"കേരള സ്റ്റോറി2 -കേരളത്തിന് എതിരല്ല" :ചിത്രത്തിന്‍റെ നിര്‍മാതാവ്
മുംബൈ: കേരള സ്റ്റാറി 2 വിവാദം കത്തിപ്പടരുന്നതിനിടെ പ്രതികരണവുമായി സിനിമയുടെ നിര്‍മാതാവ് വിപുല്‍ അമൃത്ലാല്‍ ഷാ. കേരള സ്റ്റോറി 2 കേരളത്തിന് എതിരല്ലെന്നും സംസ്ഥാനത്തുള്ള തിന്മ തുടച്ചു നീക്കാനാണ് ആഗ്രഹിക്കുന്നതെന്നും നിര്‍മാതാവ് വിപുല്‍ ഷാ വ്യക്തമാക്കി.ദേശീയ പുരസ്‌കാര ജേതാവ് കാമാഖ്യ നാരാണന്‍ സിംഗ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് വിപുല്‍ ഷായും അമര്‍നാഥ് ഝായും ചേര്‍ന്നാണ്.ചിത്രത്തിന്‍റെ ആദ്യ ഭാഗം വലിയ വിവാദമായിരുന്നു. എന്നാല്‍ രണ്ടാം ഭാഗമായ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട് ട്രെയിലര്‍ പുറത്തു വന്നതോടെ വ്യാപകമായ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്നുയരുന്നത്.
സിനിമയിലൂടെ കേരളത്തിനും ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കും എതിരെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന വിമര്‍ശനങ്ങളും ഇതിനോടകം തന്നെ ഉയര്‍ന്നിരുന്നു. ഇതിന് പ്രതികരിച്ചിരിക്കുകയാണ് നിര്‍മാതാവ്."കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണ്. ഞങ്ങള്‍ കേരളത്തിന് പിന്നാലെയല്ല. ആ സംസ്ഥാനത്തുള്ള ഈ തിന്മ എത്രയും വേഗം തുടച്ചു നീക്കപ്പെടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. 32,000 എന്ന കണക്ക് തെറ്റാണെന്ന് പറഞ്ഞ് ചിലര്‍ ആദ്യ സിനിമയെ വിമര്‍ശിച്ചിരുന്നു. ഈ കണക്കിനെ കുറിച്ച് ഞങ്ങള്‍ ഒരു വീഡിയോ യൂട്യൂബില്‍ ഇട്ടിട്ടുണ്ട്.അത് ഇപ്പോൾ ലഭ്യമാണ്. ഞങ്ങൾ പേരുകൾ ചേർക്കുകയും കണക്കുകൾ കാണിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാരിന്റെ കൈവശം ഞങ്ങളേക്കാൾ കൂടുതൽ കണക്കുകൾ ഉണ്ടായിരിക്കണം. പക്ഷേ സിനിമ റിലീസ് ശേഷം കർശനമായ നടപടികളൊന്നും എടുത്തതായി ഞങ്ങൾ കേട്ടിട്ടില്ല.
'കേരള സ്റ്റോറി 2' കേരളത്തിന് അപ്പുറത്തേക്ക് പോവുകയും ഇന്ത്യയിലുടനീളം നടക്കുന്ന കൃത്രിമമായ മതപരിവർത്തനത്തിന്‍റെ വലിയ ഗൂഢാലോചനയെ തുറന്നുകാട്ടുകയും ചെയ്യുന്നു. ഇതിന്‍റെ കേന്ദ്ര പ്രമേയം 'കേരള സ്റ്റോറി'ക്ക് സമാനമായതിനാലാണ് ഞങ്ങൾ ഇതിന് 'കേരള സ്റ്റോറി 2' എന്ന് പേരിട്ടത്… ഇതുവരെ ഈ സിനിമയ്ക്ക് ഭീഷണികളൊന്നുമില്ല," വിപുൽ ഷാ എഎൻഐയോട് പറഞ്ഞത്.
സിനിമയ്ക്ക് 'യുഎ' സർട്ടിഫിക്കറ്റാണ് ' സെൻസർ ബോർഡ് അനുവദിച്ചിട്ടുള്ളത്.വിപുല്‍ അമൃത്ലാല്‍ ഷായും സണ്‍ഷൈന്‍ പിക്‌ഴേസ് ലിമിറ്റഡും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2026 ഫെബ്രുവരി 27 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ആഷിന്‍ എ ഷാ ആണ് ചിത്രത്തിന്‍റെ സഹനിര്‍മാതാവ്.സുദീപ്തോ സെന്‍ സംവിധാനം ചെയ്‌ത 2023 ല്‍ റിലീസ് ചെയ്‌ത ദി കേരള സ്റ്റോറി വലിയ വിവാദങ്ങള്‍ക്ക് നിയമ പോരാട്ടങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിരുന്നു. കേരളത്തെ മോശമായി ചിത്രീകരിക്കുന്ന ഒരു പ്രൊപ്പഗണ്ഡ ചിത്രമാണെന്ന് ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ സിനിമയ്ക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചു.കേരളത്തില്‍ നിന്ന് കാണാതായ സ്‌ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ദി കേരളാ സ്റ്റോറിയുടെ പ്രമേയം. 2023 മെയ് 5ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ആഗോള ബോക്‌സ് ഓഫിസില്‍ 300 കോടി രൂപയ്ക്ക് മുകളില്‍ വരുമാനം നേടിയിരുന്നു.