'കൈറ്റ് ഹരിതവിദ്യാലയം 4.0' ഗ്രാൻഡ് ഫിനാലെ : ഒന്നാംസ്ഥാനം പാലക്കാട് GHSS പൊറ്റശേരി, തിരുവന്തപുരം- GUPS വിതുര എന്നീ സ്‌കൂളുകൾക്ക്

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മികച്ച മാതൃകകൾ പങ്കുവെക്കുന്ന തിനും വിദ്യാലയങ്ങളുടെ മികവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച വിദ്യാഭ്യാസ റിയാലിറ്റി ഷോ 'കൈറ്റ് ഹരിതവിദ്യാലയം 4.0'യുടെ ഗ്രാൻഡ് ഫിനാലെയിൽ സെക്കൻ്ററി വിഭാഗത്തിൽ പാലക്കാട് ജില്ലയിലെ GHSS പൊറ്റശേരിയുംപ്രൈമറി വിഭാഗത്തിൽ തിരുവന്തപുരം ജില്ലയിലെ GUPS വിതുരയും ഒന്നാം സമ്മാനം നേടി.
സെക്കൻ്ററി തലത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 8.4 ലക്ഷം രൂപയും രണ്ടുമൂന്നും സ്ഥാനക്കാർക്ക് 6.3ലക്ഷം,4.2 ലക്ഷം രൂപയും ഐസിടി ഉപകരണങ്ങളും ലഭിച്ചു. പ്രൈമറി തലത്തിൽ 6.3 ലക്ഷം,4.2ലക്ഷം,2.94 ലക്ഷവുമാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ലഭിച്ചത്.മൗലികവും വ്യത്യസ്തവുമായ പ്രവർത്തനങ്ങളിലൂടെ മികവ് തെളിയിച്ച വിദ്യാലയങ്ങളെയും കുട്ടികളെയും ആദരിക്കുന്ന ഈ മത്സരത്തിൽ ആകെ 50 ലക്ഷം രൂപയുടെ സമ്മാനത്തുകയും ഐ.സി.ടി ഉപകരണങ്ങളുമാണ് നൽകിയത് .തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്തു.
കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് തിളക്കമാർന്ന വിജയം.
'കൈറ്റ് 'സംഘടിപ്പിച്ച വിദ്യാഭ്യാസ റിയാലിറ്റി ഷോ 'കൈറ്റ് ഹരിതവിദ്യാലയം 4.0'യുടെ ഗ്രാൻഡ് ഫിനാലെയിൽ സെക്കൻഡറി വിഭാഗത്തിൽ എ.കെ.ജി സ്മാരക ജി.എച്ച്.എസ്.എസ്. പെരളശ്ശേരി രണ്ടാം സ്ഥാനവും, രാജീവ് ഗാന്ധി മെമ്മോറിയൽ (ആർ.ജി.എം) എച്ച്.എസ്.എസ്. മൊകേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്കൂളുകളുടെ പശ്ചാത്തല സൗകര്യങ്ങൾ വിദ്യാർത്ഥികളിലേക്ക് ഫലപ്രദമായി എത്തിക്കുന്നതിലെ മികവാണ് പെരളശ്ശേരി സ്കൂളിനെ പുരസ്കാരത്തിന് അർഹമാക്കിയത്. പഠനത്തെ പ്രകൃതിയോട് ചേർത്തുനിർത്തുന്ന പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളാണ് മൊകേരി സ്കൂളിന് നേട്ടമായതെന്ന് കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് വ്യക്തമാക്കി. സി.എച്ച്.എം എച്ച്.എസ് എളയാവൂരിലെ ഹബീബ് റഹ്‌മാൻ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാനത്തെ 825 വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 86 സ്‌കൂളുകളാണ് ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ ഒന്നാം റൗണ്ടിൽ മത്സരിച്ചത്. ഇതിൽ നിന്ന് രണ്ടാം റൗണ്ടിലേക്ക് കടന്ന 26 സ്‌കൂളുകളിൽ നിന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ., കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .