കേരളത്തിന് എയിംസ് ഇല്ല! : നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ എയിംസ് (AIIMS) സ്ഥാപിക്കാനുള്ള നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാദവ്. കോൺഗ്രസ് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം സംസ്ഥാനത്ത് കൊടുമ്പിരി കൊള്ളുന്നതിനിടെ കേന്ദ്രമന്ത്രിയുടെ രേഖാമൂലമുള്ള മറുപടി കോൺഗ്രസും സിപിഎമ്മും ചർച്ചാവിഷയമാക്കിയേക്കും.
2016-ൽ കോഴിക്കോട് കിനാലൂർ, തിരുവനന്തപുരം കാട്ടാക്കട, കോട്ടയം, എറണാകുളം എന്നിവിടങ്ങൾ ഉൾപ്പെടുത്തി എയിംസ് സ്ഥാപിക്കാൻ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും, 2025-ൽ കോഴിക്കോട് കിനാലൂരിൽ ഭൂമി കണ്ടെത്തിയതായി അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി മറുപടിയിൽ സൂചിപ്പിച്ചു. എന്നിരുന്നാലും, ഈ നിർദ്ദേശങ്ങൾക്ക് ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്ന് മറുപടിയിൽ വ്യക്തമാക്കുന്നു.കഴിഞ്ഞ കുറേക്കാലമായി എയിംസ് കേരളത്തിൽ പ്രധാന ചർച്ചാവിഷയമാണ്. കേരളത്തിന് എയിംസ് ലഭിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പലതവണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ കേന്ദ്രബജറ്റിൽ എയിംസ് പ്രഖ്യാപനം ഉണ്ടാകുമെന്ന് കേരളത്തിലെ ബിജെപി നേതൃത്വവും കരുതിയിരുന്നു. എന്നാൽ, കേരളത്തിന് കാര്യമായ പരിഗണന ബജറ്റിലുണ്ടായില്ലെന്ന വിമർശനം പല കോണുകളിൽ നിന്നുമുയർന്നു. തുടർന്ന് പ്രധാനമന്ത്രി കേരളത്തിലെത്തിയ വേളയിലും വലിയ പ്രഖ്യാപനങ്ങൾക്കായി ബിജെപി നേതൃത്വം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.എയിംസ് വൈകുന്നതിനെ വിമർശിച്ച ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ രൂക്ഷമായ ഭാഷയിലാണ് സുരേഷ് ഗോപി പ്രതികരിച്ചത്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലും കേരളത്തിന്‍റെ ദീർഘകാല ആവശ്യമായ എയിംസിനെ തഴഞ്ഞ കേന്ദ്രസർക്കാരിനെതിരെ രാഷ്ട്രീയ വിമർശനങ്ങൾ ശക്തമായിരുന്നു. നിലവിലെ സാഹചര്യത്തിൽ കേന്ദ്രമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയേക്കും.
ഇതിനിടെ, കേരളത്തിന് എയിംസ് അനുവദിക്കാത്തത് ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുള്ള ഹർജിയിൽ മറുപടി നൽകാൻ കേന്ദ്രസർക്കാർ വീണ്ടും സാവകാശം തേടി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 22 പുതിയ എയിംസുകൾ അനുവദിച്ചപ്പോൾ കേരളത്തെ മാത്രം ഒഴിവാക്കാൻ സ്വീകരിച്ച മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ സാമ്പത്തിക വർഷാവസാനമായതിനാൽ ധനകാര്യ മന്ത്രാലയത്തിൽ നിന്ന് ആവശ്യമായ വിശദീകരണം ലഭിച്ചില്ലെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഇത് പരിഗണിച്ച കോടതി, മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഏപ്രിൽ 10 വരെ കേന്ദ്രത്തിന് സമയം അനുവദിച്ചു. അതേസമയം, കേന്ദ്രസർക്കാർ മനഃപൂർവ്വം സമയം നീട്ടി ചോദിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മറുപടി നൽകാതിരിക്കാനാണ് ഈ നീക്കമെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് വ്യക്തമായ മറുപടി ഉണ്ടാകാത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഏപ്രിൽ പത്തിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കേന്ദ്രത്തിന്‍റെ വിശദീകരണം നിർണ്ണായകമാകും.