കേരള സ്റ്റോറി 2 :"ട്രെയിലറിലുള്ളത് തെറ്റാണെന്ന് തെളിയിച്ചാല്‍ ഞാൻ സിനിമാപിടുത്തം അവസാനിപ്പിക്കും"; സംവിധായകൻ

കേരള സ്റ്റോറി 2 :"ട്രെയിലറിലുള്ളത് തെറ്റാണെന്ന് തെളിയിച്ചാല്‍ ഞാൻ സിനിമാപിടുത്തം  അവസാനിപ്പിക്കും";  സംവിധായകൻ

മുംബൈ: 'കേരളാ സ്റ്റോറി' രണ്ടാം ഭാഗത്തിൻ്റെ ട്രെയിലർ വീണ്ടും ചർച്ചയാകുന്നു. നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തെ ന്യായീകരിച്ചു കൊണ്ട് ചിത്രത്തിൻ്റെ സംവിധായകൻ കാമാഖ്യ നാരായൺ സിങ്. കേരള സ്റ്റോറി രണ്ടാം ഭാഗത്തിൽ പറയുന്നതിൽ എന്തെങ്കിലും കള്ളമുണ്ടെങ്കിൽ ആരോപണം ഉന്നയിക്കുന്നവർ അത് തെളിയിക്കണമെന്നും കാര്യങ്ങൾ കള്ളമാണെന്ന് തെളിഞ്ഞാൽ എന്നന്നേയ്ക്കുമായി താൻ ചലച്ചിത്ര നിർമാണം നിർത്തുമെന്നും സംവിധായകൻ പറഞ്ഞു.പൂർണമായും സത്യസന്ധമായാണ് കേരളാ സ്റ്റോറിയുടെ രണ്ടാം ഭാഗം നിർമിച്ചിരിക്കുന്നതെന്നുo സംവിധായകൻ കാമാഖ്യ നാരായൺ സിങ്ങ് വാദിച്ചു.

നിർബന്ധിത മത പരിവർത്തനം പോലുള്ള വിഷയത്തെ കുറിച്ച് സിനിമ ചിത്രീകരിക്കാൻ മുൻ അനുഭവങ്ങൾ സഹായകരമായി. സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ഡോക്യുമെൻ്ററികൾ നിർമ്മിച്ചപ്പോഴുണ്ടായ അനുഭവം കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം നിർമിക്കുന്നതിൽ സഹായകരമായെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

"ചോദ്യങ്ങൾ ഉയർത്തുകയും ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ സിനിമകളാണ് ഞാൻ നിർമിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഒരു സിനിമയോ ഡോക്യുമെൻ്ററിയോ പുറത്തിറക്കുന്നതിന് മുമ്പ് ഡോക്യുമെൻ്ററിയിൽ പ്രതിപാദിക്കുന്ന പ്രശ്‌നത്തെക്കുറിച്ച് ആഴത്തിൽ ഗവേഷണം നടത്തിയ ശേഷമാണ് സിനിമ ചിത്രീകരണം തുടങ്ങാറുള്ളൂ," കാമാഖ്യ നാരായൺ സിങ് കൂട്ടിച്ചേർത്തു.

ദൈവത്തിൻ്റെ നാടായ കേരളത്തിലെ തിന്മ എത്രയും വേഗം തുടച്ചുനീക്കപ്പെടണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് കേരളാ സ്റ്റോറി രണ്ടാം ഭാഗത്തിൻ്റെ നിർമ്മാതാവ് വിപുല്‍ അമൃത്‌ലാൽ ഷാ വ്യക്തമാക്കി. യഥാർഥത്തിൽ സംഭവിച്ചതും കോടതിയിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ നിന്നുമാണ് ഇത്തരത്തിലുള്ള കഥയ്ക്ക് പ്രചോദനം ലഭിച്ചതെന്നും നിർമ്മാതാക്കൾ കൂട്ടിച്ചേർത്തു.

പ്രകാശ്‌ രാജിനെതിരെ നിർമാതാക്കൾ

തെന്നിന്ത്യൻ ചലചിത്ര താരം പ്രകാശ്‌രാജിനെതിരെ കേരള സ്റ്റോറി സംവിധായകൻ കാമാഖ്യ നാരായൺ സിങ്. കേരള സ്റ്റോറിയിലെ വിവാദ സീനുകളിലൊന്നായ ബീഫ് നിർബന്ധിച്ച് കഴിപ്പിക്കുന്നതിന് എതിരെ പ്രകാശ്‌രാജ് പ്രതികരിച്ചിരുന്നു. ഇതിന് എതിരെയാണ് സംവിധായകൻ്റെ മറുപടി.പ്രകാശ്‌രാജിൻ്റെ മനഃസാക്ഷിയെ താൻ ചോദ്യം ചെയ്യുകയാണെന്നും ഇന്ത്യൻ സമൂഹത്തിൽ ഒരാളെ മത പരിവർത്തനത്തിന് നിർബന്ധിക്കുന്നതും ബീഫ് കഴിക്കാൻ ബലപ്രയോഗം നടത്തുന്നതും അംഗീകരിക്കാൻ സാധിക്കില്ലെന്നുമായിരുന്നു സംവിധായകൻ്റെ മറുപടി. പ്രകാശ്‌രാജ് ബുദ്ധിപരമായി പാപ്പരായിരിക്കുന്നുവെന്നും സംവിധായകൻ  വിമര്‍ശിച്ചു.

പന്നിയിറച്ചി, ബീഫ്, മത്സ്യം എന്നിവ സസ്യാഹാര സദ്യയോടൊപ്പം ഒരുമിച്ച് കഴിക്കാമെന്നും ഐക്യത്തോടെ ജീവിക്കുന്നുവെന്നും പഠിപ്പിക്കുന്നതാണ് യഥാർഥ കേരള സ്റ്റോറി എന്നായിരുന്നു തെന്നിന്ത്യൻ ചലചിത്ര താരം പ്രകാശ്‌രാജിൻ്റെ പ്രതികരണം.