ഇത് ഇന്ത്യയിൽ ആദ്യം , ലോകത്ത് രണ്ടാമത്; അതിദാരിദ്ര്യമുക്ത കേരളം: ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ഇത് ഇന്ത്യയിൽ  ആദ്യം , ലോകത്ത് രണ്ടാമത്; അതിദാരിദ്ര്യമുക്ത കേരളം: ഔദ്യോഗിക പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം : മലയാളികള്‍ കേരളപ്പിറവി ദിനമാഘോഷിക്കുന്ന വേളയില്‍ ചരിത്ര പ്രഖ്യാപനത്തിനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനം അതിദാരിദ്ര്യ നിര്‍മ്മാര്‍ജനം ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ പദ്ധതകള്‍ പ്രഖ്യാപിക്കും. വൈകിട്ടാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയിത്തില്‍ വച്ച് അതിദരിദ്ര്യ നിര്‍മ്മാര്‍ജന പ്രഖ്യാപന സമ്മേളനം നടക്കുക.മന്ത്രിമാര്‍, ചലച്ചിത്ര താരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികള്‍ക്ക് പുറമെ  എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടികള്‍ നടക്കും. ലോകത്തിലെ തന്നെ വിരലിലെണ്ണാവുന്ന പ്രദേശങ്ങള്‍ മാത്രം കൈവരിച്ചതും, ഏതൊരു പുരോഗമന സമൂഹവും സ്വപ്‌നം കാണുന്നതുമായ 'അതിദാരിദ്ര്യമുക്ത സംസ്ഥാനം' എന്ന പദവിയിലേക്ക് കേരളം ഉയരുകയാണെന്നും മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന മാനവിക മാതൃകയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.വിസ്‌തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നതെന്നും ലോകമാകെയുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു മാനവിക മാതൃകയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

'ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപം കൊണ്ടതിൻ്റെ ഓര്‍മ്മ പുതുക്കുന്ന ഈ വേളയില്‍, ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതിച്ചേര്‍ക്കേണ്ട ഒരു സുപ്രധാന പ്രഖ്യാപനത്തിന് കൂടി കേരളം സാക്ഷ്യം വഹിക്കുകയാണ്. ലോകത്തിലെ തന്നെ വിരലിലെണ്ണാവുന്ന പ്രദേശങ്ങള്‍ മാത്രം കൈവരിച്ചതും, ഏതൊരു പുരോഗമന സമൂഹവും സ്വപ്നം കാണുന്നതുമായ 'അതിദാരിദ്ര്യമുക്ത സംസ്ഥാനം' എന്ന പദവിയിലേക്ക് കേരളം ഉയരുകയാണ്.വെറും കണക്കുകളിലെ നേട്ടത്തിനപ്പുറം, കഴിക്കാന്‍ ഭക്ഷണമില്ലാത്ത, താമസിക്കാന്‍ വീടില്ലാത്ത, സൗജന്യ ചികിത്സ ലഭിക്കാത്ത ഒരാള്‍പോലും ഈ കേരളത്തിലില്ല എന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പ്രഖ്യാപനം, ലോകമാകെയുള്ള മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു മാനവിക മാതൃകയാണിത്', മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, അതിദരിദ്രരുടെ തെരഞ്ഞെടുപ്പ് ശാസ്‌ത്രീയമായ കണക്കെടുപ്പിലൂടെയാണോ എന്ന ചോദ്യം സാമൂഹിക-സാമ്പത്തിക ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.

"സമത്വം, സാമൂഹികനീതി, മാനുഷികവികസനം എന്നീ മൂല്യങ്ങളില് അടിയുറച്ച നവകേരളമാണ് നമ്മുടെ ലക്ഷ്യം. ഈ കേരളപ്പിറവി ദിനത്തില്, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്ത്തിക്കാം. എല്ലാ മലയാളികള്ക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ദിനാശംസകള്." :പിണറായി വിജയൻ

മന്ത്രി എംബി രാജേഷിൻ്റെ എഫ്ബി കുറിപ്പിൽ നിന്നും....

2021 മെയ് മാസത്തിൽ രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ ശേഷം 2021 ജൂണിൽ നടത്തിയ ജനപങ്കാളിത്തത്തോടെയുള്ള നിർണയ പ്രക്രിയ.

    • 64006 അതിദരിദ്ര കുടുംബങ്ങൾ.
    • 21263 അടിയന്തിര സേവനങ്ങളും അടിസ്ഥാന രേഖകളും ഹ്രസ്വകാല - ഇടക്കാല - ദീർഘകാല മൈക്രോ പ്ലാനുകളും.
    • 20648 കുടുംബങ്ങൾക്ക് മുടക്കമില്ലാതെ ആഹാരം,
    • 18438 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകള്‍,
    • 2210 കുടുംബങ്ങള്‍ക്ക് പാകം ചെയ്ത ഭക്ഷണം,
    • 29,427 കുടുംബങ്ങളിൽ നിന്നുള്ള 85,721 വ്യക്തികൾക്ക് വൈദ്യസഹായം,
    • 5,777 വ്യക്തികൾക്ക് പാലിയേറ്റീവ് പരിചരണം,
    • 7 പേർക്ക് അവയവ മാറ്റിവയ്ക്കൽ സഹായം,
    • 579 പേർക്ക് ആരോഗ്യ സഹായ ഉപകരണങ്ങൾ,
    • 4,394 കുടുംബങ്ങൾക്ക് സ്വയം വരുമാനദായക പ്രവർത്തനങ്ങൾ,
    • 34672 കുടുംബങ്ങൾക്ക് അവിദഗ്ധ തൊഴിലിലൂടെ 77 കോടി രൂപയുടെ അധിക വരുമാനം.
    • 5422 വീടുകളുടെ നിർമ്മാണം പൂർത്തിയായി.
    • 5522 വീടുകളുടെ പുനരുദ്ധാരണം നടന്നു.
    • 439 കുടുംബങ്ങൾക്കായി 2832.645 സെൻ്റ് ഭൂമി
  • അങ്ങനെ ആ ചരിത്രനേട്ടം കേരളം സ്വന്തമാക്കി. ഇന്ത്യയിലെ ആദ്യത്തെ, ലോകത്ത് ചൈന കഴിഞ്ഞാൽ രണ്ടാമത്തെ അതിദാരിദ്യ മുക്ത പ്രദേശം എന്ന നേട്ടം കേരളം സ്വന്തമാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.