കൊച്ചി കോർപ്പറേഷൻ: 56% വനിതാസംവരണത്തോടെ എൽഡിഎഫ് 70 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കൊച്ചി കോർപ്പറേഷൻ: 56% വനിതാസംവരണത്തോടെ എൽഡിഎഫ് 70 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

എറണാകുളം: കൊച്ചി കോർപറേഷൻ തെരഞ്ഞെടുപ്പിലേക്കുള്ള ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തിൽ 70 സ്ഥാനാർഥികളെയാണ് ലിസ്‌റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിപിഎം 59, സിപിഐ 8, കേരള കോൺഗ്രസ് (മാണി) 3, ജനതാദൾ എസ് 2, എൻസിപി 2, കോൺഗ്രസ് എസ് 1, ഐഎൻഎൽ 1 എന്നിങ്ങനെയാണ് മുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയാക്കിയത്. ബാക്കിയുള്ള ആറ് സ്ഥാനാർഥികളെ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അഭിമാനത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ് സതീഷ് വ്യക്തമാക്കി. കോർപറേഷനിൽ അതിവേഗം, ഭാവനാപൂർണമായ വികസനം നടപ്പാക്കാൻ ഇടതു മുന്നണിക്ക് കഴിഞ്ഞു. കഴിഞ്ഞ അഞ്ചു വർഷക്കാലം അധികാരവടംവലിയുടെ വാർത്തകൾ ഒന്നുപോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോർപറേഷൻ ഭരണത്തിൽ ഒരു അഴിമതി പോലും യുഡിഎഫിന് ഉന്നയിക്കാൻ കഴിഞ്ഞില്ല. ഇതിനു മുൻപുള്ള യുഡിഎഫ് ഭരണകാലം അഴിമതി നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മാലിന്യ പ്രശ്നം പരിഹരിക്കാൻ ഇടതു മുന്നണി ഭരണ സമിതിക്ക് കഴിഞ്ഞു. വികസനം മുൻനിർത്തിയായിരിക്കും പ്രചാരണം നടത്തുകയെന്നും സിപിഎം ജില്ലാ സെക്രട്ടറി അറിയിച്ചു. ഏറ്റവും ശുചിത്വമുള്ള നഗരമാക്കി കൊച്ചിയെ മാറ്റുമെന്ന് ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ വ്യക്തമാക്കുന്നുണ്ട്.

ഇടതു വനിത സ്ഥാനാർഥികളുടെ എണ്ണം 56%

നിലവിലെ കൗൺസിലർമാരിൽ 9 പേർ ഇത്തവണ വീണ്ടും മത്സരിക്കുന്നുണ്ട്. ഇതിന് മുൻപ് വിവിധ കാലഘട്ടങ്ങളിൽ ജനപ്രതിനിധിയായിരുന്ന 16 പേരാണ് ഇത്തവണ മത്സരരംഗത്തുള്ളത്. ആകെ 43 വനിത സ്ഥാനാർഥികളാണ് പട്ടികയിലുള്ളത്. ഇതോടെ കൊച്ചി കോർപറേഷനിലേക്ക് മത്സരിക്കുന്ന ഇടതു വനിത സ്ഥാനാർഥികളുടെ എണ്ണം 56 ശതമാനമായി. 40 വയസിൽ താഴെയുള്ള ഏഴ് പേർ മത്സരരംഗത്തുണ്ട്. മുൻ കോൺഗ്രസ് നേതാക്കളായ എബി സാബു, ഗ്രേസി ജോസഫ്, എംബി മുരളീധരൻ എന്നിവരെയും മുസ്‌ലിം ലീഗ് നേതാവായിരുന്ന പിഎം ഹാരിസിനെയും സിപിഎം സ്ഥാനാർഥികളാക്കി.

വൈറ്റിലയിൽ  വേറിട്ടൊരു  പോരാട്ടം

വൈറ്റിലയിൽ ഇത്തവണ വേറിട്ടൊരു മത്സരത്തിനാണ് കളമൊരുങ്ങുന്നത്. സിപിഎം മുൻ ഏരിയാ കമ്മിറ്റി അംഗവും പ്രാദേശിക നേതാവുമായിരുന്ന വിപി ചന്ദ്രനെയാണ് സ്വതന്ത്ര സ്ഥാനാർഥിയായി കോൺഗ്രസ് വൈറ്റില ഡിവിഷനിൽ കളത്തിലിറക്കിയത്. എന്നാൽ മുൻ കെപിസിസി മെമ്പർ എബി സാബുവിനെ എതിർ സ്ഥാനാർഥിയാക്കി സിപിഎം അതേ നാണയത്തിൽ കോൺഗ്രസിന് മറുപടി നൽകി. ഇരുപാർട്ടികളുടെയും മുൻ നേതാക്കൾ പാർട്ടി മാറി മത്സര രംഗത്ത് എത്തിയതോടെ വീറും വാശിയുമേറിയ പോരാട്ടത്തിനാണ് 46-ആം ഡിവിഷനായ വൈറ്റില വേദിയാവുക. തോപ്പുംപടി ഡിവിഷനിലെ യുഡിഎഫ് സിറ്റിങ് കൗൺസിലറായ ഷീബ ഡൊറോ ഇതേ ഡിവിഷനിലെ ഇടതുമുന്നണി സ്ഥാനാർഥിയായാണ് ഇത്തവണ മത്സരിക്കുന്നത്. 70 സ്ഥാനാർഥികളെയും വേദിയിൽ അണിനിരത്തിക്കൊണ്ടായിരുന്നു ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.