കോഴിക്കോട്ടെ ആറുവയസുകാരിയുടെ കൊലപാതകം; അച്ഛനും രണ്ടാനമ്മക്കും ജീവപര്യന്തം

എറണാകുളം: കോഴിക്കോട് ആറുവയസുകാരി അദിതിയുടെ കൊലപാതകത്തില്‍ അച്ഛനും രണ്ടാനമ്മക്കും ജീവപര്യന്തം തടവ് ശിക്ഷ. പ്രതികൾ രണ്ട് ലക്ഷം രൂപ പിഴ അടക്കണമെന്നും ഹൈക്കോടതി. കുട്ടിയുടെ അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്ന ദേവിക അന്തര്‍ജനത്തിനുമാണ് വീണ്ടും ശിക്ഷവിധിച്ചത്.
2013 ഏപ്രിൽ 23നാണ് കേരളത്തെയാകെ ഞെട്ടിച്ച ഈ സംഭവം നടന്നത്. അച്ഛനും രണ്ടാനമ്മയും അതിക്രൂരമായി മര്‍ദ്ദിച്ചും പട്ടിണിക്കിട്ടുമാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. കുട്ടികളെ മര്‍ദ്ദിക്കുന്നതായി ബന്ധുക്കളും പരാതികൾ നൽകിയിരുന്നു. എന്നാല്‍, വിചാരണക്കോടതി കുട്ടികൾക്കെതിരെയുള്ള ക്രൂര കൃത്യങ്ങളുടെ വകുപ്പുകൾ മാത്രം ചുമത്തി പ്രതികൾക്ക് തടവ് ശിക്ഷ വിധിക്കുകയായിരുന്നു. കൊലക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതായിരുന്നു കാരണം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം ഞരമ്പിനേറ്റ ക്ഷതമാണ് എന്ന് രേഖപ്പെടുത്തിയിരുന്നു. ഈ ക്ഷതം എങ്ങനെ ഉണ്ടായി എന്ന് തെളിയിക്കാൻ പൊലീസിനോ പ്രോസിക്യൂഷനോ സാധിച്ചിരുന്നില്ല . ഇതുകാരണം ഒന്നാം പ്രതിക്ക് മൂന്ന് വര്‍ഷവും രണ്ടാം പ്രതിക്ക് രണ്ട് വര്‍ഷവുമായിരുന്നു തടവ്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.അപ്പീൽ ശരിവെച്ച ഹൈക്കോടതിയുടെ നിർദേശപ്രകാരം നടക്കാവ് പൊലീസാണ് കുട്ടിയുടെ പിതാവ് സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല( ദേവിക അന്തർജനം) എന്നിവരെ രാമനാട്ടുകര വെച്ച് കെഎസ്ആർടിസി ബസിൽ കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്ന സമയത്ത് ഇന്നലെ കസ്റ്റഡിയിലെടുത്തത് . സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത് .അദിതിയെ മർദിക്കുകയും അതിക്രൂരമായി ചൂടുവെള്ളമൊഴിച്ച് പൊള്ളലേൽപ്പിക്കുകയും പട്ടിണിക്കിട്ടുമായിരുന്നു ഇരുവരും ചേർന്ന് കൊലപാതകം നടത്തിയതെന്നപോലീസ് കണ്ടെത്തലിന് അതിഥിയുടെ സഹോദരന്റേതുൾപ്പടെയുള്ളവരുടെ സാക്ഷിമൊഴി നിർണായകമായി. ഇതിൻ്റെ അടിസ്ഥാനത്തിൽകൂടിയാണ് ഇവർ കുറ്റക്കാരെന്ന നിരീക്ഷണത്തിൽ ഹൈക്കോടതി എത്തിയത്.