന്നു .അറിയിച്ചിരുന്നു. ശ്രീലങ്കയിലെ ഏതെങ്കിലും വിമാനത്താവളത്തിലോ മറ്റേതെങ്കിലും ഭാഗത്തോ സഹായം ആവശ്യമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായത്തിനായി +94 773727832 (വാട്ട്സ്ആപ്പിലും ലഭ്യമാണ്) എന്ന നമ്പരിൽ ബന്ധപെടാവുന്നതാണ്.