കേരളം /ബജറ്റ് 2026-27 : തീരദേശ വികസനത്തിന് 400 കോടിയുടെ 'മിഷൻ സമുദ്ര, രണ്ടാം ഭൂപരിഷ്കരണം നടപ്പിലാക്കുo...

തിരുവനന്തപുരം: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണം നിയമസഭയിൽ ആരംഭിച്ചു. ധനവകുപ്പിൻ്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി സതീശനാണ് തൻ്റെ കന്നി ബജറ്റ് അവതരിപ്പിക്കുന്നത്. പ്രതിസന്ധികൾ മറികടന്ന് പുതുയുഗ കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
തീരദേശ വികസനത്തിന് മിഷൻ സമുദ്ര
സംസ്ഥാനത്തെ സമ്പൂർണ പോർട്ട് സിറ്റിയായി വിഭാവനം ചെയ്യുന്ന പുതിയ പദ്ധതിയായ മിഷൻ സമുദ്രയ്ക്ക് ബജറ്റിൽ 400 കോടി രൂപ വകയിരുത്തി. കേരളത്തിൻ്റെ തീരദേശ വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും വലിയ കുതിപ്പേകുന്നതാണ് ഈ പദ്ധതി. സംസ്ഥാനത്തെ മികച്ചൊരു മാരിടൈം സമ്പദ്‌വ്യവസ്ഥയിലേക്ക് പൂർണമായും മാറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി തീരദേശത്തുള്ളവർക്ക് തൊഴിലിൽ മുൻഗണന നൽകും. കൂടാതെ 50 കോടി രൂപ ചെലവിൽ അന്തർദേശീയ മാരിടൈം മ്യൂസിയം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സതേൺ കേരള ഇക്കണോമിക് സോൺ
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളെ മുൻനിർത്തി സതേൺ കേരള ഇക്കണോമിക് സോൺ നടപ്പാക്കും. അതേസമയം, സംസ്ഥാനത്ത് റവന്യു ഡെഫിസിറ്റ് ഗ്രാൻ്റുമായി ബന്ധപ്പെട്ട് പദ്ധതി അടങ്കലിൽ കുറവുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വാർഷിക പദ്ധതി വിഹിതത്തിൽ വെട്ടിച്ചുരുക്കൽ അനിവാര്യമായിരിക്കുകയാണ്. നിലവിലെ സാമ്പത്തിക സ്ഥിതി കൃത്യമായി പരിഗണിച്ചാണ് പദ്ധതി അടങ്കൽ തുകയിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. ഇത് വിവിധ വികസന പദ്ധതികളുടെ നടത്തിപ്പിനെ സ്വാധീനിക്കാൻ സാധ്യതയുണ്ട്.സംസ്ഥാനത്തിൻ്റെ നിലവിലെ സാമ്പത്തിക സ്ഥിതിയും ഭാവി പദ്ധതികളും ജനങ്ങൾക്ക് മുന്നിൽ വിശദീകരിച്ച മുഖ്യമന്ത്രി, സമഗ്രമായ വികസനത്തിലേക്ക് നയിക്കുന്നതിൻ്റെ ഭാഗമായി പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പൂർണമായും സജ്ജമാണെന്ന് വ്യക്തമാക്കി. നിലവിലുള്ള എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി മറികടന്ന് പുതിയൊരു വികസന മാതൃക രൂപപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
രണ്ടാം ഭൂപരിഷ്കരണം നടപ്പിലാക്കും
സംസ്ഥാന ബജറ്റിൽ സുപ്രധാന പ്രഖ്യാപനo. സംസ്ഥാനത്ത് രണ്ടാം ഭൂപരിഷ്കരണം നടപ്പിലാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിൻ്റെ ഭാഗമായി എല്ലാവർക്കും ഭൂമി ലഭ്യമാക്കുന്നതിനായി പുതിയ ലാൻഡ് മാനേജ്മെൻ്റ് നയം കൊണ്ടുവരും. ഭൂമിയില്ലാത്ത സാധാരണക്കാർക്ക് സ്വന്തമായി ഇടം ഉറപ്പാക്കുന്നതിനൊപ്പം ഭൂമിയുടെ കാര്യക്ഷമമായ വിനിയോഗവും പുതിയ നയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നു. കാർഷിക ആവശ്യങ്ങൾക്കും പാർപ്പിട നിർമാണത്തിനും അനുയോജ്യമായ രീതിയിൽ ഭൂമി വിനിയോഗിക്കാൻ പുതിയ നയം സഹായിക്കും.വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി രൂപീകരിച്ച വയോജന വകുപ്പിൻ്റെ വിവിധ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ ബജറ്റിൽ വകയിരുത്തി. പ്രായമായവർക്ക് മികച്ച ആരോഗ്യ പരിരക്ഷയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക. വയോജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി കൂടുതൽ പദ്ധതികൾ ഈ തുക ഉപയോഗിച്ച് വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കും.
ഇതിന് പുറമെ സംസ്ഥാനത്ത് പുതിയതായി കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കാനും ബജറ്റിൽ തീരുമാനിച്ചിട്ടുണ്ട്. വയോജനങ്ങൾക്കും കിടപ്പിലായ രോഗികൾക്കും മികച്ച പരിചരണം നൽകുന്നതിനായി ശാസ്ത്രീയ പരിശീലനം ലഭിച്ചവരെ വാർത്തെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും മികച്ച പരിചരണം ആവശ്യമുള്ളവർക്ക് അത് ഉറപ്പാക്കാനും പുതിയ സർട്ടിഫിക്കറ്റ് കോഴ്സുകൾ വഴി സാധിക്കും.
ഗ്ലോബൽ ജോബ് വാച്ച് ടവർ സ്ഥാപിക്കും
തൊഴിൽ മേഖലയിലെ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനും പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനുമായി സംസ്ഥാനത്ത് ഗ്ലോബൽ ജോബ് വാച്ച് ടവർ സ്ഥാപിക്കും. ലോകമെമ്പാടുമുള്ള തൊഴിൽ സാധ്യതകൾ കൃത്യമായി മനസ്സിലാക്കി ഉദ്യോഗാർഥികൾക്ക് ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദേശ രാജ്യങ്ങളിലടക്കം വരുന്ന പുതിയ തൊഴിൽ അവസരങ്ങൾ വേഗത്തിൽ അറിയാനും അതിനനുസരിച്ച് ഉദ്യോഗാർഥികളെ സജ്ജരാക്കാനും ഈ സംവിധാനം സഹായിക്കും.ബഹിരാകാശ ഗവേഷണ മേഖലയിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി പുതിയ പ്രഖ്യാപനങ്ങളുണ്ട്. സ്വകാര്യ സാറ്റലൈറ്റ് വിക്ഷേപണ സ്ഥാപനങ്ങൾക്ക് സംസ്ഥാനത്ത് പ്രത്യേക പ്രോത്സാഹനം നൽകാനാണ് തീരുമാനം. ഇത്തരം സംരംഭങ്ങൾ ആരംഭിക്കാൻ മുന്നോട്ടുവരുന്ന സ്വകാര്യ കമ്പനികൾക്ക് ആവശ്യമായ ഭൂമി സർക്കാർ നൽകും. ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ കേരളത്തിലേക്ക് ആകർഷിക്കാനും ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആദിവാസി വിഭാഗങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനായി വയനാട്ടിൽ പുതിയ ട്രൈബൽ യൂണിവേഴ്സിറ്റി യാഥാർഥ്യമാക്കും. ഈ സർവകലാശാലയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 50 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. ഗോത്രവിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് മികച്ച ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കാൻ ഈ പദ്ധതിയിലൂടെ കഴിയും. വയനാടിൻ്റെ വിദ്യാഭ്യാസ പുരോഗതിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പുതിയ സർവകലാശാലയ്ക്ക് സാധിക്കും.
വൺ കേരള കരുതൽ മിഷൻ
സംസ്ഥാനത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. വൺ കേരള കരുതൽ മിഷൻ എന്ന പേരിലാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ സഹായിക്കാനും അവർക്ക് ആവശ്യമായ പിന്തുണ നൽകാനും ലക്ഷ്യമിട്ടാണ് സർക്കാർ ഈ മിഷൻ രൂപീകരിക്കുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള സഹായങ്ങൾ ഏകോപിപ്പിച്ച് അർഹരായവരിൽ വേഗത്തിൽ എത്തിക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കും.പദ്ധതിയുടെ സുതാര്യത ഉറപ്പാക്കാൻ കർശന നടപടികളാണ് സർക്കാർ സ്വീകരിക്കുക. വൺ കേരള കരുതൽ മിഷനിലൂടെ ലഭിക്കുന്ന സംഭാവനകൾ പൂർണമായും കാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രമാണ് ചെലവഴിക്കുന്നത് എന്ന് ഉറപ്പുവരുത്തും. ഫണ്ടുകൾ വകമാറ്റി ചെലവഴിക്കുന്നില്ലെന്നും അർഹരായ ഗുണഭോക്താക്കൾക്ക് തന്നെ സഹായം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ പ്രത്യേക പരിശോധനകൾ ഉണ്ടാകും.പുതിയ മിഷൻ്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനായി പ്രത്യേക തുകയും വകയിരുത്തിയിട്ടുണ്ട്. വൺ കേരള കരുതൽ മിഷൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കും ഏകോപനത്തിനുമായി ഒരു കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. ഈ തുക ഉപയോഗിച്ച് മിഷൻ്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാനും സാധിക്കും. സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും താങ്ങായി മാറുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഭൂമി ഏറ്റെടുക്കുന്നത് വേഗത്തിലാക്കാൻ പുതിയ സംവിധാനം
സംസ്ഥാനത്ത് വിവിധ വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നത് വേഗത്തിലാക്കാൻ പുതിയ സംവിധാനം വരുന്നു. ഇതിനായി ഇൻവെസ്റ്റ് സെൽ എന്ന പേരിൽ പ്രത്യേക ഏകജാലക സംവിധാനം രൂപീകരിക്കും. വ്യവസായ സംരംഭങ്ങൾക്കും മറ്റ് പദ്ധതികൾക്കും ആവശ്യമായ ഭൂമി എളുപ്പത്തിൽ ലഭ്യമാക്കാനും നടപടിക്രമങ്ങൾ ലഘൂകരിക്കാനുമാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ നിക്ഷേപകർക്ക് കാലതാമസമില്ലാതെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.വ്യവസായ മേഖലയ്ക്ക് കൂടുതൽ കരുത്തേകുന്നതിൻ്റെ ഭാഗമായി സംസ്ഥാനമൊട്ടാകെ പുതിയ സംരംഭങ്ങൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ 10000 പുതിയ ഇടത്തരം, ചെറുകിട വ്യവസായങ്ങൾ സംസ്ഥാനത്ത് ആരംഭിക്കും. പ്രാദേശിക തലത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക വളർച്ച ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഇത്രയധികം വ്യവസായങ്ങൾ തുടങ്ങുന്നത്. ഗ്രാമീണ മേഖലയിലടക്കം പുതിയ സംരംഭങ്ങൾ വരുന്നതോടെ സംസ്ഥാനത്തിൻ്റെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.ഈ ചെറുകിട, ഇടത്തരം വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി വലിയ തുകയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. പദ്ധതികൾ സുഗമമായി നടപ്പിലാക്കുന്നതിനായി 100 കോടി രൂപയാണ് മാറ്റിവച്ചിട്ടുള്ളത്. പുതിയ സംരംഭകർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പാക്കാൻ ഈ തുക വിനിയോഗിക്കും. വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം കൂടുതൽ നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകർഷിക്കാനും പുതിയ പ്രഖ്യാപനങ്ങളിലൂടെ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
സംസ്ഥാനം മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക്
കേരളത്തെ ഒരു പോർട്ട് സിറ്റിയായി വിഭാവനം ചെയ്തുകൊണ്ട് സംസ്ഥാനത്തെ പൂർണമായും മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് മാറ്റാൻ സർക്കാർ ഒരുങ്ങുന്നു. ഇതിൻ്റെ ഭാഗമായി വിഴിഞ്ഞത്ത് പുതിയ കപ്പൽ നിർമാണ കേന്ദ്രം ആരംഭിക്കും. ഈ പദ്ധതികൾ നടപ്പിലാക്കുമ്പോൾ തീരദേശത്തുള്ളവർക്ക് തൊഴിലിൽ പ്രത്യേക മുൻഗണന നൽകാനാണ് തീരുമാനം.സമുദ്രമേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള മിഷൻ സമുദ്രയ്ക്ക് 400 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിനുപുറമെ സംസ്ഥാനത്ത് ഒരു അന്തർദേശീയ മാരിടൈം മ്യൂസിയം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ മ്യൂസിയം യാഥാർഥ്യമാക്കുന്നതിനായി 50 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളെ മുൻനിർത്തി സതേൺ കേരള ഇക്കോണോമിക് സോൺ രൂപീകരിക്കാനും പദ്ധതിയുണ്ട്.വ്യോമയാന മേഖലയിലും വൻ കുതിച്ചുചാട്ടത്തിനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി കേരളത്തെ ഏഷ്യയിലെ തന്നെ പ്രധാന ഏവിയേഷൻ കേന്ദ്രമാക്കി മാറ്റും. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി 200 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. ഇതിന് പുറമെ കൊച്ചിൻ എയർപോർട്ടിനോട് അനുബന്ധിച്ച് പുതിയ അന്താരാഷ്ട്ര കൺവെൻഷൻ സെൻ്റർ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.