ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം

ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം

ലഡാക്ക്: ലഡാക്ക് സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍. വിരമിച്ച സുപ്രീംകോടതി ജഡ്ജി ബി എസ് ചൗഹാന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സംഘര്‍ഷവും തുടര്‍ന്നുണ്ടായ പൊലീസ് നടപടിയും സംഘം അന്വേഷിക്കും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കിലെ സംഘടനകളും സോനം വാങ്ചുക്കും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സ്വതന്ത്ര പദവി ആവശ്യപ്പെട്ടുകൊണ്ട് സെപ്തംബര്‍ 24നായിരുന്നു ലഡാക്കില്‍ പ്രതിഷേധം നടന്നത്. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമ സംഭവങ്ങൾക്ക് വഴിവെച്ചത് സോനം വാങ്ചുക്കിന്റെ പ്രസംഗമാണെന്ന് ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സോനം വാങ്ചുക്കിന്റെ എന്‍ജിഒ ആയ സ്റ്റുഡന്റ് എഡ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്കിന്റെ (സെക്മോള്‍) വിദേശ സംഭാവന സ്വീകരിക്കാനുളള എഫ്സിആര്‍എ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. പിന്നാലെയായിരുന്നു സോനം വാങ്ചുക്കിന്റെ അറസ്റ്റ്.ലഡാക്ക് വെടിവെപ്പില്‍ ജുഡീഷ്യന്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലില്‍ നിന്ന് സോനം വാങ് ചുക്ക് സന്ദേശം അയച്ചിരുന്നു. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ താന്‍ ജയിലില്‍ തുടരുമെന്നായിരുന്നു സോനം വാങ് ചുക്കിന്റെ നിലപാട്. സോനത്തെ അഭിഭാഷകനും സഹോദരനും ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദേശം പങ്കുവച്ചത്.