കേരളം : തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

കേരളം : തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ രാവിലെ 7ന് തുടങ്ങും. വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്.തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് - 470, ബ്ലോക്ക് പഞ്ചായത്ത് - 77, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 47, കോർപ്പറേഷൻ - 3) 12,391 വാർഡുകളിലേക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് - 9015, ബ്ലോക്ക് പഞ്ചായത്ത് വാർഡ് - 1177, ജില്ലാ പഞ്ചായത്ത് വാർഡ് - 182, മുനിസിപ്പാലിറ്റി വാർഡ് - 1829, കോർപ്പറേഷൻ വാർഡ് - 188) ഇന്ന് (ഡിസംബർ 11) വോട്ടെടുപ്പ് നടക്കുന്നത്.

ആകെ 1,53,37,176 വോട്ടർമാരാണ് പട്ടികയിലുള്ളത് (പുരുഷന്മാർ - 72,46,269, സ്ത്രീകൾ - 80,90,746, ട്രാൻസ്‌ജെൻഡർ - 161). 3,293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. ആകെ 38,994 സ്ഥാനാർഥികളാണ് (18,974 പുരുഷന്മാരും 20,020 സ്ത്രീകളും) മത്സരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് 28,274-ഉം, ബ്ലോക്ക് പഞ്ചായത്തിലേക്ക് 3,742-ഉം, ജില്ലാ പഞ്ചായത്തിലേക്ക് 681-ഉം, മുനിസിപ്പാലിറ്റികളിലേക്ക് 5,546-ഉം, കോർപ്പറേഷനുകളിലേക്ക് 751-ഉം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

18,274 കൺട്രോൾ യൂണിറ്റുകളും 49,019 ബാലറ്റ് യൂണിറ്റുകളും കാൻഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ് പോളിങ്ങിനായി തയാറായിക്കഴിഞ്ഞു. 2,631 കൺട്രോൾ യൂണിറ്റുകളും 6,943 ബാലറ്റ് യൂണിറ്റുകളും റിസർവായി കരുതിയിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിൽ കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റിയിലെ 5 വാർഡുകളിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാലും മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിൽ സ്ഥാനാർഥി മരിച്ചതിനെ തുടര്‍ന്നും വോട്ടെടുപ്പ് ഉണ്ടായിരിക്കുന്നതല്ല.കാസർകോട് ജില്ലയിലെ 2 ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാർഡിലും കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റിയിലെ 5 വാർഡുകളിലും 2 ഗ്രാമപഞ്ചായത്തുകളിലായി 9 വാർഡുകളിലും സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂരിലെ ആന്തൂർ മുനിസിപ്പാലിറ്റിയിലെ മൊറാഴ, കൊടല്ലൂർ, തളിയിൽ, പൊടികുണ്ഡ്, അഞ്ചാംപീടിക എന്നീ വാർഡുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാൽ അവിടെ വോട്ടെടുപ്പില്ല.

മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം ഏഴാം വാർഡിലെ യു.ഡി.എഫ്. സ്ഥാനാർഥി ഹസീന മരണപ്പെട്ടതിനാൽ ആ വാർഡിലെ വോട്ടെടുപ്പ് മാറ്റിവച്ചിട്ടുണ്ട്.

കാസർകോട് ജില്ലയിലെ മംഗൽപാടി, മടിക്കൈ ഗ്രാമപഞ്ചായത്തുകളിൽ ഓരോ വാർഡുകളിലും കണ്ണൂർ ജില്ലയിലെ കണ്ണപുരം ഗ്രാമപഞ്ചായത്തിൽ 6 വാർഡുകളിലും മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 3 വാർഡുകളിലും സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് വോട്ടെടുപ്പ് ഉണ്ടാകില്ല. എന്നാൽ അതത് പോളിംഗ് ബൂത്തുകളിൽ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കും. 

രണ്ടാംഘട്ട തിതെരഞ്ഞെടുപ്പിൽ ആകെ 18,274 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 2,055 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശ്ശൂർ - 81, പാലക്കാട് - 180, മലപ്പുറം - 295, കോഴിക്കോട് - 166, വയനാട് - 189, കണ്ണൂർ - 1025, കാസർഗോഡ് - 119 എന്നിങ്ങനെയാണ് പ്രശ്‌നബാധിത ബൂത്തുകളുടെ ജില്ല തിരിച്ചുള്ള എണ്ണം. ഈ ബൂത്തുകളിൽ അതീവ സുരക്ഷാക്രമീകരണങ്ങളും വെബ്കാസ്റ്റിങ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

കൂടാതെ അധിക പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയ പൂർണ്ണമായും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും.ഇതോടൊപ്പം അതത് ജില്ലാ കളക്ടറേറ്റുകളിൽ സജ്ജീകരിച്ചിട്ടുള്ള കൺട്രോൾ റൂമുകളിലും പ്രശ്‌നബാധിത ബൂത്തുകളിൽ ഏർപ്പെടുത്തിയ ലൈവ് വെബ്കാസ്റ്റിങ്ങിലൂടെ നിരീക്ഷണം നടത്തും. സിറ്റി പൊലീസ് കമ്മീഷണർമാരുടെയും ജില്ലാ പോലീസ് മേധാവികളുടെയും നേതൃത്വത്തിലാണ് ജില്ലകളിൽ നിരീക്ഷണം നടത്തുന്നത്.ബൂത്തുകളിൽ എന്തെങ്കിലും അസാധാരണ നടപടി കണ്ടാൽ ഉടൻ തന്നെ കമ്മീഷൻ ഇടപെട്ട് നടപടി സ്വീകരിക്കും. ബൂത്തിനുള്ളിൽ അതിക്രമിച്ചു കയറുകയോ, കൂട്ടംകൂടി നിന്ന് തെരഞ്ഞെടുപ്പിന്‍റെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുകയോ ചെയ്യുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ ഉടൻ പൊലീസിന് നിർദ്ദേശം നൽകും.

തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് രണ്ട് കൺട്രോൾ റൂമുകളാണ് പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥർക്ക് പുറമെ പോലീസ്, എക്‌സൈസ്, ബി.എസ്.എൻ.എൽ., ഐ.കെ.എം., മോട്ടോർ വാഹന വകുപ്പ്, കെൽട്രോൺ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമാണ് നിരീക്ഷണം നടത്തുന്നത്.

നാളെ പൊതു അവധി

കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള 7 ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു: സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകം.സർക്കാർ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. സ്വകാര്യ മേഖലയിലെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്കും ഈ ദിവസം ശമ്പളത്തോടെ അവധി ലഭിക്കും.എന്നാല്‍ അവധി പ്രഖ്യാപിച്ചിട്ടില്ലാത്ത ജില്ലയില്‍ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിക്കുമെന്നും കാഷ്വല്‍ ലീവ്, കമ്യൂട്ടഡ് ലീവ്, അർജിതാവധി എന്നിവ ഒഴികെ സ്പാർക്കില്‍ ലഭ്യമായ മറ്റേതെങ്കിലും തരം പ്രത്യേക അവധി (Other Duty/Special Leave) തെരഞ്ഞെടുക്കാമെന്നും സർക്കാർ വ്യക്തമാക്കി. ഇവർ വോട്ടർ പട്ടികയിലെ പേരിന്റെ തെളിവ് ഹാജരാക്കണം.

 സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്ബളം കുറയ്ക്കാതെ പൂർണ അവധി നല്‍കണമെന്ന് നിർദ്ദേശമുണ്ട്. വോട്ടെടുപ്പ് സമയംതദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് സമയക്രമം സമ്മതിദായകർ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം 6 വരെ പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാനെത്തിയ മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം നല്‍കും.  വോട്ടെടുപ്പ് അവസാനിപ്പിക്കാൻ നിശ്ചയിച്ച സമയത്തിന് പോളിങ് സ്റ്റേഷനില്‍ ക്യൂവില്‍ നില്‍ക്കുന്ന എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. ഇവർക്ക് പ്രിസൈഡിങ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നല്‍കും.