"അവകാശം ആരുടേയും ഔദാര്യമല്ല": കേന്ദ്രത്തിനെതിരെ കേരളത്തിൻ്റെ സത്യാഗ്രഹം ആരംഭിച്ചു

തിരുവനന്തപുരം: കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന ഏകദിന സത്യാഗ്ര സമരം ആരംഭിച്ചു. പാളയം രക്ത സാക്ഷി മണ്ഡപത്തില്‍ നടക്കുന്ന സത്യാഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ധനകാര്യ കമ്മിഷനില്‍ നിന്നുള്ള വിഹിതം ആരുടെയും ഔദാര്യമല്ലെന്നും സംസ്ഥാനത്തിന് ഭരണഘടനാപരമായി ലഭിച്ച അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൻ്റെ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രക്ഷോഭമാണിത്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടത് നിഷേധിക്കരുത്. ഇതു മാത്രമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. അനര്‍ഹമായ ഒന്നും കേരളം ആവശ്യപ്പെടുന്നില്ല. കേന്ദ്ര സമീപനം ഇടതു മുന്നണിയെയോ സംസ്ഥാന സര്‍ക്കാരിനെയോ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തെ കേന്ദ്രം വല്ലാതെ ഞെരുക്കുകയാണ്. കൃത്യമായ ആസൂത്രണത്തിൻ്റെ ഭാഗമായാണിത്. ഒരു നാടിനെ ഏതെല്ലാം വഴികളിലൂടെ തകര്‍ക്കാം എന്നതിൻ്റെ കൃത്യമായ ആസൂത്രണമാണിത്. സംസ്ഥാനത്ത് ധൂര്‍ത്ത് എന്ന് പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്ന് സിഎജി റിപ്പോര്‍ട്ട് തന്നെ തെളിയിക്കുന്നു. ഇതു കൊണ്ടൊന്നും കേരളത്തെ തളര്‍ത്താനോ തകര്‍ക്കാനോ കഴിയില്ല. അത് കേന്ദ്ര സര്‍ക്കാരിനും കേന്ദ്രത്തെ പരോക്ഷമായി പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിനും ബോധ്യപ്പെട്ടിട്ടുണ്ട്.കേരളത്തെ തകര്‍ക്കാന്‍ കൂട്ടു നില്‍ക്കുന്ന മനോഭാവം കോണ്‍ഗ്രസും യുഡിഎഫും ഉപേക്ഷിക്കണം. കോണ്‍ഗ്രസിൻ്റെ പൂര്‍ണ സമ്മതത്തോടെയാണ് കേന്ദ്ര സര്‍ക്കാരിൻ്റെ നീക്കങ്ങള്‍. കോണ്‍ഗ്രസ് ആര്‍എസ്എസിൻ്റെ ആടയാഭരണങ്ങള്‍ എടുത്തണിയുന്നു. പ്രതിസന്ധികളില്‍ കോണ്‍ഗ്രസ് ആര്‍എസ്എസ് ആകുന്നു. ആര്‍എസ്എസിൻ്റെ ആടയാഭരണങ്ങള്‍ അണിയാന്‍ അവര്‍ക്ക് മടിയില്ല. കേന്ദ്രത്തിനെതിരെ ഒറ്റക്കെട്ടായി ശബ്ദം ഉയരാന്‍ പാടില്ലെന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും പിണറായി വിജയന്‍ ആരോപിച്ചു.
മതനിരപേക്ഷത അവകാശപ്പെടുന്നവര്‍ ഇങ്ങനെയല്ല ഇടപെടേണ്ടത്. അവര്‍ വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിലപാടെടുക്കുന്നു. ചില്ലറ വോട്ട്, 4 സീറ്റ് അല്ലെങ്കില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സ്ഥാനം ഇതൊക്കെ പ്രധാനപ്പെട്ടതാണെന്നു കണ്ട് വര്‍ഗീയതയുമായി കോണ്‍ഗ്രസ് സമരസപ്പെടരുത്. നിര്‍ഭാഗ്യ വശാല്‍ നാണം കെട്ട രീതിയിലുള്ള അത്തരം നീക്കങ്ങള്‍ കേരളത്തിൻ്റെ പല ഭാഗത്തും നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുകൊണ്ട് നടത്തുന്ന സത്യാഗ്രഹത്തില്‍ മുഖ്യമന്ത്രിക്കൊപ്പം സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരും ഭരണ കക്ഷി എംഎല്‍എ മാരും പങ്കെടുക്കുന്നുണ്ട്. അതേസമയം സത്യാഗ്രഹത്തിൻ്റെ ഉദ്ഘാടന ചടങ്ങുകളില്‍ എല്‍ഡിഎഫിലെ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയും ആര്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാറും പങ്കെടുത്തില്ല .