കൊച്ചി മേയറുടെ സ്ഥാനാരോഹണം : ജനാധിപത്യ കീഴ്‌വഴക്കങ്ങൾ ലംഘിച്ചുവെന്ന് പ്രതിപക്ഷ ആരോപണം
എറണാകുളം: പുതിയ മേയറായി അഡ്വ. വി കെ മിനിമോൾ ചുമതലയേറ്റതിന് പിന്നാലെ കൊച്ചി കോർപ്പറേഷനിൽ ഭരണ-പ്രതിപക്ഷ പോര്. മേയറുടെ തുടക്കം തന്നെ പ്രതിപക്ഷത്തെ അവഗണിച്ചു കൊണ്ടും ജനാധിപത്യ കീഴ്‌വഴക്കങ്ങൾ ലംഘിച്ചു കൊണ്ടുമാണെന്ന് പ്രതിപക്ഷ നേതാവ് വി എ ശ്രീജിത്ത് . പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാതെ, കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി മേയർ കീഴ് വഴക്കങ്ങൾ ലംഘിച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. മേയർ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവും മറ്റ് കക്ഷി നേതാക്കളും സംസാരിക്കുകയും പുതിയ മേയറെ അഭിനന്ദിക്കുകയും ചെയ്യുന്നതാണ് കീഴ് വഴക്കം. ഈയൊരു കീഴ്വഴക്കമാണ് ലംഘിക്കപ്പെട്ടത്. പ്രതിപക്ഷവുമായി ഒരു കൂടിയാലോചനെയെങ്കിലും നടത്തേണ്ടതായിരുന്നു. ഭരണ പ്രതിപക്ഷ അംഗങ്ങൾ ചേർന്ന് മേയറെ കസേരയിലേക്ക് ആനയിക്കുന്നതായിരുന്നു രീതി. കൗൺസിലിൻ്റെ അന്തസിനെ മാനിക്കാത്ത നടപടിയാണുണ്ടായതെന്നും ശ്രീജിത്ത് ആരോപിച്ചു.ഭൂരിപക്ഷമുള്ളത് കൊണ്ട് എന്തുമാവാമെന്ന ധാരണയാണെങ്കിൽ അത് ജനാധി പത്യത്തോടുള്ള വെല്ലുവിളിയാണ്. വികസന കാര്യങ്ങളിൽ സഹകരിക്കും. അതേസമയം തെറ്റായ കാര്യങ്ങൾ തുറന്ന് കാട്ടും. മേയർ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ തർക്കങ്ങൾ പ്രതിഫലിക്കുന്നതായിരുന്നു ഇന്നത്തെ ചടങ്ങെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കൊച്ചിയുടെ മൂന്നാമത്തെ വനിതാ മേയറായി കോൺഗ്രസിലെ അഡ്വ. വി കെ മിനിമോൾ ഇന്ന് രാവിലെയാണ് ചുമതലയേറ്റെടുത്തത്. ജില്ലാ കലക്ടർ ജി പ്രിയങ്ക സത്യവാചകം ചൊല്ലിക്കൊടുത്തു. യുഡിഎഫിൻ്റെ 47 വോട്ടുകളും ഒരു സ്വതന്ത്രൻ്റെ വോട്ടും ഉൾപ്പെടെ 48 വോട്ടുകൾ നേടിയാണ് മിനിമോൾ കൊച്ചിയുടെ ഭരണസാരഥ്യത്തിലെത്തിയത്. എൽഡിഎഫ് സ്ഥാനാർഥി അംബിക സുദർശനൻ 22 വോട്ടും എൻഡിഎ സ്ഥാനാർഥി പ്രിയ പ്രശാന്ത് 6 വോട്ടും നേടി.കൊച്ചിയിലെ ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കുമെന്ന് മേയർ പറഞ്ഞു. മേട്രോ നഗരമായി വളരുന്ന കൊച്ചിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും, ക്ഷേമ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുമെന്നും അവർ പറഞ്ഞു. മധുരം വിതരണം ചെയ്തും അഭിവാദ്യങ്ങൾ അർപ്പിച്ചും കോൺഗ്രസ് പ്രവർത്തകർ ആഘോഷമാക്കി. മേയർ സ്ഥാനത്തു നിന്നും തഴയപ്പെട്ടതിനെ തുടർന്ന് പരസ്യമായി വിമർശനമുന്നയിച്ച ദീപ്തി മേരി വർഗീസും ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായിരുന്നു. വി കെ മിനിമോൾക്ക് ദീപ്തി വോട്ട് രേഖപ്പെടുത്തിയെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതെ കൗൺസിൽ ഹാളിൽ നിന്നു മടങ്ങുകയായിരുന്നു. തന്നെ മേയർ സ്ഥാനത്തു നിന്നും തഴഞ്ഞതിലുള്ള അതൃപ്തി പ്രതിഫലിപ്പിക്കുന്നതായിരുന്നു ദീപ്തിയുടെ നടപടി.
76 അംഗ കോര്‍പ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ് മിനിമോള്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.സ്വതന്ത്രനായ ബാസ്റ്റിന്‍ ബാബുവും യുഡിഎഫിനെ പിന്തുണച്ചു. വരണാധികാരിയായ ജില്ലാ കലക്ടര്‍ ജി പ്രിയങ്കയുടെ മേല്‍നോട്ടത്തിലാണ് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്.