കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരള യാത്രയ്ക്ക് തുടക്കമായി

കാസർഗോട്: മനുഷ്യത്വം മരവിച്ചും അരാജകത്വം പടർന്നും കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് 'മനുഷ്യർക്കൊപ്പം' എന്ന സന്ദേശമുയർത്തി കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരള യാത്രയ്ക്ക് തുടക്കമായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെൻ്റിനറി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന യാത്ര കാസർകോട് ജില്ലയിൽ നിന്നാണ് പ്രയാണം ആരംഭിച്ചത്. സമുദായ നേതാക്കളെന്ന് അവകാശപ്പെടുന്നവർ സമൂഹത്തിൽ വിദ്വേഷവും വെറുപ്പും വളർത്തുകയാണെന്നും മതത്തിൻ്റെ പേരിൽ മനുഷ്യരെ ഛിന്നഭിന്നമാക്കാൻ ശ്രമിക്കുകയാണെന്നും യാത്രയുടെ വൈസ് ക്യാപ്റ്റൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ പരോക്ഷമായി വിമർശിച്ചു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പ്രസ്താവനകളെ ലക്ഷ്യം വച്ചായിരുന്നു കാന്തപുരം വിഭാഗത്തിൻ്റെ ഈ പ്രതികരണം. വ്യക്തികളെ പേരെടുത്ത് വിമർശിക്കുന്നത് തങ്ങളുടെ രീതിയല്ലെന്നും എന്നാൽ വർഗീയതയ്ക്കെതിരെ വീണ്ടും വീണ്ടും മുദ്രാവാക്യം ഉയർത്തേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ബുഖാരി തങ്ങൾ വ്യക്തമാക്കി. നാട്ടിൽ അരാജകത്വം പടരുന്ന സാഹചര്യത്തിൽ ജനങ്ങളെ സന്മാർഗത്തിലേക്ക് നയിക്കാനാണ് യാത്രയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മുൻപ് നടത്തിയ യാത്രകൾ ജനങ്ങളെ ഒന്നിപ്പിക്കുന്നതിൽ വിജയിച്ചിരുന്നുവെന്നും രാഷ്ട്രീയമായും മറ്റും ഭിന്നിച്ചുനിൽക്കുന്നവരെ മാനസികമായി യോജിപ്പിക്കാൻ ഈ യാത്രയ്ക്കും സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഉജ്ജ്വലമായ തുടക്കം
കർണാടകയിലെ ഉള്ളാൾ ദർഗയിൽ സിയാറത്ത് നടത്തിക്കൊണ്ടാണ് കേരള യാത്രയുടെ ഔദ്യോഗിക പര്യടനത്തിന് തുടക്കം കുറിച്ചത്. സയ്യിദ് മദനി തങ്ങളുടെ അന്ത്യവിശ്രമ കേന്ദ്രമായ ഇവിടെ വച്ചാണ് താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ ബുഖാരി തങ്ങൾ ദീർഘകാലം സേവനം അനുഷ്ഠിച്ചത് എന്ന പ്രത്യേകതയുമുണ്ട്. തുടർന്ന് വാഹനങ്ങളുടെ വലിയ അകമ്പടിയോടെ കർണാടകയിലെ സംഘടനാ നേതാക്കളും പൗരപ്രമുഖരും ചേർന്ന് യാത്രയെ കാസർകോടേക്ക് ആനയിച്ചു. സംസ്ഥാന അതിർത്തിയിൽ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്ജ്വലമായ വരവേൽപ്പ് നൽകി.
നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കാന്തപുരം വിഭാഗം നടത്തുന്ന ഈ നീക്കം രാഷ്ട്രീയ കേന്ദ്രങ്ങൾ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ തിരിച്ചടിക്ക് കാരണം വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടത് പക്ഷത്തോട് ആഭിമുഖ്യം പുലർത്തുന്ന കാന്തപുരം വിഭാഗവും വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ രംഗത്തെത്തുന്നത്.