കേരള നിയയമസഭാ തെരഞ്ഞെടുപ്പ് -2026: വിധിയെഴുത്തിനായി ജനം പോളിങ് ബൂത്തിലേയ്ക്ക്

കേരളം : സംസ്ഥാനത്ത് ഭരണമാറ്റംവേണോ ഭരണത്തുടർച്ചവേണോ എന്ന കാര്യത്തിൽ ജനം ഇന്നൊരു തീരുമാനത്തിലെത്തും.നിയമസഭാതെരഞ്ഞെടുപ്പിലേക്കുള്ള വിധിയെഴുത്ത് സംസ്ഥാനത്ത് രാവിലെ ഏഴ് മണി മുതൽ ആരംഭിച്ചു . വൈകിട്ട് ആറു വരെയാണ് പോളിങ്. പുതിയ സർക്കാരിനെ തെരഞ്ഞെടുക്കാൻ രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടർമാരാണ് ബൂത്തിലേക്ക് എത്തുന്നത്.സംസ്ഥാനത്താകെ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളാണുള്ളത്.1.46 ലക്ഷം പോളിങ് ഉദ്യോഗസ്ഥർക്കാണ് തെരഞ്ഞെടുപ്പ് ചുമതലയുള്ളത്.
സംസ്ഥാനത്തെ രാഷ്ട്രീയചൂടിലാക്കിയ 23 ദിവസത്തെ പ്രചാരണത്തിന് ശേഷമാണ് വോട്ടർമാർ വിധിയെഴുതുന്നത്. 883 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പ് ഗോദയിലുള്ളത്. മുന്നണികളെല്ലാം വലിയ പ്രതീക്ഷയിലാണ്. ആകെ 30,495 ബൂത്തുകളിൽ 2040 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. പ്രശ്നബാധിത ബൂത്തുകളുടെ സുരക്ഷാചുമതല 160 കമ്പനി കേന്ദ്രസേനയ്ക്കാണ്.ഇതിന് പുറമെ പൊലീസും സ്പെഷ്യൽ പൊലീസും ഉൾപ്പെടെ 76,000 പേരെയാണ് സുരക്ഷയ്ക്കായി സംസ്ഥാനത്ത് നിയോഗിച്ചിട്ടുള്ളത്. പ്രശ്നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. രാവിലെ ആറിന് മോക്ക് പോൾ നടക്കും. സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെ സാന്നിധ്യത്തിലാണ് മോക്ക് പോൾ നടപടികൾ പൂർത്തിയാക്കുക. കൃത്യം ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിക്കും.
കാഴ്ചപരിമിതിയുള്ളവർക്കും ഭിന്നശേഷിക്കാർക്കും വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യങ്ങളുണ്ട്. വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം. സമ്മതിദാനാവകാശം വിനിയോഗിക്കാൻ പരമാവധി ആളുകൾ എത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ അഭ്യർഥന. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും റാമ്പ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ബൂത്തുകളിൽ ഉറപ്പാക്കിയിട്ടുണ്ട്.പോളിങ് ശതമാനം വർധിപ്പിക്കുക ലക്ഷ്യമിട്ട് വ്യാപകമായ ബോധവത്കരണ പരിപാടികളും തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. വനിതകൾക്കും പ്രായമായവർക്കും വരിനിൽക്കാതെ വോട്ട് ചെയ്യാനുള്ള പ്രത്യേക ക്രമീകരണങ്ങൾ ചില ബൂത്തുകളിൽ ഒരുക്കിയിട്ടുണ്ട്. കൊടും ചൂട് കണക്കിലെടുത്ത് വോട്ടർമാർക്ക് കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങളും അതത് കേന്ദ്രങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്.