"കർഷകരെ മറക്കുന്നവർ നിയമസഭ മറന്നേക്കൂ" : 'കിഫ' കർഷക പ്രകടന പത്രിക പുറത്തിറക്കി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികളെ വെല്ലുവിളിച്ചുകൊണ്ട് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ) കർഷക പ്രകടന പത്രിക പുറത്തിറക്കി.കോഴിക്കോട് തിരുവമ്പാടിയിൽ സംഘടിപ്പിച്ച 'ആർക്കൊപ്പം 26' എന്ന കർഷക റാലിയോട് അനുബന്ധിച്ചു നടന്ന സമ്മേളനത്തിലാണ് 'കർഷകരെ മറക്കുന്നവർ നിയമസഭ മറന്നേക്കൂ' എന്ന മുദ്രാവാക്യമുയർത്തി കിഫ തങ്ങളുടെ ആവശ്യങ്ങൾ പ്രഖ്യാപിച്ചത്. വന്യമൃഗശല്യം ഉൾപ്പെടെയുള്ള കാർഷിക പ്രതിസന്ധികളിൽ ഊന്നിയുള്ള 35 ഇന കർഷക അവകാശ പത്രിക കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ പ്രകാശനം ചെയ്തു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കർഷകപക്ഷത്ത് നിൽക്കാത്ത മുന്നണികളെയും സ്ഥാനാർഥികളെയും പരാജയപ്പെടുത്താൻ കർഷകർ രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വന്യമൃഗശല്യം രൂക്ഷമായ 30 മണ്ഡലങ്ങളിൽ കിഫ സജീവമായി പ്രചാരണത്തിനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി
പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനങ്ങൾ
കേന്ദ്ര വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 11.2 പ്രകാരം വന്യമൃഗങ്ങളിൽ നിന്നും സ്വരക്ഷയ്ക്കുള്ള അവകാശം ഉപയോഗിച്ച് പ്രതിരോധിക്കുന്നവർക്കെതിരെ കേസെടുക്കില്ലെന്ന നയപരമായ തീരുമാനം സർക്കാർ കൈക്കൊള്ളണം. ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും ഇറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള അവകാശം കർഷകർക്ക് നൽകണം.
വനത്തിന്‍റെ വാഹകശേഷി കണക്കാക്കി വന്യമൃഗങ്ങളുടെ എണ്ണം ശാസ്ത്രീയമായി നിയന്ത്രിക്കുകയും വനാതിർത്തികളിൽ 100 മീറ്റർ വീതിയിൽ മരങ്ങളും കുറ്റിക്കാടുകളും നീക്കം ചെയ്ത് 'വിസ്ത ക്ലിയറൻസ്' നടപ്പിലാക്കുകയും വേണം. വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കും പരിക്കേൽക്കുന്നവർക്കും മോട്ടോർ ആക്സിഡന്റ് നിയമം (MACT) മാതൃകയിൽ പ്രായവും ആശ്രിതരുടെ എണ്ണവും പരിഗണിച്ച് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കണം.
കാർഷിക മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് എം.എസ്. സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്ത ഉൽപ്പാദനച്ചെലവിന്‍റെ 50 ശതമാനം അധികമായി ചേർത്തുള്ള ഫോർമുല നടപ്പിലാക്കണം. റബ്ബറിന് കിലോയ്ക്ക് 250 രൂപയും തേങ്ങയ്ക്ക് 70 രൂപയും നെല്ലിന് 35 രൂപയും താങ്ങുവിലയായി നിശ്ചയിക്കണം.
1963-ലെ ഭൂപരിഷ്കരണ നിയമം കാലോചിതമായി പരിഷ്കരിക്കുകയും 1964-ന് ശേഷം നിരോധിച്ച പാട്ടക്കൃഷി നിയമവിധേയമാക്കുകയും വേണം. തോട്ടഭൂമികളിൽ എല്ലാത്തരം കൃഷികളും അനുവദിക്കണമെന്നും അവിടെ വീട് നിർമ്മാണത്തിനുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും കിഫ ആവശ്യപ്പെടുന്നു. കൂടാതെ, പട്ടയഭൂമിയിലെ മരംമുറി സംബന്ധിച്ച് വനംവകുപ്പിനുള്ള അധികാരങ്ങൾ പൂർണ്ണമായും എടുത്തുമാറ്റുകയും കർഷകർക്ക് സ്വന്തം ഭൂമിയിലെ മരങ്ങൾ മുറിക്കാനും വിൽക്കാനുമുള്ള അവകാശം നൽകുകയും വേണം.
പരിസ്ഥിതി സംവേദക മേഖലകളിൽ (ESZ) നിന്നും കസ്തൂരിരംഗൻ റിപ്പോർട്ടിലെ ഇക്കോളജിക്കൽ സെൻസിറ്റീവ് ഏരിയകളിൽ നിന്നും കൃഷിയിടങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും പൂർണ്ണമായും ഒഴിവാക്കണം. 1996 ഡിസംബർ 12 വരെയുള്ള മുഴുവൻ കൈവശ ഭൂമികൾക്കും പട്ടയം നൽകണം. ചെറുകിട കർഷകരുടെ കാർഷിക വായ്പകൾ പൂർണ്ണമായി എഴുതിത്തള്ളുകയും കിസ്സാൻ ക്രെഡിറ്റ് കാർഡ് വായ്പാ പരിധി 6 ലക്ഷമായി ഉയർത്തുകയും വേണം.
വനം-റവന്യൂ അതിർത്തി തർക്കങ്ങൾ പരിഹരിക്കാൻ സംയുക്ത സർവ്വേ പൂർത്തിയാക്കുന്നതുവരെ കർഷകരുടെ ഭൂമിയിൽ ജെണ്ട് കെട്ടുന്ന പ്രവർത്തനങ്ങൾ വനംവകുപ്പ് നിർത്തിവെക്കണമെന്നും പ്രകടന പത്രികയിലൂടെ കിഫ സർക്കാരിനോട് ആവശ്യപ്പെട്ടു.