ലോക ടൂറിസം ഭൂപടത്തിൽ കൊച്ചി: ബുക്കിങ്.കോം പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക സ്ഥലം

എറണാകുളം: കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ അംഗീകാരം കൂടി. 2026-ൽ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ട ലോകത്തെ ട്രെൻഡിങ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ കൊച്ചി ഇടംനേടി. ലോകോത്തര വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ബുക്കിങ്.കോം തയ്യാറാക്കിയ പത്ത് ട്രെൻഡിങ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിലാണ് കൊച്ചിയുടെ ഈ നേട്ടം.

അടുത്തവർഷം കണ്ടിരിക്കേണ്ട ലോകത്തിലെ മികച്ച സ്ഥലങ്ങളു ൻ്റെ ഈ പട്ടികയിൽ ഇന്ത്യയിൽനിന്നുള്ള ഏക ഡെസ്റ്റിനേഷൻ ആണ് കൊച്ചി. വിയറ്റ്നാം, സ്പെയിൻ, കൊളംബിയ, ചൈന, ബ്രസീൽ, ഓസ്ട്രേലിയ, ജർമനി, യുഎസ്എ എന്നീ രാജ്യങ്ങളോടൊപ്പമാണ് കേരളത്തിലെ കൊച്ചിയും ഇടംപിടിച്ചത്. കേരള ടൂറിസത്തിനു ലഭിച്ച ഈ ആഗോള അംഗീകാരം ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന നേട്ടമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സമൂഹ മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടു. 

ഇത് കേരള ടൂറിസം മേഖലയ്ക്ക് ഗുണകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്രയുടെ സമൂഹമാധ്യമത്തിലെ ഒരു പോസ്റ്റ് കൊച്ചിയിലെ കടമക്കുടി ദ്വീപിൻ്റെ പ്രശസ്തി രാജ്യാന്തര തലത്തിലേക്ക് ഉയർത്തി.

 "ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമമാണ് കേരളത്തിലെ കടമക്കുടി" എന്ന അദ്ദേഹത്തിൻ്റെ പരാമർശം ഈ ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രത്തി ൻ്റെ പ്രശസ്തി വാനോളമുയർത്തി. ഈ വർഷം ഡിസംബറിൽ കടമക്കുടി സന്ദർശിക്കുമെന്ന അദ്ദേഹത്തിൻ്റെ പ്രഖ്യാപനം ഈ പ്രദേശത്തിനു ലഭിച്ച വലിയൊരു അംഗീകാരമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിന് പിന്നാലെ കടമക്കുടിയെക്കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണത്തിലും പ്രതികൂലമായ കാലാവസ്ഥയിലും സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ അവധി ദിനങ്ങളിൽ കടമക്കുടിയിലേക്ക് വിനോദസഞ്ചാരികളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെടുന്നത്. വിനോദസഞ്ചാര ഭൂപടത്തിൽ ഈ പ്രദേശം ഇടം നേടുന്നത് കർഷകർക്കും മത്സ്യ തൊഴിലാളികൾക്കും അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള മികച്ച അവസരമാണ് നൽകുന്നത്.നിലവിൽ ഇരുപതോളം ഹോംസ്റ്റേകൾ കടമക്കുടിയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. പൊക്കാളി അരി ഉൾപ്പെടെയുള്ള തനത് ഉത്പന്നങ്ങൾ 'ഗ്രാമികം' എന്ന പേരിൽ പുതിയ ബ്രാൻഡായി വിപണിയിൽ എത്തിച്ചിട്ടുണ്ട്. കടമക്കുടിയിലെ ചെമ്മീൻ, കരിമീൻ, ഞണ്ട്, ഉണക്കച്ചെമ്മീൻ എന്നിവയുടെ വിപണനം ത്വരിതപ്പെടുത്താൻ പഞ്ചായത്ത് ശ്രമം നടത്തുന്നുണ്ട്. കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി കടമക്കുടിയും മാറിക്കൊണ്ടിരിക്കുകയാണ്.