500-ഓളം ബസുകൾ, ഓൺലൈൻ റിസർവേഷൻ, ബഹുഭാഷാ ബോർഡുകൾ; ശബരിമല മണ്ഡലകാല സർവീസുകൾക്കായി KSRTCതയ്യാർ

500-ഓളം ബസുകൾ, ഓൺലൈൻ റിസർവേഷൻ, ബഹുഭാഷാ ബോർഡുകൾ; ശബരിമല മണ്ഡലകാല സർവീസുകൾക്കായി KSRTCതയ്യാർ

കാസർഗോട്:  ശബരിമല മണ്ഡലകാലത്തിനായി കെഎസ്ആർടിസി വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയാക്കി. ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നതിനായി 500-ഓളം ബസുകളാണ് സജ്ജീകരിച്ചിരിക്കുന്നത് .ഇതിൽ 140 നോൺ-എസി ബസുകളും 30 എസി ലോ-ഫ്ലോർ ബസുകളും ഷോർട്ട് വീൽ ബസുകളും മറ്റ് ദീർഘദൂര സർവീസുകളുമായി 203 ബസുകൾ പമ്പയിലും നിലയ്ക്കലുമായി മാത്രം ചെയിൻ സർവീസിന് തയാറാണ്. തീർത്ഥാടകരുടെ തിരക്ക് കൂടുന്ന സാഹചര്യത്തിൽ കൂടുതൽ ബസുകൾ ക്രമീകരിക്കാനുള്ള നടപടിയും സ്വീകരിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും പമ്പയിലേക്കും എരുമേലിയിലേക്കും പ്രത്യേക സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ പൂർത്തിയായി. കൊട്ടാരക്കര, തിരുവനന്തപുരം സെൻട്രൽ, കോട്ടയം, കായംകുളം, ഗുരുവായൂർ, ചെങ്ങന്നൂർ, തിരുവല്ല, എറണാകുളം എന്നീ യൂണിറ്റുകളിൽ നിന്നടക്കം എല്ലാ യൂണിറ്റുകളിൽ നിന്നും മതിയായ യാത്രക്കാരുണ്ടെങ്കിൽ ചാർട്ടേഡ് ട്രിപ്പുകളും സ്പെഷ്യൽ സർവീസുകളും ഉണ്ടാകും. അയ്യപ്പഭക്തരുടെ ആവശ്യപ്രകാരം തിരക്കനുസരിച്ച് സ്പെഷ്യൽ സർവീസുകൾക്കായി ബസുകൾ ഒരുക്കിയിട്ടുണ്ട്.

ബഹുഭാഷാ ബോർഡുകളും ഡെസ്റ്റിനേഷൻ നമ്പറുകളും

പമ്പയിൽ എത്തുന്ന തീർത്ഥാടകർക്ക് വേഗത്തിൽ സ്ഥലനാമങ്ങൾ മനസിലാക്കുവാനായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സ്ഥലനാമ ബോർഡുകൾ സ്ഥാപിക്കും. ഭാഷാ പ്രശ്നമില്ലാതെ എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ ഡെസ്റ്റിനേഷൻ നമ്പറുകളും രേഖപ്പെടുത്തും.

എത്തേണ്ട സ്ഥലവും റൂട്ട് നമ്പറുകളും താഴെക്കൊടുക്കുന്നു:

സ്ഥലം                  നമ്പർ   സ്ഥലം               നമ്പർ

  • തിരുവനന്തപുരം 1  ചെങ്ങന്നൂർ          50
  • പത്തനംതിട്ട          3 എരുമേലി                 59 
  • കോട്ടയം                  5    കുമളി                 60
  • എറണാകുളം           7      ഗുരുവായൂർ         78
  • തൃശ്ശൂർ                            8        പമ്പ                 94
  • കൊട്ടാരക്കര           38        നിലയ്ക്കൽ        756
  • പളനി                       T N03  കോയമ്പത്തൂർ  TN04
  • തെങ്കാശി                 TN10

ഓൺലൈൻ ബുക്കിംഗും മറ്റ് സൗകര്യങ്ങളും

സർവീസുകളുടെ ഓൺലൈൻ റിസർവേഷൻ സൗകര്യം ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് www.onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയും 'Ente KSRTC Neo OPRS' എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾക്ക് ഓൺലൈൻ ബുക്കിംഗ് സൗകര്യം ലഭ്യമാക്കും.

കേരളത്തിലെ എല്ലാ ബസ് സ്റ്റേഷനുകളിൽ നിന്നും കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്‍റെ ശബരിമല തീർഥാടന പാക്കേജ് ട്രിപ്പുകൾ ഒരുക്കിയിട്ടുണ്ട്. പമ്പയിൽ ലഗേജുകൾ സൂക്ഷിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങൾക്കുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി.

കൂടാതെ, ബഡ്ജറ്റ് ടൂറിസം പാക്കേജ് ട്രിപ്പുകളിൽ എത്തുന്ന ഭക്തജനങ്ങൾക്ക് സന്നിധാനത്ത് സഹായത്തിനായി കെഎസ്ആർടിസി നിയോഗിച്ചിട്ടുള്ള കോ-ഓർഡിനേറ്റർമാരുടെ സേവനവും ലഭിക്കും.

അടിയന്തര സംവിധാനങ്ങൾ

സർവീസുകൾക്കിടയിൽ വാഹനങ്ങൾക്ക് ആകസ്മികമായി ഉണ്ടാകാവുന്ന കേടുപാടുകൾ വേഗത്തിൽ പരിഹരിക്കുന്നതിനായി നിലയ്ക്കൽ, പ്ലാപ്പള്ളി, പെരിനാട് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കെഎസ്ആർടിസിയുടെ മൊബൈൽ മെക്കാനിക്കൽ വിഭാഗം മുഴുവൻ സമയവും സജ്ജമായിരിക്കും.