കൊച്ചിയിൽ യുഡിഎഫ് നേതൃത്വത്തിന് മേൽ സമ്മർദം: മേയർ കസേരയിൽ അവകാശവാദവുമായി ലത്തീൻ സഭ

കൊച്ചിയിൽ യുഡിഎഫ് നേതൃത്വത്തിന് മേൽ സമ്മർദം:  മേയർ കസേരയിൽ അവകാശവാദവുമായി ലത്തീൻ സഭ

എറണാകുളം: കൊച്ചി മേയർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേതൃത്വത്തിന് മേൽ സമ്മർദം ശക്തമാക്കി ലത്തീൻ സഭ. മേയറെ തെരഞ്ഞെടുക്കുമ്പോൾ ലത്തീൻ സഭാംഗമായ കൗൺസിലറെ പരിഗണിക്കണമെന്ന ആവശ്യമാണ് സഭ മുന്നോട്ടുവയ്ക്കുന്നത്. തങ്ങളുടെ ആഗ്രഹം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായി കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ് പറഞ്ഞു.തങ്ങളുടെ ആവശ്യം ന്യായമാണെന്നും അത് പരിഗണിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം തങ്ങളെ പരിഗണിച്ചില്ലെങ്കിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ അതിൻ്റെ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യുഡിഎഫിൻ്റെ 46 കൗൺസിലർമാരിൽ 18 പേരും സമുദായ അംഗങ്ങളാണ്. ഇവരിൽ നിന്ന് ആരെയെങ്കിലും മേയർ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് സഭ ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ സമുദായ പരിഗണനകൾക്ക് അനുസരിച്ചാണ് സ്ഥാനാർഥികളെ നിർത്തുന്നത്. നിശബ്ദനായിരുന്നാൽ ഇവർ തങ്ങളെ പരിഗണിക്കുമെന്ന് കരുതാനാകില്ല.സഭയുടെ നിലപാട്

യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്ത് ഒരാൾക്ക് അയോഗ്യത കൽപ്പിച്ചത് ഒരു സമുദായ അംഗം എന്ന നിലയിലാണെന്ന് ജോസഫ് ജൂഡ് ചൂണ്ടിക്കാട്ടി. അതിനാലാണ് പ്രത്യക്ഷമായി തങ്ങളുടെ ആവശ്യം ഉന്നയിക്കുന്നത്. സമുദായം ഉന്നയിച്ച ആവശ്യങ്ങളോട് സർക്കാർ ക്രിയാത്മകമായി പ്രതികരിച്ചിട്ടില്ല. ഇത് വോട്ടെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടാകാം. വോട്ടർമാരുടെ സ്വാഭാവിക പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. ഇന്നയാൾക്ക് വോട്ട് ചെയ്യണമെന്ന് സഭാ നേതൃത്വം പറയാറില്ല. മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന വികെ മിനിമോൾ, ഷൈനി മാത്യു എന്നിവരിൽ ഒരാളെ മേയറാക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

മേയർ സ്ഥാനത്തിനായി ദീപ്‌തി മേരി വർഗീസ്‌, വികെ മിനിമോൾ, ഷൈനി മാത്യു എന്നിവരുടെ പേരുകളാണ് ആദ്യം മുതൽ ചർച്ച ചെയ്യപ്പെട്ടത്. കെപിസിസി ജനറൽ സെക്രട്ടറിയായ ദീപ്‌തി മേരി വർഗീസിൻ്റെ പേരിനായിരുന്നു മുൻതൂക്കം ലഭിച്ചിരുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിൻ്റെ പിന്തുണയും ദീപ്തിക്കുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും ഡിസിസിയും ദീപ്തിക്ക് പകരം വികെ മിനിമോളെയാണ്‌ അനുകൂലിക്കുന്നത്‌. സംഘടനയിലെയും കോർപറേഷനിലെയും പ്രവർത്തനപരിചയവും സഭയുടെ അനുകൂല നിലപാടും സഹായകരമാകുമെന്നാണ്‌ മിനിയുടെ പ്രതീക്ഷ.

സഭയുടെ പിന്തുണ തന്നെയാണ്‌ പശ്ചിമ കൊച്ചിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഷൈനി മാത്യുവിൻ്റെയും പ്രധാന ഘടകം. ഡൊമിനിക്‌ പ്രസൻ്റേഷൻ ഉൾപ്പെടെയുള്ള ജില്ലയിലെ ചില നേതാക്കളുടെ പിന്തുണയും ഷൈനിക്കുണ്ട്. തർക്കം നീണ്ടാൽ മേയർ സ്ഥാനം പങ്കിട്ടുനൽകാനും സാധ്യതയുണ്ട്.