കേരളത്തിൻ്റെ സ്വന്തം കെ -ഫെനി മാർച്ച്‌ പത്തിനകം വിപണിയിലേക്ക്

കേരളത്തിൻ്റെ  സ്വന്തം കെ -ഫെനി മാർച്ച്‌ പത്തിനകം വിപണിയിലേക്ക്

കണ്ണൂർ: ഗോവൻ മദ്യ വിപണികളിലെ ജനകീയ ഐറ്റം  'ഫെനി'  കണ്ണൂർ സ്റ്റൈലിൽ ഇനി കേരളത്തിലും .കേരളത്തിന്റെ സ്വന്തം കെ - ഫെനി മാർച്ച്‌ പത്തിനകം വിപണിയിലേക്ക് എത്തും.ഗോവൻ ഫെനിക്ക് സമാനമായി കശുമാങ്ങയില്‍ നിന്നാണ് കെ - ഫെനി നിർമിക്കുന്നത്. കണ്ണൂർ പയ്യാവൂർ ആനയടിയില്‍ ഫാക്ടറി നിർമാണം അന്തിമഘട്ടത്തിലാണ്. ഫെബ്രുവരി അവസാനത്തോടെ കെ ഫെനിയുടെ നിർമാണം ആരംഭിക്കും.പയ്യാവൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് നിർമാണം. ബിവറേജ്‌സ് കോർപ്പറേഷൻ മുഖേനയായിരിക്കും വില്‍പന. പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് കശുമാങ്ങ ഉപയോഗിച്ച്‌ ആല്‍ക്കഹോള്‍ വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ നല്‍കിയ അനുമതിക്ക് പിന്നാലെയാണ് കെ ഫെനി നിർമിക്കുന്നത്. ഇതിനായി കശുമാങ്ങ ശേഖരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുങ്ങി കഴിഞ്ഞു. കശുമാങ്ങ സീസണില്‍ നിർമിക്കാനാണ് തീരുമാനം . ഡിസംബർ മുതല്‍ മെയ് വരെയാണ് കശുമാങ്ങ സീസണ്‍. കശുവണ്ടി കർഷകർക്ക് അധിക വരുമാനം ലഭിക്കുന്ന പദ്ധതി കൂടിയാണിത്.

കെ - ഫെനി വന്ന വഴി :

പഴവർഗ്ഗങ്ങളിൽ നിന്ന് വീര്യംകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ സംസ്ഥാനത്തെ അബ്കാരി ആക്ടും ചട്ടവും ഭേദഗതി ചെയ്തതോടെയാണ്   ഇത്തരത്തിലെ ആദ്യ ഫെനി  ഉത്പാദനത്തിനു   പയ്യാവൂർ സർവീസ് സഹകരണ ബാങ്കിനു കീഴിലെ സംരംഭത്തിനു  അന്തിമാനുമതി ലഭിച്ചത്  എക്‌സൈസ് ലൈസൻസ് ലഭിച്ചതിനുശേഷം കഴിഞ്ഞ ഡിസംബറിൽ  നിർമ്മാണം  ആരംഭിക്കാനായിരുന്നു  സഹകരണ വകുപ്പിന്റെ തീരുമാനം. തുടക്കത്തിൽ  വിപണനം കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളിലൂടെയായാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.  പ്രൈമറി സംഘങ്ങൾ മുഖേന കശുമാങ്ങ സംഭരിച്ചാകും നിർമ്മാണം. ലാഭത്തിന്റെ എൺപത് ശതമാനവും കർഷകരിലേക്കെത്തിക്കും. കശുമാവ് കൃഷി വ്യാപിപ്പിക്കാൻ വായ്പയും സബ്‌സിഡിയും നൽകും. ഡിസംബർ മുതൽ മേയ് വരെയാണ് കശുമാങ്ങാ സീസൺ.ഈ സമയത്താകും ഫെനി ഉത്പാദനം.  ഫെനി ഉത്പാദനത്തിന് ശേഷം കശുമാങ്ങയുടെ ചണ്ടി സംസ്കരിച്ച് ജൈവവളമാക്കും.കശുമാങ്ങ സംസ്‌കരിക്കാനും ഡിസ്‌റ്റിലറിക്കുമായി കാഞ്ഞിരക്കൊല്ലിയിൽ നാലേക്കർ സ്ഥലം ബാങ്കിനുണ്ട്‌. ഗോവയിൽനിന്ന്‌ ഉപകരണങ്ങളെത്തിച്ചാണ്  ഫെനി യുടെ നിർമ്മാണം.

ഒരുകിലോ കശുമാങ്ങയിൽ നിന്ന്  5.5 ലിറ്റർ നീര് വരെ ലഭിക്കും . ഇത് സംസ്‌കരിച്ചാൽ കിട്ടുന്നത് അര ലിറ്റർ ഫെനിയാകും. ഒരു ലിറ്റർ ഫെനിയുടെ ഉത്പാദനച്ചെലവ് 200-250 രൂപ വരെയെത്തും . 100% എക്‌സൈസ് നികുതി ഉള്ളതിനാൽ ലിറ്ററിന് 500-600 രൂപയ്ക്ക് വിൽക്കാനാവുമെന്നാണ് സംരംഭകരുടെ  പ്രതീക്ഷ. ലൈസൻസ്‌ കശുമാങ്ങ ഫെനിക്ക്‌ മാത്രമായതിനാൽ, മറ്റു പഴങ്ങൾ ഉപയോഗിക്കാനാകില്ല. ഓഫ്‌ സീസണിൽ തൊഴിലാളികൾക്ക്‌ തൊഴിൽ നൽകാൻ കശുവണ്ടി ഫാക്ടറിയും ബാങ്ക്‌ ആരംഭിക്കുന്നുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും 100പേർക്ക് തൊഴിൽ സാദ്ധ്യതയുണ്ടെന്നതാണ് പദ്ധതിയുടെ മറ്റൊരു മേന്മ .

കശുമാങ്ങയിൽ നിന്ന് ഫെനി എന്ന ആശയവുമായി 2016ലാണ് പയ്യാവൂർ ബാങ്ക് സർക്കാരിനെ സമീപിച്ചത്. 2022 ജൂൺ 30ന് അനുമതി നൽകി. എന്നാൽ, ഫെനി നിർമ്മാണത്തിനുള്ള ചട്ടം രൂപീകരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് കൂടി വന്ന ശേഷമാണ് അന്തിമ അനുമതി നൽകിയത്.ഫെനി ഗോവയുടെ തനത് മദ്യമായതിനാൽ ഈ പേര് ഉപയോഗിക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് ബാങ്ക് അധികൃതർ.  നിയമവിദഗ്ദ്ധരുമായി ആലോചിച്ചശേഷം ആവശ്യമെങ്കിൽ പുതിയപേര് പരിഗണിക്കാനാണ് തീരുമാനം