കേരളത്തിലെ കുട്ടി കർഷകരായ സഹോദരിമാർക്ക് മുംബൈയിൽ സ്വീകരണം
മുംബൈ: സ്ഥല പരിമിതികളെ അതിജീവിച്ച് ചെറുപ്രായത്തിൽ തന്നെ വീടിൻ്റെ മട്ടുപ്പാവിൽ കൃഷിചെയ്‌ത് ലോക ശ്രദ്ധപിടിച്ചു പറ്റിയ ഏഴാം ക്ലാസുകാരി ഫരീദ ഫിറോസും , നാലാം ക്ലാസുകാരി ഫാദിയ ഫിറോസും കുടുംബസമേതം മുംബൈയിലെത്തുന്നു.
വീഡിയോ ഗെയിമുകളുടേയും റീൽസുകളുടേയും ലോകത്തെ സന്തോഷങ്ങളിലും നേരമ്പോക്കുകളിലും ആകൃഷ്ടരായി, ഇന്നത്തെ ബാല്യം എല്ലാം മറന്നുപോകുന്ന സൈബർ ഇടങ്ങളിൽ കുടുങ്ങിപ്പോകുന്ന വർത്തമാന കാലത്ത് , അതിൽനിന്നും വ്യത്യസ്തരായി പഠനത്തിനുശേഷമുള്ള മുഴുവൻ സമയവും ജൈവകൃഷിക്കായിമാറ്റിവെച്ച് ഒരു തലമുറയ്ക്ക് തന്നെ മാതൃകയായി മാറിയ രണ്ടുപേരും ഇന്ന് മുംബൈയിലെത്തുന്നത് അവർ ഏറെനാളായി ആഗ്രഹിച്ച ആകാശയാത്രയിലൂടെയാണ്. ഒരു വിമാനയാത്രയ്ക്കുവേണ്ടി മാത്രം ജൈവ കൃഷിയ്ക്കുള്ള അംഗീകാരമായി പലയിടങ്ങളിൽനിന്നുമായി ലഭിച്ച പുരസ്കാര തുകകള്‍ കൂട്ടിവെച്ചവരാണ് ഇരുവരും . ഇന്നത് യാഥാർഥ്യമാകുകയാണ് .(കുട്ടികളുടെ കൃഷി നേരിൽ കണ്ടും കൃഷി സംബന്ധമായ സംശയങ്ങൾ ചോദിച്ചറിഞ്ഞും അവരുടെ കഴിവിനെ തിരിച്ചറിഞ്ഞ ആലപ്പുഴ സ്വദേശിയായ ഒരു അഭ്യുദയാകാംക്ഷിയാണ് കുട്ടികളുടെ ആഗ്രഹം തിരിച്ചറിഞ്ഞ് മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്ക് ടിക്കറ്റെടുത്തു നൽകിയത്. )ഇന്ന് രാവിലെ കൊച്ചിയിൽ നിന്നും അവർ മുംബൈയിലേക്ക് യാത്ര തിരിക്കും .
ഡോംബിവ്‌ലിയിൽ WMF ൻ്റെ സ്വീകരണം
ജനുവരി 31 ന് വൈകുന്നേരം 4:30 ന് ഡോംബിവലി ഈസ്റ്റ് ഹോളി ഏഞ്ചൽ സ്കൂൾ ഓഡിറ്റോറിയത്തിൽ, വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്രാ വിഭാഗം സംഘടിപ്പിക്കുന്ന സ്വീകരണ ചടങ്ങിൽവെച്ച് മാതൃകാപരവും പ്രചോദനാത്മകവുമായപ്രവർത്തിക്കുള്ള അംഗീകാരമായി രണ്ടുപേരെയും പുരസ്‌ക്കാരം നൽകി സംഘടന അനുമോദിക്കും . ഫെഡറേഷൻ്റെ മുഖ്യ രക്ഷാധികാരി ഡോ. ഉമ്മൻ ഡേവിഡ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രസിഡൻ്റ് ഡോ. റോയി ജോൺ മാത്യു, ഉപാധ്യക്ഷന്മാരായ ബിജോയ് ഉമ്മന്‍, സിന്ധു നായര്‍, ജനറല്‍ സെക്രട്ടറി ഡൊമനിക് പോൾ, ജോ. സെക്രട്ടറിമാരായ എൻ ടി പിള്ള, അഡ്വ. രാഖി സുനില്‍, ട്രഷറർ ബിനോയി തോമസ് മറ്റ് ഭാരവാഹികൾ ഡോംബിവലി കേരളീയ സമാജം പ്രസിഡന്റ് ഇ. പി. വാസു തുടങ്ങിയവർ പങ്കെടുക്കും.
മുംബൈ വിമാനത്തവാളത്തിൽ സ്വീകരണം
പരിസ്ഥിതി - ജൈവ സംരക്ഷണ പ്രവർത്തകനും, ജൈവ കൃഷി പ്രചാരകനും വനമിത്ര പുരസ്കാര ജേതാവുമായ ഫിറോസ് അഹമ്മദ് (പിതാവ്) എൻ നാസില (മാതാവ്) എൽകെജി വിദ്യാർത്ഥിയും അനുജനുമായ ഫാദിൽ മുഹമ്മദ് ഫിറോസ് എന്നിവരോടോപ്പമാണ് കുട്ടികർഷകർ നാട്ടിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങാനായിമുംബൈയിലെത്തുന്നത് . മുംബൈ ഛത്രപതി ശിവാജി വിമാനതാവളത്തിലെത്തുന്ന ഇവരെ വേൾഡ് മലയാളി ഫെഡറേഷൻ ജോയിൻ്റ് സെക്രട്ടറി എൻ ടി പിള്ള, ശിവസേന (ശിന്ദേ ) മഹാരാഷ്ട്ര സൗത്ത് ഇന്ത്യൻ സെൽ കോ- ഓർഡിനേറ്റർ ജയന്ത് നായർ എന്നിവർ ചേർന്ന് സ്വീകരിക്കും.
മുംബൈ കേരള മുസ്ലീം ജമാഅത്താണ് ഇവർക്ക് സൗജന്യ താമസം ഒരുക്കിയിരിക്കുന്നത് . മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ കുടുംബം ഗാന്ധി ഗ്രാം, ഗേറ്റ് വേ ഓഫ് ഇന്ത്യ, എലിഫെൻ്റാ കേവ്, വർളി നെഹ്റു പ്ലാനറ്റോറിയം, ദാദർ, ഹാജി അലി, ജുഹൂ ബീച്ച്, മറൈൻ ഡ്രൈവ് എന്നിവിടങ്ങളില്‍ സന്ദർശിക്കും .

കുട്ടി കർഷകരായതെങ്ങനെ ?
പരിസ്ഥിതി പ്രവർത്തകനും ജൈവ കർഷകനുമായ പിതാവ് ഫിറോസ് അഹമ്മദിൽ നിന്നും ലഭിച്ച പ്രചോദനമാണ് കളിച്ചുനടക്കേണ്ട പ്രായത്തിൽ കൃഷിയോടുള്ള ആഭിമുഖ്യം കുട്ടികളിൽ ഉണ്ടാകുന്നത്. തങ്ങൾക്കും കൃഷി ചെയ്യണം എന്ന ആവശ്യം ഇരുവരും ഉന്നയിച്ചതോടുകൂടിയാണ് സ്വന്തമായി വേറേ കൃഷി ഭൂമിയൊന്നുമില്ലാത്ത ഫിറോസും ഭാര്യ നാസിലയും ചേർന്ന് കുട്ടികളെ വീടിൻ്റെ മട്ടുപ്പാവിലേയ്ക്ക് കൊണ്ടുപോകുന്നത്.800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ' കൃഷി ഭൂമി'യിലാണ് അച്ഛൻ നൽകിയ ബാലപാഠങ്ങൾ ഉൾക്കൊണ്ട് ഫരീദ - ഫാദിയമാർ കൃഷി ആരംഭിച്ചത്. ഇന്ന് ആലപ്പുഴ വട്ടയാൽ പുത്തൻ വീട് പുരയിടത്തിലെ ഫരീദ മൻസിലിൻ്റെ മട്ടുപ്പാവിൽ പ്ലാസ്റ്റിക് ചട്ടികളിലും ഗ്രോബാഗുകളിലുമായി
അഞ്ഞൂറോളം ചുവടു പച്ചക്കറികൾ കാണാം.പിച്ചിൽ,പയർ,പടവലം,പാവൽ,തക്കാളി,പച്ചമുളക്, കോളി ഫ്ലവർ,ചീര,പൈനാപ്പിൾ,കാന്താരി മുളക്,വെള്ളരി,ഇഞ്ചി,ചോളം എല്ലാം കുട്ടി കർഷകരുടെ പരിപാലനത്തിൽ വളരുന്നു. വിത്തിടുന്നതും വിളവെടുക്കുന്നത്തും അവർ തന്നെ.വളപ്രയോഗവും കീട നിയന്ത്രണത്തിൻ്റെ കാര്യങ്ങളുമെല്ലാം ഇരുവരുമൊരുമിച്ചു ചെയ്യുന്നു.വിളവെടുക്കുന്ന പച്ചക്കറികൾ ഇവർ അയൽവാസികൾക്കും സുഹൃത്തുക്കൾക്കും സൗജന്യമായാണ് നൽകുന്നത് .
ഇവർ ചെയ്യുന്ന കൃഷികൾ കാണാനും പഠിക്കാനും കൃഷിയിൽ താൽപ്പര്യമുള്ള മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവരും ആലപ്പുഴയിലെ വസതിയിൽ എത്തിച്ചേരാറുണ്ട്.

