തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വിഴിഞ്ഞം തിരിച്ചുപിടിച്ച് യുഡിഎഫ്; ഓണക്കൂറിൽ എൽഡിഎഫ് , പായിംപാടത്ത് ലീഗ്

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വിഴിഞ്ഞം തിരിച്ചുപിടിച്ച് യുഡിഎഫ്; ഓണക്കൂറിൽ എൽഡിഎഫ് , പായിംപാടത്ത് ലീഗ്

തിരുവനന്തപുരം/എറണാകുളം: സ്ഥാനാർഥികളുടെ നിര്യാണത്തെത്തുടർന്ന് മാറ്റിവെച്ച സംസ്ഥാനത്തെ വിവിധ തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. രാഷ്ട്രീയ ഉറ്റുനോക്കിയ വിഴിഞ്ഞം വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് തിരിച്ചുപിടിച്ചപ്പോൾ, എറണാകുളം ഓണക്കൂറിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. മലപ്പുറം പായിംപാടത്ത് യുഡിഎഫിന് മികച്ച വിജയമാണ് ലഭിച്ചത്.

വിഴിഞ്ഞത്ത് എൽഡിഎഫിൽ നിന്നും പിടിച്ചെടുത്ത 'കൈ'കരുത്തുമായി യുഡിഎഫ് 

തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ യുഡിഎഫ് സ്ഥാനാർഥി കെ എച്ച് സുധീർ ഖാൻ വിജയിച്ചു. എൽഡിഎഫിൻ്റെ കൈവശമിരുന്ന സീറ്റ് 83 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് പിടിച്ചെടുത്തത്. 2902 വോട്ടാണ് സുധീര്‍ഖാന് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ നൗഷാദിന് 2819 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി സര്‍വശക്തിപുരം ബിനുവിന് 2437 വോട്ടും ലഭിച്ചു.എൽഡിഎഫ് വിമതനായി മത്സരിച്ച എൻ എ റഷീദ് 118 വോട്ട് നേടിയത് ഇടതുകോട്ടയ്ക്ക് വിള്ളലുണ്ടാക്കി. യുഡിഎഫ് വിമതൻ ഹിസാൻ ഹുസൈൻ 494 വോട്ടുകളും നേടി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിക്ക് ഇവിടെ 65 വോട്ടുകൾ ലഭിച്ചു. ഈ വിജയത്തോടെ തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫിൻ്റെ അംഗസംഖ്യ 20 ആയി ഉയർന്നു.

ഓണക്കൂർ നിലനിർത്തി എൽഡിഎഫ്

എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ (പത്താം വാർഡ്) വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് തകർപ്പൻ വിജയം നേടി. സിപിഎമ്മിലെ സി ബി രാജീവ് 221 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വാർഡ് നിലനിർത്തിയത്. ഇതോടെ 15 അംഗ ഭരണസമിതിയിൽ യു ഡി എഫ് 9, എൽ ഡി എഫ് 5, സ്വതന്ത്ര മുന്നണി ഒന്ന് എന്നതാണ് ഇപ്പോഴത്തെ കക്ഷി നില.

നിലവിൽ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണത്തെ തെരഞ്ഞെടുപ്പ് ഫലം ബാധിക്കില്ലങ്കിലും സിറ്റിങ് സീറ്റ് നിലനിർത്താനായതിൻ്റെ ആശ്വാസത്തിലാണ് ഇടതുമുന്നണി. സി ബി രാജീവ് 558 വോട്ടുകൾ നേടിയപ്പോൾ എതിർ സ്ഥാനാർഥി യുഡിഎഫിലെ ജോസ് ടി പി തെളിയാമ്മേൽ 337 വോട്ടുകളാണ് നേടിയത്. എൻഡിഎ സ്ഥാനാർഥി ശ്രീകാന്ത് -34, സ്വതന്ത്ര സ്ഥാനാർഥി പൗലോസ് -35 വോട്ടുകളും നേടി. യുഡിഎഫ് സ്ഥാനാർഥി മരിച്ചതിനെത്തുടർന്നാണ് പാമ്പാക്കുട പഞ്ചായത്ത്‌ പത്താം വാർഡ് ഓണക്കൂർ തെരഞ്ഞെടുപ്പ് മാറ്റി വച്ചത്.തിങ്കളാഴ്ച നടന്ന ഉപ തെരഞ്ഞെടുപ്പിൽ 81.74 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 1183 വോട്ടർമാരിൽ 965 പേർ വോട്ട് രേഖപ്പെടുത്തി. 487 പുരുഷ വോട്ടർമാരും 478 സ്ത്രീ വോട്ടർമാരുമാണ് വോട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് ദിവസമായ ഡിസംബർ ഒമ്പതിന്‌ പുലർച്ചെയാണ്‌ യുഡിഎഫ് സ്ഥാനാർഥി സി എസ് ബാബു മരിച്ചത്. ​

പായിംപാടത്ത് ലീഗിന് തകർപ്പൻ ജയം

മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി (മുസ്ലിം ലീഗ്) സുബൈദ മികച്ച വിജയം സ്വന്തമാക്കി. 222 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സുബൈദ ജയിച്ചുകയറിയത്. സുബൈദക്ക് 501 വോട്ടും സ്വതന്ത്ര സ്ഥാനാർഥിക്ക് 279 വോട്ടുകളും ലഭിച്ചു. ബിജെപി സ്ഥാനാർഥിക്ക് ആകെ 14 വോട്ടുകളാണ് ഇവിടെ ലഭിച്ചത്.