12 മണിക്കൂർ, 300 കോടിയുടെ സൈബർ തട്ടിപ്പ് കണ്ടെത്തി കേരളാ പോലീസ്

എറണാകുളം : ഓപ്പറേഷൻ സൈ-ഹണ്ടിന്‍റെ ഭാഗമായി കേരള പൊലീസ് സംസ്ഥാനവ്യാപകമായി പന്ത്രണ്ട് മണിക്കൂർ നടത്തിയ റെയ്ഡിൽ മുന്നൂറ് കോടിയിലധികം രൂപയുടെ സൈബർ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി.ഇതുമായി ബന്ധപ്പെട്ട് 382 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതായി എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. 263 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 125 പേർക്ക് നോട്ടീസ് നൽകി. സംസ്ഥാനവ്യാപകമായി സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനും സൈബർ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുമായിരുന്നു 'ഓപ്പറേഷൻ സൈ-ഹണ്ട്' എന്ന് അദ്ദേഹം വിശദീകരിച്ചു.ഇതിൽ ഏറ്റവും കൂടുതൽ സാമ്പത്തിക തട്ടിപ്പ് നടന്നത് ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിലാണ്. 34.5 ശതമാനം ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകളാണ് നടന്നത്. 33 ശതമാനം തൊഴിൽ തട്ടിപ്പുകളും ആണ് നടന്നത്. നിക്ഷേപ തട്ടിപ്പ് 6.5 ശതമാനവും ലോൺ ആപ്പ് തട്ടിപ്പ് 6.2 ശതമാനവും ആണ്. ഇരകൾക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നിയമനടപടികൾ ദ്രുതഗതിയിലാക്കുന്നതിനായി കേരള പോലീസ് നടപ്പിലാക്കിയ പദ്ധതിയാണ് ഓപ്പറേഷൻ സൈ-ഹണ്ട്.ഇന്നലെ രാവിലെ ആറുമണി മുതൽ കേരള പൊലീസ് സൈബർ ഓപ്പറേഷന്‍റെയും റേഞ്ച് ഡി.ഐ.ജി.മാരുടെയും ജില്ലാ പൊലീസ് മേധാവിമാരുടെയും മേൽനോട്ടത്തിൽ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും വ്യാപകമായി റെയ്‌ഡുകൾ നടന്നിരുന്നു . കേരളത്തിനകത്തും പുറത്തുനിന്നുള്ളവർ സൈബർ തട്ടിപ്പിന് ഇരയായിട്ടുണ്ട്.എന്നാൽ പ്രതികളിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണ്. സൈബർ ക്രൈം പോർട്ടലിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടന്നത്. 2683 ചെക്ക് വഴിയുള്ള പണം പിൻവലിക്കൽ, 362 എ.ടി.എം. വഴിയുള്ള പണം പിൻവലിക്കൽ, അക്കൗണ്ട് വാടകയ്ക്ക് നൽകിയ 665 പേരുടെയും വിവരങ്ങൾ പരിശോധിച്ചാണ് 382 കേസുകൾ രജിസ്റ്റർ ചെയ്തത്. പ്രതികൾക്ക് പൂർണ്ണമായ ബോധ്യത്തോടെയാണ് സാമ്പത്തിക കുറ്റകൃത്യത്തിൽ ഏർപ്പെട്ടതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇത് തെളിയിക്കുന്നതിന് ആവശ്യമായ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചിരുന്നു.സാമ്പത്തിക തട്ടിപ്പിൽ ധനകാര്യ സ്ഥാപനങ്ങൾക്ക് പങ്കുണ്ടോ എന്നത് അന്വേഷണ വിധേയമാക്കേണ്ട കാര്യമാണെന്നും എഡിജിപി എസ് ശ്രീജിത്ത് വ്യക്തമാക്കി. രാജ്യവ്യാപകമായി സൈബർ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി തട്ടിയെടുത്ത പണം ചെക്കുകൾ ഉപയോഗിച്ചും എ.ടി.എം. വഴിയും പിൻവലിച്ചു അനധികൃതമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരെയും അക്കൗണ്ടുകൾ വാടകയ്‌ക്ക് നൽകി കമ്മീഷനുകൾ കൈപ്പറ്റിയവരെയും ആണ് അറസ്റ്റ് ചെയ്‌തത്. അക്കൗണ്ട് ഉടമകൾ അറിയാതെ സൈബർ കുറ്റകൃത്യങ്ങളിൽ തങ്ങളുടെ അക്കൗണ്ടുകൾ ഉൾപ്പെട്ടവരെയും ഹവാല ഇടപാടുകളിലൂടെയും മറ്റും അക്കൗണ്ടിൽ പണം അയച്ചുകിട്ടിയവരെയും സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നേരിട്ട് ബോധ്യപ്പെട്ടിട്ടില്ലാത്തവരെയും വിട്ടയച്ചിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ബന്ധമില്ലാത്ത കേസുകളിലാണ് നോട്ടീസ് നൽകിയത്.കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് ആലപ്പുഴയിലാണ്. 50 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം സിറ്റിയിലാണ് (രണ്ട് കേസുകൾ). ഏറ്റവും കൂടുതൽ പ്രതികൾ അറസ്റ്റിലായത് 23 കേസുകൾ രജിസ്റ്റർ ചെയ്ത എറണാകുളം റൂറലിലാണ്. മലയാളികളുടെ സാമ്പത്തിക ലാഭം കണ്ടെത്താനുള്ള ത്വര തട്ടിപ്പുസംഘങ്ങൾ ചൂഷണം ചെയ്യുകയാണെന്ന് എഡിജിപി എസ് ശ്രീജിത്ത് അഭിപ്രായപ്പെട്ടു.തട്ടിപ്പുസംഘങ്ങൾ സമൂഹമാധ്യമങ്ങൾ വഴിയാണ് ഇരകളെ കണ്ടെത്തുന്നത്. വിദേശരാജ്യങ്ങളിൽ ഉള്ള പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ നിരവധി പ്രതിസന്ധികൾ ഉണ്ടെന്നും എഡിജിപി വ്യക്തമാക്കി. പരാതിക്ക് കാത്തുനിൽക്കാതെ പൊലീസ് സ്വമേധയാ അന്വേഷണത്തിന് ഇറങ്ങുകയായിരുന്നു. സൂത്രധാരന്മാരെ പൊലീസ് നിയമത്തിനു മുന്നിൽ കൊണ്ടുവരും. മൂന്നു മാസത്തോളമായി ഈ ഒരു ഓപ്പറേഷനുവേണ്ടി പൊലീസ് തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും മാധ്യമങ്ങൾക്ക് പോലും ഇതേക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചില്ലെന്ന് എഡിജിപി ചൂണ്ടിക്കാണിച്ചു. ദേശീയതലത്തിൽ ലഭ്യമായ സൈബർ ക്രൈം വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരള പൊലീസ് മാത്രമാണ് ഇത്രയും വിപുലമായ അന്വേഷണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.