25 കോടി തിരുവോണം ബമ്പർ വിറ്റത് നെട്ടൂരിലെ ലതീഷ്; ഭാഗ്യം വന്നത് 3 മാസത്തിനിടെ രണ്ടുതവണ

25 കോടി തിരുവോണം ബമ്പർ വിറ്റത് നെട്ടൂരിലെ ലതീഷ്;  ഭാഗ്യം വന്നത് 3 മാസത്തിനിടെ രണ്ടുതവണ

എറണാകുളം: വെളിച്ചെണ്ണ വിൽപനയിൽനിന്ന് ലോട്ടറി കച്ചവടത്തിലേക്ക് ചുവടുമാറിയ നെട്ടൂരിലെ എംടി ലതീഷ് ഇപ്പോൾ സംസ്ഥാനത്തിൻ്റെ ശ്രദ്ധാകേന്ദ്രമാണ്. ഈ വർഷത്തെ തിരുവോണം ബമ്പർ (BR-92) ടിക്കറ്റ് വിൽപന നടത്തിയതിലുള്ള അവിശ്വസനീയമായ സന്തോഷത്തിലാണ് ലതീഷ്. ഇരുപത്തിയഞ്ച് കോടി രൂപയുടെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റഴിച്ചത് അദ്ദേഹത്തിന് മൂന്ന് മാസത്തിനിടെ ലഭിക്കുന്ന രണ്ടാമത്തെ വലിയ നേട്ടമാണ്.താൻ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചതെന്ന് അറിഞ്ഞപ്പോൾ സ്തംഭിച്ചുപോയെന്ന് നെട്ടൂരിലെ ലോട്ടറി വിൽപനക്കാരനായ എംടി ലതീഷ് മാധ്യമങ്ങളോട് പറഞ്ഞു. "ലക്ഷക്കണക്കിന് ടിക്കറ്റുകളിൽ സമ്മാനാർഹമായ ടിക്കറ്റ് വിൽപന നടത്താൻ കഴിഞ്ഞത് മഹാഭാഗ്യമാണ്. ദൈവത്തിന് നന്ദി പറയുന്നു," ലതീഷ് കൂട്ടിച്ചേർത്തു. ഒന്നാം സമ്മാനം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെങ്കിലും, ലോട്ടറിയായതുകൊണ്ട് പ്രതീക്ഷയോടെയാണ് ഓരോ ടിക്കറ്റും വിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.വർഷങ്ങളായി നടത്തിവന്ന വെളിച്ചെണ്ണ കച്ചവടം മോശമായതിനെത്തുടർന്നാണ് ഒരു മാറ്റത്തെക്കുറിച്ച് ലതീഷ് ചിന്തിച്ചുതുടങ്ങിയത്. അങ്ങനെയാണ് അദ്ദേഹം രണ്ട് വർഷം മുമ്പ് ലോട്ടറി വിൽപനയിലേക്ക് കടക്കുന്നത്. ഇപ്പോഴും ചെറിയ തോതിൽ വെളിച്ചെണ്ണ കച്ചവടം തുടരുന്നുണ്ടെങ്കിലും, മുൻപ് കൊപ്രയിൽ നിന്ന് വെളിച്ചെണ്ണ ആട്ടി ഹോൾസെയിലായി വിൽപന നടത്തിയിരുന്ന വലിയ രീതിയിലുള്ള ബിസിനസ് ഇപ്പോൾ ചെയ്യുന്നില്ല. ലോട്ടറി വിൽപനയാണ് നിലവിൽ പ്രധാന വരുമാനമാർഗം.

ലതീഷിൻ്റെ ഏജൻസിയായ 'ഭഗവതി ലോട്ടറി ഏജൻസി'യിൽ നിന്നും 800 ടിക്കറ്റുകളും, എറണാകുളത്തെ ഓഫിസിൽ നിന്ന് 300 ടിക്കറ്റുകളുമാണ് അദ്ദേഹം പ്രധാനമായും എടുത്തിരുന്നത്. ഈ ഭാഗ്യക്കുറി വീണ്ടും ഭഗവതി ഏജൻസിയിൽ നിന്ന് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. മൂന്ന് മാസം മുമ്പ് ഇതേ ഏജൻസിയിൽ നിന്ന് എടുത്ത ടിക്കറ്റിന് ഒരു കോടി രൂപയുടെ സമ്മാനം ലഭിച്ചത് ലതീഷിന് കൂടുതൽ ആത്മവിശ്വാസം നൽകിയിരുന്നു.നെട്ടൂർ ചുറ്റുവട്ടത്ത് തന്നെയായിരിക്കും ഭാഗ്യവാൻ ഉണ്ടാകാനാണ് സാധ്യതയെന്നാണ് ലതീഷിൻ്റെ നിഗമനം. "ആരാണ് ടിക്കറ്റെടുത്തതെന്ന് ഒരു ധാരണയുമില്ല. ലോട്ടറി വിൽപന നടത്തുന്ന ചിലർക്ക് പത്തും, ഇരുപതുമൊക്കെ ടിക്കറ്റുകൾ ഒരുമിച്ച് വിൽപന നടത്താറുണ്ട്. ഞാൻ വിൽപന നടത്തിയ ടിക്കറ്റിന് സമ്മാനം നേടിയതിൽ നൂറ് ശതമാനം സന്തോഷമുണ്ട്. നന്ദി ദൈവത്തിനോടാണ് പറയാനുള്ളത്. ടിക്കറ്റ് എടുക്കുന്നയാളുടെ ഭാഗ്യമാണ് തനിക്ക് ഈ ഇരട്ടിമധുരം നൽകിയത്," ലതീഷ് പറഞ്ഞു. ലോട്ടറി വിൽപന തുടരാനാണ് തീരുമാനമെന്നും അദ്ദേഹം നിറഞ്ഞ ചിരിയോടെ വ്യക്തമാക്കി.