എസ്ഐആറിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ കേരള സർക്കാർ;

എസ്ഐആറിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ കേരള സർക്കാർ;

തിരുവനന്തപുരം: തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആർ) കേരള സർക്കാർ സുപ്രീം കോടതിയെ സമീപിക്കും . മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം.  ഭാരതീയ ജനതാ പാർട്ടി (ബിജെപി)തീരുമാനത്തെ  ശക്തമായി എതിർത്തു.കേരളത്തിൽ നടപ്പാക്കുന്ന എസ്ഐആർ നിയമപരമായി ചോദ്യം ചെയ്യാനാണ് സർവകക്ഷി യോഗത്തിൽ തീരുമാനം എടുത്തത്. സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യത്തിൽ നിയമോപദേശം തേടും. സർക്കാരിൻ്റെ ഈ നീക്കത്തെ യോഗത്തിൽ പങ്കെടുത്ത ബിജെപി ഒഴികെയുള്ള എല്ലാ കക്ഷികളും പൂർണമായും പിന്തുണച്ചു.

 കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് നിലവിലുണ്ടായിരുന്ന പുതുക്കിയ വോട്ടർപട്ടിക ഒഴിവാക്കി 2002ലെ പട്ടിക അടിസ്ഥാനമാക്കി തീവ്രവോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ നിലപാടും രാഷ്ട്രീയ പാർട്ടികളുടെ ആശങ്കകളും:  2002ലെ തെരഞ്ഞെടുപ്പ് പട്ടിക ആധാരമാക്കി വോട്ടർ പട്ടിക പരിഷ്കരിക്കുന്നത് നിരവധി പ്രയാസങ്ങളുണ്ടാക്കുമെന്ന ആശങ്കയും രാഷ്ട്രീയ പാർട്ടികൾ പങ്കുവെച്ചു. എസ്ഐആർ പ്രത്യേക ഉദ്ദേശത്തോടെ നടപ്പാക്കുന്നതാണെന്ന ഉത്കണ്ഠയും നേതാക്കൾ പ്രകടിപ്പിച്ചു.  നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആശങ്കകളോട് പൂർണമായും യോജിക്കുന്നതായി  പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു .സർക്കാർ കോടതിയിൽ പോയാൽ കക്ഷി ചേരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ തന്നെ യോഗത്തിൽ അറിയിച്ചിരുന്നു. 

സർവകക്ഷിയോഗത്തിൽ പങ്കെടുത്തവർ : യോഗത്തിൽ പി സി വിഷ്ണുനാഥ് (കോൺഗ്രസ് ഐ), സത്യൻ മൊകേരി (സിപിഐ), പി കെ കുഞ്ഞാലിക്കുട്ടി (ഐയുഎംഎൽ), സ്റ്റീഫൻ ജോർജ് (കേരള കോൺഗ്രസ് എം), പി ജെ ജോസഫ് (കേരള കോൺഗ്രസ്), മാത്യു ടി തോമസ് (ജനതാദൾ സെക്യുലർ), തോമസ് കെ തോമസ് (എൻസിപി), ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ് എസ്), കെ ജി പ്രേംജിത്ത് (കേരള കോൺഗ്രസ് ബി), അഡ്വ. ഷാജ ജി എസ് പണിക്കർ (ആർഎസ്പി ലെനിനിസ്റ്റ്), കെ ആർ ഗിരിജൻ (കേരള കോൺഗ്രസ് ജേക്കബ്), കെ സുരേന്ദ്രൻ (ബിജെപി), എൻ കെ പ്രേമചന്ദ്രൻ (ആർഎസ്പി), അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ), ആൻറണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവർ സംസാരിച്ചു.