തദ്ദേശ തെരഞ്ഞെടുപ്പ് : സിപിഎമ്മിന് വെല്ലുവിളിയായി മുൻ ഏരിയ സെക്രട്ടറിയുടെ 'മാനവികം'

കോഴിക്കോട്: കൊയിലാണ്ടി നഗരസഭയിൽ സിപിഎമ്മിന് വെല്ലുവിളിയുയർത്തിക്കൊണ്ട് 'മാനവികം' സംഘടനയുടെ സ്ഥാനാർഥികൾ . സിപിഎം മുൻ ഏരിയ സെക്രട്ടറിയായിരുന്ന എൻവി ബാലകൃഷ്ണൻ രക്ഷാധികാരിയായ 'മാനവികം' യുഡിഎഫ് പിന്തുണയോടെയാണ് നഗരസഭയിലെ 28-ാം വാർഡിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. സംഘടനയുടെ പ്രസിഡൻ്റ് കെപി ബീനയാണ് ഇവിടെ മത്സരിക്കുന്നത്. കൂടാതെ, ജനറൽ സീറ്റായ 29-ാം വാർഡിലും സ്ഥാനാർഥിയെ നിർത്താനാണ് മാനവികത്തിൻ്റെ തീരുമാനം.
പാർട്ടി നയങ്ങൾക്കെതിരായി ലേഖനങ്ങൾ എഴുതിയതിൻ്റെ പേരിൽ 2014 ജനുവരിയിലാണ് എൻവി ബാലകൃഷ്ണനെ സിപിഎം ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്. വിഎസ് അച്യുതാനന്ദൻ പക്ഷക്കാരനായ നേതാവായിരുന്നു ഇദ്ദേഹം. കൊയിലാണ്ടിയിലെ സിപിഎമ്മിൽ നിലനിന്നിരുന്ന വിഭാഗീയതയും ഈ നടപടിക്ക് പിന്നിലുണ്ടായിരുന്നു. ഏരിയ കമ്മിറ്റി ഓഫിസ് നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഔദ്യോഗിക പക്ഷം ഇദ്ദേഹത്തിനെതിരെ ഉന്നയിച്ചിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾ തെറ്റാണെന്ന് അദ്ദേഹത്തിന് പിന്നീട് തെളിയിക്കാൻ സാധിച്ചു.
ബാലകൃഷ്ണനെതിരെ നടപടി എടുത്തതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിൻ്റെ ഭാര്യയും കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്‌സനുമായിരുന്ന കെ ശാന്ത രാജി കത്ത് നൽകിയിരുന്നു. എങ്കിലും പാർട്ടി ഇടപെടലിനെത്തുടർന്ന് അവർ രാജി പിൻവലിക്കുകയായിരുന്നു. ബാലകൃഷ്ണനെ അനുകൂലിച്ചിരുന്ന ഒരു വിഭാഗം പാർട്ടി കൗൺസിലർമാർ രാജി വയ്ക്കുമെന്ന് പ്രഖ്യാപിക്കുകയും ചിലർ രാജി സമർപ്പിക്കുകയും ചെയ്തത് കൊയിലാണ്ടിയിലെ സിപിഎമ്മിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പാർട്ടി ഔദ്യോഗിക നേതൃത്വം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും ബാലകൃഷ്ണൻ വിഭാഗം ഉന്നയിച്ച പരാതികൾ അന്വേഷിക്കാൻ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു.
സസ്‌പെൻഷൻ കാലാവധിക്ക് ശേഷം 2014 ഡിസംബറിൽ ബാലകൃഷ്ണനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തു. എന്നാൽ, ഏരിയ കമ്മിറ്റിയിൽ അംഗത്വം നൽകാതെ പാർട്ടി സംവിധാനത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള കുറുവങ്ങാട് ബ്രാഞ്ച് കമ്മിറ്റി അംഗമായി മാത്രമാണ് എൻവി ബാലകൃഷ്ണനെ നിയമിച്ചത്. ഇതിൽ അതൃപ്തി പരസ്യമാക്കിയ അദ്ദേഹം ഒടുവിൽ സിപിഎം വിടുകയായിരുന്നു. പാർട്ടി നയങ്ങളെ ഇപ്പോഴും ഇഴകീറി വിമർശിക്കുന്ന ബാലകൃഷ്ണൻ തെരഞ്ഞെടുപ്പ് രംഗത്തുകൂടി തങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള നീക്കത്തിലാണ്.
മുസ്‌ലിം ലീഗിന് വിട്ടുകൊടുത്ത 29-ാം വാർഡിൽ ആര് സ്ഥാനാർഥിയാകുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മാനവികത്തിൻ്റെ ട്രഷറർ എൻവി മുരളിയുടെ പേരാണ് ഇവിടെ പ്രധാനമായും ഉയർന്നു കേൾക്കുന്നത്. മാനവികത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ലീഗ് നേതാവ് അസീസ് മാസ്റ്റർ അറിയിച്ചു. ലീഗിനും മാനവികത്തിനും താത്പര്യമുള്ള ഒരു സ്ഥാനാർഥി ഉണ്ടാകാനാണ് സാധ്യത. നഗരസഭ ഭരണം തിരിച്ചുപിടിക്കാൻ ജനകീയ മുന്നണിയായി മുന്നോട്ട് പോകാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാർഡ് മാറ്റങ്ങളും മുൻ തെരഞ്ഞെടുപ്പിലെ സ്ഥിതിയും
കൊയിലാണ്ടി നഗരസഭയിൽ മുൻപ് 44 വാർഡുകൾ ഉണ്ടായിരുന്നത് നിലവിൽ 46 ആയി വർധിച്ചിട്ടുണ്ട്. ഇതിന് അനുസരിച്ചുള്ള വാർഡ് വിഭജനവും മാറ്റങ്ങളും പ്രകടമാണ്. 27-ാം വാർഡിലും സ്ഥാനാർഥിയെ നിർത്താൻ മാനവികം ആലോചിച്ചിരുന്നെങ്കിലും യുഡിഎഫ് സീറ്റ് വെൽഫെയർ പാർട്ടിക്ക് വിട്ടുകൊടുത്തതോടെ അവർ പിന്മാറുകയായിരുന്നു.