കേരള പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 62.01% വിജയo

തിരുവനന്തപുരം: 2026 മാർച്ചിൽ നടന്ന ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചെങ്കിലും ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാകാൻ വൈകുന്നു. ദേശീയ തലത്തിൽ സർക്കാർ വെബ്‌സൈറ്റുകൾക്ക് നേരെയുണ്ടായ വ്യാപക സൈബർ ആക്രമണത്തെത്തുടർന്നാണ് കേരളത്തിലെ പരീക്ഷാ ഫല പോർട്ടലുകളും സാങ്കേതിക തടസ്സം നേരിടുന്നത്.നിലവിൽ വെബ്‌സൈറ്റുകളിൽ സുരക്ഷാ പരിശോധനകൾ നടക്കുകയാണെന്നും, വിശദമായ ഫലം ലഭ്യമാകാൻ സമയമെടുക്കുമെന്നും അധികൃതർ അറിയിച്ചു. മുൻപ് പ്രഖ്യാപിച്ചത് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് തന്നെ ഫലം ഔദ്യോഗികമായി പുറത്തുവിടുമെന്നായിരുന്നു.ഇത്തവണ പരീക്ഷ എഴുതിയ ആകെ 4,10,190 വിദ്യാർത്ഥികളിൽ 4,04,722 പേരുടെ ഫലമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. ഇതിൽ 2,50,981 വിദ്യാർത്ഥികൾ 30 ശതമാനത്തിലധികം മാർക്ക് നേടി വിജയം വരിച്ചു. 62.01 ശതമാനമാണ് ഈ വർഷത്തെ ആകെ വിജയശതമാനം. കഴിഞ്ഞ വർഷത്തെ വിജയശതമാനമായ 60.76%-നെക്കാൾ നേരിയ വർധനവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. സൈബർ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്ന മുറയ്ക്ക് വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാനാകും.