പിണറായി സർക്കാറിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ 'കേരള സ്റ്റോറി '

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ കഴിഞ്ഞ പത്തുവർഷത്തെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'കേരള സ്റ്റോറി' എന്ന പേരിൽ സിപിഐഎം വെബ്സൈറ്റ് പുറത്തിറക്കി. സർക്കാരിന്റെ മുന്നേറ്റങ്ങളും കരുതലും ഒരുമയും ഉയർത്തിക്കാട്ടുന്നതാണ് ഈ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം.
വെബ്സൈറ്റിലെ പ്രധാന സവിശേഷതകൾ:
മുന്നേറ്റം, കരുതൽ, ഒരുമ എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലായാണ് വിവരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ലോകോത്തര യാത്രാ സൗകര്യങ്ങൾ, ആരോഗ്യ മേഖലയിലെ വിപ്ലവം, പൊതുവിദ്യാഭ്യാസ രംഗത്തെ കേരള മോഡൽ, പുത്തൻ പാതകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ പദ്ധതികൾക്കായി സർക്കാർ ചിലവഴിച്ച തുകയുടെ കൃത്യമായ കണക്കുകളും ഇതിലൂടെ അറിയാം.സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ എത്രത്തോളം സന്തുഷ്ടരാണെന്ന് രേഖപ്പെടുത്താൻ പോളിങ് സൗകര്യവും സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.
നേരത്തെ യുഡിഎഫ് ഭരണകാലത്തെ അഴിമതികളും വീഴ്ചകളും തുറന്നുകാട്ടാൻ 'ഇരുണ്ട കാലം' എന്ന പേരിൽ സിപിഐഎം വെബ്സൈറ്റ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വികസന നേട്ടങ്ങൾ വിവരിക്കാൻ 'കേരള സ്റ്റോറി' എത്തുന്നത്.2023ൽ പിണറായി സർക്കാറിന്റെ രണ്ടാം വാർഷികത്തിൽ ' ദ റിയൽ കേരള സ്‌റ്റോറി 'എന്നപേരിൽ വികസന നേട്ടങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വലിയ പരസ്യപ്രചാരണം സർക്കാർ നടത്തിയിരുന്നു.