മണ്ണിടിച്ചിലിൽ സ്വകാര്യ ബസിന് മുകളിലേക്ക് മണ്ണും പാറക്കെട്ടുകളും പതിച്ചു: 15മരണം

ഷിംല: കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ വൻ മണ്ണിടിച്ചിലിൽ സ്വകാര്യ ബസിന് മുകളിലേക്ക് മണ്ണും പാറക്കെട്ടുകളും പതിച്ചു. അപകടത്തിൽ 15 പേർ മരിച്ചു. നിരവധി യാത്രക്കാർ ബസിനകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ദുരന്തം നടന്നത് ഝണ്ഡുത്ത നിയമസഭാ മണ്ഡലത്തിലെ ഭാലുഘട്ട് പ്രദേശത്താണ്. മരോട്ടൻ എന്ന സ്ഥലത്തുനിന്ന് ഘുമാർവിനിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ഏകദേശം 30ൽ അധികം യാത്രക്കാർ ബസിലുണ്ടായിരുന്നുവെന്നാണ് അധികൃതർ അറിയിക്കുന്നത്, എങ്കിലും കൃത്യമായ എണ്ണം വ്യക്തമല്ല.ബല്ലു പാലത്തിന് സമീപം ഒരു കുന്നിൻ ചെരുവിൽനിന്ന് വലിയ അളവിൽ മണ്ണും പാറക്കെട്ടുകളും ഇടിഞ്ഞുവീണ് ബസിന് മുകളിലേക്ക് പതിച്ചതിൻ്റെ ആഘാതത്തിൽ ബസ് പൂർണമായും തകർന്നു. ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ രാഹുൽ കുമാർ 15 പേർ മരിച്ചതായും മൂന്ന് പേരെ രക്ഷപ്പെടുത്തിയതായും സ്ഥിരീകരിച്ചു. ഒരു പെൺകുട്ടി ഉൾപ്പെടെ നാലു പേരെ പുറത്തെടുത്തതായും രക്ഷാപ്രവർത്തകർ പറയുന്നു.
പൊലീസ്, അഗ്‌നിരക്ഷാ സേന, ദുരന്ത നിവാരണ അതോറിറ്റി, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ രക്ഷപ്പെടുത്താനായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ അപകടസ്ഥലത്ത് നിന്ന് ലഭ്യമാണ്.ദുരന്തത്തിൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധം പുലർത്തുകയും ചെയ്യുന്നുണ്ട്.