ദേശീയ ശ്രദ്ധ നേടിയ, അരുൺലാൽ സംവിധാനം ചെയ്‌ത നാടകം - 'കൂഹൂ' മുംബൈയിലേക്ക്
മുംബൈ: കേരളീയ കേന്ദ്ര സംഘടനയുടെ നേതൃത്വത്തിൽ, ദേശീയ ശ്രദ്ധയാകർഷിച്ച മലയാള നാടകം 'കൂഹൂ' (KooHoo) മുംബൈയിലെ അരങ്ങുകളിലെത്തുന്നു. പ്രശസ്ത സംവിധായകൻ അരുൺ ലാലിന്റെ മലപ്പുറം 'ലിറ്റിൽ എർത്ത് തീയേറ്ററാ'ണ് നാടകം അവതരിപ്പിക്കുന്നത്. മാർച്ച് 28, 29 തീയതികളിലായി കല്യാണിലും വാഷിയിലുമാണ് അവതരണം.
ഇന്ത്യൻ നാടകരംഗത്തെ ഓസ്കാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'മെറ്റാ' (META) പുരസ്കാര വേദിയിൽ ശ്രദ്ധേയമായ 'ചില്ലറ സമരം' ഉൾപ്പെടെയുള്ള നാടകങ്ങളിലൂടെ പ്രശസ്തനായ അരുൺ ലാലിന്റെ ഏറ്റവും പുതിയ സൃഷ്ടിയാണ് 'കൂഹൂ'. ഇന്ത്യൻ ചരിത്രത്തിലൂടെയും സമകാലിക ജീവിതത്തിലൂടെയും നടത്തുന്ന ഒരു തീവണ്ടി യാത്രയായാണ് നാടകം വിഭാവനം ചെയ്തിരിക്കുന്നത്. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കൻ യാത്ര മുതൽ ഇന്ത്യാ വിഭജനം വരെയുള്ള ചരിത്രമുഹൂർത്തങ്ങൾ, സ്റ്റീൽ ട്രങ്ക് പെട്ടികൾ മാത്രം ഉപയോഗിച്ചുകൊണ്ട് വേദിയിൽ പുനരാവിഷ്കരിക്കുന്ന 'മിനിമലിസ്റ്റിക്' രീതിയാണ് നാടകത്തിന്റെ സവിശേഷത. 'തീവണ്ടി' എന്നത് ഇവിടെ വെറുമൊരു വാഹനമല്ല; മറിച്ച് വിഭജനത്തിന്റെയും പലായനത്തിന്റെയും അതിജീവനത്തിന്റെയും സാക്ഷിയാണ്. 'കൂഹൂ' എന്ന പേര് തന്നെ തീവണ്ടിയുടെ ചൂളംവിളിയെ ഓർമ്മിപ്പിക്കുന്നു.ഒരു പ്രവാസിയുടെയോ സഞ്ചാരിയുടെയോ വീക്ഷണകോണിലൂടെയല്ല, മറിച്ച് മനുഷ്യചരിത്രത്തിലെ സങ്കീർണ്ണമായ മുഹൂർത്തങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായാണ് ഇതിൽ തീവണ്ടി കടന്നുവരുന്നത്.
കൂഹൂ ടീം പ്രശസ്‌ത നടൻ പ്രകാശ് രാജിനോടൊപ്പം
അവശത അനുഭവിക്കുന്ന പഴയകാല നാടക കലാകാരന്മാർക്ക് ഒരു കൈത്താങ്ങാകുക, നാടകകലയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരളീയ കേന്ദ്ര സംഘടന ഈ നാടകം സംഘടിപ്പിക്കുന്നത്.
പ്രദർശന വിവരങ്ങൾ:
കല്യാൺ: മാർച്ച് 28 (ശനിയാഴ്ച), വൈകിട്ട് 7 മണിക്ക്, കെ.സി. ഗാന്ധി മെമ്മോറിയൽ ഓഡിറ്റോറിയം.
വാഷി: മാർച്ച് 29 (ഞായറാഴ്ച), വൈകിട്ട് 7 മണിക്ക്, സിഡ്കോ എക്സിബിഷൻ സെന്റർ.
ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 98200 63617, 91674 49349, 98330 74099.

