"രാജ്യത്തിൻ്റെ പല ഭാഗങ്ങളെയും ജനാധിപത്യ രീതികൾ പഠിപ്പിച്ചത് കേരളം" : ഗ്യാനേഷ് കുമാർ

"രാജ്യത്തിൻ്റെ പല ഭാഗങ്ങളെയും ജനാധിപത്യ രീതികൾ പഠിപ്പിച്ചത് കേരളം" :  ഗ്യാനേഷ് കുമാർ

എറണാകുളം : സംസ്ഥാനത്തെ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് വോട്ടർമാർക്കോ രാഷ്ട്രീയ പാർട്ടികൾക്കോ യാതൊരുവിധ ആശങ്കയും വേണ്ടെന്ന് കേന്ദ്ര മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അർഹരായ ഒരാളെപ്പോലും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കരുത് എന്നതാണ് എസ്.ഐ.ആറിൻ്റെ പ്രധാന ലക്ഷ്യം. ഈ പ്രക്രിയ തീർത്തും സുതാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.



The Commission felicitates first-time voters of Kerala as they embark on their democratic journey

കേരളത്തിൽ എസ്.ഐ.ആർ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിലാണ് നടന്നത്. നിലവിൽ പട്ടികയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉള്ളവർക്ക് പരിഹാരത്തിനായി ഔദ്യോഗിക വിജ്ഞാപനം വരുന്നത് വരെ സമയമുണ്ട്. രാഷ്ട്രീയ പാർട്ടികളുമായി നടത്തിയ വിശദമായ ചർച്ചകളിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളും ആശങ്കകളും കമ്മീഷൻ ഗൗരവമായി പരിഗണിച്ചിട്ടുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജനാധിപത്യം കേരളത്തിന് പുതിയതല്ലെന്നും രാജ്യത്തിൻ്റെ പല ഭാഗങ്ങളെയും ജനാധിപത്യ രീതികൾ പഠിപ്പിച്ചത് ഈ സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. കേരളവുമായുള്ള തൻ്റെ ബന്ധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'കേരളം എൻ്റെ കർമ്മ ഭൂമിയായിരുന്നു. 18 വർഷം ഞാൻ കേരളത്തിൽ ജോലി ചെയ്‌തു. എല്ലാ രാഷ്‌ട്രീയ പാർട്ടികളുമായി നിരന്തരം കൂടിക്കാഴ്‌ചകളും വിശദമായ ആശയ വിനിമയങ്ങളും നടത്തി. ഒപ്പം പ്രധാനപ്പെട്ട അവലോകന യോഗങ്ങളും നടന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ പോവുന്ന കേരളത്തിൻ്റെ ഭാവി വാഗ്‌ദാനങ്ങളായ യുവജനതയെ കണ്ടുമുട്ടി' അദ്ദേഹം പറഞ്ഞു.ഏകദേശം 22 വർഷം മുമ്പ് എറണാകുളം കലക്‌ടറായി സേവനമനുഷ്‌ഠിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ചും ഗ്യാനേഷ് കുമാർ ഓർമ്മിപ്പിച്ചു. 'കേരളത്തിൽ എസ്ഐആർ വിജയകരമായി പൂർത്തിയാക്കിയതിന് കേരളത്തിലെ ബൂത്ത് ലെവൽ ഓഫീസർമാരെ അഭിനന്ദിക്കുന്നു, ജനാധിപത്യം എന്നത് കേരളത്തിന് പുതിയ കാര്യമല്ല' അദ്ദേഹം പറഞ്ഞു.

'ജനാധിപത്യം എന്താണെന്ന് കേരളം രാജ്യത്തേയും ലോകത്തേയും പഠിപ്പിച്ചു. വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ നില നിന്നിരുന്ന നാട്ട്കൂട്ട സമ്പ്രദായങ്ങൾ തീരുമാനങ്ങളെടുക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബാധവാന്മാരാക്കി' അദ്ദേഹം വ്യക്തമാക്കി.1960ൽ കേരളത്തിൽ ആദ്യത്തെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മാതൃകാ പെരുമാറ്റച്ചട്ടമായത് പരിണമിക്കുകയും എല്ലാ പാർട്ടികളുമായി കൂടിയാലോചിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അത് അംഗീകരികരിക്കുകയും ചെയ്‌തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1982ൽ പറവൂർ നിയമസഭാ മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ പരീക്ഷണാത്മക ഉപയോഗം തെരഞ്ഞെടുപ്പ് സംവിധാനങ്ങളിലേയ്‌ക്ക് പുതിയ സംഭാവനകൾ നൽകിയെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

ഇനി എല്ലാ പോളിങ് സ്റ്റേഷനുകളിലും നൂറ് ശതമാനം വെബ്‌കാസ്റ്റിങ് ഉറപ്പുവരുത്തുമെന്നും വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് ആഗോള മാതൃകയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു, "ജനാധിപത്യത്തിൻ്റെ ഉത്സവത്തിൽ" വോട്ടർമാർ സജീവമായി പങ്കെടുക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തിയ അദ്ദേഹം, ഉദ്യോഗസ്ഥർക്ക് നിഷ്‌പക്ഷവും ഭയരഹിതവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കർശന നിർദേശങ്ങൾ നൽകി. സംസ്ഥാനത്തെ ഏറ്റവും പുതിയ വോട്ടർ കണക്കുകളും കമ്മീഷണർ പുറത്തുവിട്ടു. കേരളത്തിൽ ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. ഇതിൽ ശ്രദ്ധേയമായ കാര്യം പുരുഷന്മാരേക്കാൾ കൂടുതൽ വനിതാ വോട്ടർമാരാണ് എന്നതാണ്. വനിതകൾ 1.38 കോടി, പുരുഷന്മാർ 1.31 കോടി, ട്രാൻസ്ജെൻഡർ 277 എന്നിങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞു.

CEC Shri Gyanesh Kumar Interacting with electors at Cherai Beach, Kochi, during his review visit on Poll Preparedness of Kerala ahead of the upcoming KeralaAssemblyElections 2026 

കേരളത്തിൽ 140 നിയമസഭാ മണ്ഡലങ്ങളുണ്ട്. സംസ്ഥാനത്തുടനീളം 30,471 പോളിങ് സ്റ്റേഷനുകൾ ഉണ്ടാകുകയും ഏകദേശം 5,000ത്തോളം പോളിങ് സ്റ്റേഷനുകൾ ഇതിലേയ്‌ക്ക് ഉൾപ്പെടുത്തുകയും ചെയ്യും. ഒരു പോളിങ് സ്റ്റേഷനിലും 1,200ൽ കൂടുതൽ വോട്ടർമാർ ഉണ്ടാകില്ല. 397 പോളിങ് സ്റ്റേഷനുകൾ പൂർണമായും സ്‌ത്രീകളുടെ നിയന്ത്രണത്തിലായിരിക്കും.മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും ഗ്രൗണ്ട് ഫ്ലോർ പോളിങ് സ്റ്റേഷനുകൾ, റാമ്പുകൾ, വീൽചെയറുകൾ, മുൻഗണനാ വോട്ടിങ് എന്നിവയുൾപ്പെടെ മെച്ചപ്പെട്ട സൗകര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പോളിങ് സ്റ്റേഷനുകളിലും കുടിവെള്ളം, ഹെൽപ്പ് ഡെസ്‌കുകൾ തുടങ്ങിയ സൗകര്യങ്ങളും ഏർപ്പാടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാജ വാർത്തകൾക്കെതിരെ നടപടി

തെരഞ്ഞെടുപ്പ് കാലയളവിൽ സോഷ്യൽ മീഡിയ വഴിയും മറ്റും പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ (Fake News) കമ്മീഷൻ കർശന നടപടി സ്വീകരിക്കും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ അനുവദിക്കില്ല. സുതാര്യമായ ഒരു ജനാധിപത്യ പ്രക്രിയ ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.