കേരളം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് : ഇത്തവണ 890 സ്ഥാനാർഥികള്‍ ജനവിധി തേടും

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ ഇത്തവണ 890 സ്ഥാനാർഥികള്‍ ജനവിധി തേടും. അപരന്മാരും വിമതന്മാരും മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളും അവർ പിന്തുണക്കുന്ന സ്വതന്ത്രരും പൂർണ സ്വതന്ത്രരും ഉള്‍പ്പെടെയാണ് 890 പേർ ജനവിധി തേടുന്നത്.
2021നെ അപേക്ഷിച്ച് ഇത്തവണ സ്ഥാനാർഥികള്‍ കുറവാണ്. ഇത്തവണ 67 പേരുടെ കുറവുണ്ട്. കഴിഞ്ഞ തവണ 957 സ്ഥാനാർഥികളാണുണ്ടായിരുന്നത്. ഇനി കേരളം കാണാൻ പോകുന്നത് 14 ദിവസം നീളുന്ന തീപാറുന്ന പോരാട്ടമാണ്. ഏപ്രിൽ ഒൻപതിനാണ് വോട്ടർമാർ അവരുടെ സമ്മതിദാനം രേഖപ്പെടുത്തുക.സൂക്ഷ്‌മപരിശോധനക്ക് ശേഷം 140 മണ്ഡലങ്ങളിലുമായി മത്സരിക്കാൻ യോഗ്യത നേടിയത് 985 പേരാണ്. ഇതിൽ 95 പേർ പത്രിക പിൻവലിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള മണ്ഡലം കൊടുവള്ളിയാണ്. അവിടെ 13 പേർ രംഗത്തുണ്ട്. നാലുപേർ പത്രിക പിൻവലിച്ചു.സൂക്ഷ്‌മ പരിശോധന പൂർത്തിയായപ്പോൾ 985 സ്ഥാനാർഥികളാണുണ്ടായിരുന്നത്. എന്നാൽ, സൂക്ഷ്‌മ പരിശോധനയ്ക്ക് ശേഷം 95 പേരാണ് പത്രിക പിൻവലിച്ചത്. തിരുവനന്തപുരത്ത് 105 സ്ഥാനാർഥികൾ, കൊല്ലത്ത് 60, പത്തനംതിട്ടയിൽ 25, ആലപ്പുഴയിൽ 49, കോട്ടയത്ത് 60, ഇടുക്കിയിൽ 27, എറണാകുളത്ത് 87, തൃശൂരിൽ 78, പാലക്കാട് 70, മലപ്പുറത്ത് 96, കോഴിക്കോട് 102, വയനാട് 21, കണ്ണൂരിൽ 78, കാസർഗോഡ് 32 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലെയും സ്ഥാനാർഥികളുടെ കണക്കുകൾ ഉണ്ടായിരുന്നത്.
ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള മണ്ഡലം കൊടുവള്ളിയാണ്. ഇവിടെ 13 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. അന്തിമ ചിത്രത്തിൽ തിരുവനന്തപുരം മണ്ഡലത്തിൽ 11 പേർ മത്സര രംഗത്തുണ്ട്. മഞ്ചേശ്വരം, പേരാവൂർ എന്നിവിടങ്ങളിലും 11 പേർ വീതം രംഗത്തുണ്ട്. ഏറ്റവും കുറവ് സ്ഥാനാർഥികൾ ചവറ, കായംകുളം, നാട്ടിക, കോങ്ങാട്, മാനന്തവാടി എന്നിവിടങ്ങളിലാണ്. മൂന്നുപേർ വീതം മാത്രമാണ് ഇവിടങ്ങളിൽ മാറ്റുരക്കുന്നത്. പത്രിക പിൻവലിക്കൽ പൂർത്തിയായതോടെ അവശേഷിച്ച സ്ഥാനാർഥികൾക്കുള്ള ചിഹ്നങ്ങളും അനുവദിച്ചിട്ടുണ്ട്.