കോഴിക്കോട്:കേരളത്തിൽ എല്‍ഡിഎഫിന് ലഭിച്ച ഏക കോര്‍പ്പറേഷന്‍: കേവല ഭൂരിപക്ഷമില്ല

കോഴിക്കോട്:കേരളത്തിൽ  എല്‍ഡിഎഫിന് ലഭിച്ച ഏക കോര്‍പ്പറേഷന്‍: കേവല ഭൂരിപക്ഷമില്ല

കോഴിക്കോട്: കോർപ്പറേഷൻ ഭരിക്കാൻ 39 സീറ്റുകൾ വേണ്ടപ്പോൾ മുന്നിലെത്തിയ എൽഡിഎഫിന് ലഭിച്ചത് 34 സീറ്റുകൾ മാത്രം. സംസ്ഥാനത്ത് എല്‍ഡിഎഫിന് ലഭിച്ച ഏക കോര്‍പ്പറേഷനില്‍ പോലപം കേവല ഭൂരിപക്ഷം തികയ്ക്കാന്‍ മുന്നണിക്കായില്ല. മൂന്ന് സ്വതന്ത്രരാണ് കോഴിക്കോട് കോര്‍പ്പറേഷനില്‍ വിജയിച്ചത്.അഞ്ചാം ഡിവിഷനായ മൊകവൂരിൽ നിന്ന് എൻസിപി ശരദ് പവാർ വിഭാഗത്തിന് വേണ്ടി മത്സരിച്ച എസ്.എം. തുഷാര, കോൺഗ്രസിലെ സായിഷ്, ബിജെപിയിലെ ജോഷി ചന്ദ്രൻ, എൻസിപിയിലെ റോഷൻ ബാബു എന്നിവരെ പിന്നിലാക്കിയാണ് 566 വോട്ടിന് വിജയിച്ചത്. കൊമ്മേരി മുപ്പതാം വാർഡിൽ നിന്ന് സ്വതന്ത്രയായി മത്സരിച്ച് 850 വോട്ടിന് ജയിച്ച കവിത അരുൺ, സിപിഎമ്മിലെ അനിൽകുമാർ, സ്വതന്ത്രരായ രണ്ട് അനിൽകുമാർമാർ, ബിഡിജെഎസിലെ രാജീവൻ, എസ്ഡിപിഐയിലെ നൗഷീർ എന്നിവരെ പിന്നിലാക്കിയാണ് വിജയിച്ചത്.

42-ാം വാർഡായ അരീക്കാട് നിന്ന് വിജയിച്ച സയ്യിദ് മുഹമ്മദ് ഷമീം ലീഗ് സ്വതന്ത്രനാണ്. ഇവരുടെ കൂറ് യുഡിഎഫിനൊപ്പമാണെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. 26 സീറ്റുകൾ കിട്ടിയ യുഡിഎഫിന് ആകട്ടെ ഈ മൂന്നുപേരുടെ പിന്തുണ ലഭിച്ചിട്ടും കാര്യമില്ല. ഇതോടെ എൽഡിഎഫ് ഏറ്റവും വലിയ മുന്നണി എന്ന നിലയില്‍ എല്‍ഡിഎഫിന് ഭരണം ലഭിക്കും. ഒപ്പം മേയർ ആകുമെന്ന് പ്രതീക്ഷിച്ച മുൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് തോറ്റതോടെ മേയർ ആരാകുമെന്നതും ആകാംക്ഷയുണർത്തുന്നുണ്ട്.2020-ലെ തിരഞ്ഞെടുപ്പിൽ 49 സീറ്റുകൾ നേടിയ എൽഡിഎഫിന് ഈ തവണ തിരിച്ചടിയുണ്ടായി. യുഡിഎഫ് മികച്ച മുന്നേറ്റം കാഴ്ചവെച്ചപ്പോൾ ബിജെപി തങ്ങളുടെ സീറ്റുകളുടെ എണ്ണം 2020-ലെ 7-ൽ നിന്ന് 13 ആയി വർധിപ്പിച്ച് വൻ നേട്ടമുണ്ടാക്കി. ചുരുക്കത്തിൽ കഴിഞ്ഞ 45 വർഷത്തിലേറെയായി കോർപ്പറേഷൻ സുഗമമായി ഭരിക്കുന്ന എൽഡിഎഫിന് ഇത്തവണ കാര്യങ്ങൾ അത്ര എളുപ്പമല്ല. ഭരണത്തിലേറിയാലും പ്രതിപക്ഷത്തിൻ്റെ കരുത്ത് കാണാതെ പോകാൻ കഴിയില്ല.

അതിനിടെ പി.എം. നിയാസ് തോറ്റതോടെ യുഡിഎഫിൻ്റെ പ്രതിപക്ഷ കക്ഷി നേതാവ് ആരാകുമെന്നതിലും ആകാംക്ഷയേറുകയാണ്. കഴിഞ്ഞ തവണ പ്രതിപക്ഷത്തെ നയിച്ച കെ.സി. ശോഭിത തന്നെ മുൻനിരയിലേക്ക് വരുമോ എന്നതിലും ചർച്ചകൾ നടക്കും.ജില്ലാ പഞ്ചായത്തിലും അപ്രമാദിത്വം തുടർന്നിരുന്ന എൽഡിഎഫിന് ചുണ്ടിനും കപ്പിനും ഇടയിൽ ഈ തവണ ഭരണം നഷ്ടമായി. ആകെയുള്ള 28 വാർഡുകളിൽ 14 സീറ്റിൽ യുഡിഎഫ് വിജയിച്ചു. ഒന്നാം വാർഡായ അഴിയൂരിൽ നിന്ന് ആർഎംപി സ്ഥാനാർത്ഥിയായി വിജയിച്ച സിബിയുടെ പിന്തുണയും യുഡിഎഫിനാണ്. 13 സീറ്റുകളാണ് എൽഡിഎഫ് വിജയിച്ചത്. ജില്ലാ പഞ്ചായത്ത് രൂപീകരിച്ചതിന് ശേഷം ഇതാദ്യമായാണ് എൽഡിഎഫിന് ഭരണം നഷ്ടമാകുന്നത്.