കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല അന്തരിച്ചു

കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി എം.എൽ.എയും സി.പി.എം നേതാവുമായ കാനത്തിൽ ജമീല (59) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നു.അർബുദബാധിതയായിരുന്ന ജമീല ആറുമാസത്തോളമായി വീട്ടിൽ വിശ്രമത്തിലായിരുന്നു. തുടര്‍ന്നാണ് ആരോഗ്യനില മോശമായതിനെ തുടർന്നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മികവ് തെളിയിച്ച അപൂർവം വനിതാ നേതാക്കളിൽ ഒരാളാണ് കാനത്തിൽ ജമീല. ഒരു സാധാരണ വീട്ടമ്മയിൽ നിന്ന് ജനപ്രതിനിധിയായും പിന്നീട് സംസ്ഥാന നിയമസഭാംഗമായും അവർ വളർന്നു.1995-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്ന ജമീല, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് (1995-2000), ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് (2005-2010), കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് (2010–2015, 2019-2021) എന്നീ സ്ഥാനങ്ങൾ വഹിച്ചു.ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ (ഗ്രാമം, ബ്ലോക്ക്, ജില്ല) എല്ലാ തലത്തിലും പ്രസിഡന്‍റ് സ്ഥാനം വഹിച്ച അപൂർവ വനിത എന്ന റെക്കോർഡ് അവർക്കുണ്ട്. സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായിരുന്നു.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അവർ കൊയിലാണ്ടി മണ്ഡലത്തിൽ നിന്ന് സി.പി.എം പ്രതിനിധിയായി 8472 വോട്ടുകൾക്ക് വിജയിച്ച് നിയമസഭയിലെത്തിയത്.