കൊച്ചി ലോകോത്തര നഗരമാകും: LDF പ്രകടന പത്രിക പുറത്തിറക്കി

കൊച്ചി ലോകോത്തര നഗരമാകും: LDF പ്രകടന പത്രിക പുറത്തിറക്കി

എറണാകുളം: കൊച്ചിയെ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ലോകോത്തര നഗരമായി ഉയർത്തുമെന്ന വാഗ്ദാനവുമായി ഇടതുമുന്നണി പ്രകടന പത്രിക പുറത്തിറക്കി. വെള്ളക്കെട്ടും മാലിന്യപ്രശ്നവുമില്ലാത്ത വൃത്തിയുള്ള നഗരമായി കൊച്ചിയെ മാറ്റുമെന്നും പ്രഖ്യാപനമുണ്ട്. കൊച്ചിയിൽ നടന്ന ചടങ്ങിൽ മന്ത്രി പി രാജീവ് പ്രകടന പത്രിക പ്രകാശനം ചെയ്തു.

കൊച്ചിയെ ലോകത്തെ മികച്ച നഗരമാക്കാൻ ദീർഘവീക്ഷണത്തോടെ അടുത്ത അഞ്ച് വർഷത്തെ വികസനം എങ്ങനെയാകണമെന്ന് മനസിലാക്കിയാണ് പത്രിക തയാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. നടപ്പാക്കാനുള്ളതാണ് എൽഡിഎഫിന് പ്രകടനപത്രികയെങ്കിൽ, മറ്റുപലർക്കും തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ മാത്രമേ പത്രികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.വികസന മാതൃകകൾ

അതിവേഗം വികസിക്കുന്ന നഗരമെന്ന സവിശേഷത മനസിലാക്കിയാണ് സംസ്ഥാന സർക്കാരും കോർപറേഷൻ ഭരണസമിതിയും കൊച്ചിക്കായി പ്രവർത്തിച്ചത്. സംസ്ഥാന സർക്കാരിൽ നിന്ന് ഇത്രയും പിന്തുണ കിട്ടിയ മറ്റൊരു കാലമില്ല. ബ്രഹ്മപുരം, വാട്ടർ മെട്രോ എന്നിവയെല്ലാം മാറ്റത്തിൻ്റെ നേർക്കാഴ്‌ചകളാണ്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 3716 കോടിയുടെ കനാൽ പുനരുജ്ജീവന പദ്ധതി കൊച്ചിയെ ലോകോത്തരമാകാൻ സഹായിക്കും. മറൈൻ ഡ്രൈവ് എക്‌സ്‌റ്റൻഷൻ പദ്ധതിയും നഗരത്തിൻ്റെ മുഖച്ഛായ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനങ്ങൾ

മാലിന്യ സംസ്കരണവും ശുചിത്വവും

സുസ്ഥിര മാലിന്യ സംസ്കരണത്തിലൂടെ വൃത്തിയുള്ള നഗരം ഉറപ്പാക്കും.

നഗരത്തിലെ റോഡുകൾ 24 മണിക്കൂറും വൃത്തിയാക്കാൻ സംവിധാനം.

മാലിന്യത്തിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കും.

മാലിന്യശേഖരണത്തിന് പ്രത്യേക അറയുള്ള വാഹനങ്ങളും ഹരിതകർമ സേനയ്ക്ക് ഇലക്‌ട്രിക് വാഹനങ്ങളും നൽകും.

ഖരമാലിന്യത്തിൽ നിന്നുണ്ടാക്കുന്ന ഇന്ധനം സിമൻ്റ് ചൂള, വ്യവസായ യൂണിറ്റുകളിൽ നൽകാൻ സംവിധാനം.

ജലസംരക്ഷണവും വെള്ളക്കെട്ട് നിവാരണവും

പ്രധാന കനാലുകളായ പേരണ്ടൂർ, ചിലവന്നൂർ, ഇടപ്പള്ളി, കോന്തുരുത്തി, തേവര, മാർക്കറ്റ് കനാലുകളിലെ തടസങ്ങൾ നീക്കി ആഴംകൂട്ടി നീരൊഴുക്ക് സുഗമമാക്കും. ഇതിലൂടെ വെള്ളക്കെട്ടും കൊതുകുശല്യവും ഒഴിവാക്കും.

രാമേശ്വരം-മാമ്പ്ര ബൗണ്ടറി കനാൽ, ഇടക്കൊച്ചി പഷ്ണിത്തോട്, പണ്ടാരച്ചിറ തോട് എന്നിവ പുനരുജ്ജീവിപ്പിക്കും.

കനാലുകളുടെ ഇരുവശങ്ങളിലും നടപ്പാതകൾ, ഓപ്പൺ സ്‌പേസ്, ഇരിപ്പിടങ്ങൾ എന്നിവ സജ്ജമാക്കും.

സിവറേജ് ലൈനുകളും പ്ലാന്റുകളും സ്ഥാപിക്കും.

ഗതാഗതം

ജലമെട്രോ ഇടക്കൊച്ചിയിലേക്കും ചളിക്കവട്ടത്തേക്കും വ്യാപിപ്പിക്കും.

റോ-റോ എസ്‌പിവി രൂപീകരിക്കും.

കെഎസ്‌ആർടിസിയുമായി ചേർന്ന് ഇലക്ട്രിക് ബസ് സർവീസ് തുടങ്ങും.

കലൂർ സ്വകാര്യ ബസ് സ്‌റ്റാൻഡ് നവീകരിക്കും. പെരുമ്പടപ്പിൽ ബസ് സ്റ്റാൻഡ് നിർമിക്കും.

കൂടുതൽ ഇലക്‌ട്രിക് ചാർജിങ് പോയിൻ്റുകൾ, ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, അത്യാധുനിക മൾട്ടി ലെവൽ പാർക്കിങ്, പാർക്കിങ് ആപ്പുകൾ, ബൈക്ക് ഷെയറിങ് എന്നിവ നടപ്പാക്കും.

ഭരണം കാര്യക്ഷമമാക്കൽ

സാമ്പത്തിക സ്രോതസ്സുകൾക്കായി മുനിസിപ്പൽ ബോണ്ട് ഇറക്കും.

പദ്ധതികൾ പൗരന് പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ പ്രൊഫഷണലുകളെ നിയമിക്കും (ഫിനാൻസ് മാനേജർ, സിറ്റി പ്രൊജക്ട് മാനേജർ, ടൗൺ പ്ലാനർ, ലീഗൽ അഡ്വൈസർ, ഐടി മാനേജർ).

പരാതി പരിഹാരത്തിനായി മൊബൈൽ ആപ്ലിക്കേഷൻ, എല്ലാ മാസവും അദാലത്ത്, ഡിവിഷനുകളിൽ പരാതിപ്പെട്ടി എന്നിവ സ്ഥാപിക്കും.

ജനങ്ങൾക്ക് നേരിട്ട് കാര്യങ്ങൾ അവതരിപ്പിക്കാൻ 'മേയേഴ്സ് കണക്ട്' പരിപാടി.

വിദഗ്ധരുടെ സേവനത്തിന് ഉപദേശക സമിതി, എക്സ്റ്റൻഡഡ് കൗൺസിൽ, മേയേഴ്സ് ബിസിനസ് കൗൺസിൽ.

ബ്രഹ്മപുരം പദ്ധതികൾ

ബ്രഹ്മപുരത്ത് ഗ്രീൻ കവറേജ് പദ്ധതി വഴി പച്ചപ്പ് നിലനിർത്തും.

നിലവിലുള്ള സിബിജി പ്ലാന്റ്, ബിഎസ്‌എഫ് പ്ലാന്റുകൾക്ക് പുറമെ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന വേസ്‌റ്റ് ടു എനർജി പ്ലാന്റ്, വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റ്, ആർഡിഎഫ് പ്ലാന്റുകൾ എന്നിവ സജ്ജമാക്കും.

ഭവന പദ്ധതികൾ

തൊഴിലാളികൾക്ക് കുറഞ്ഞ ചെലവിൽ താമസിക്കാൻ ഷീ ലോഡ്‌ജ് മാതൃകയിൽ വീടുകൾ ഒരുക്കും (സ്വകാര്യമേഖലയുമായി ചേർന്ന് പരീക്ഷണാടിസ്ഥാനത്തിൽ).

തൊഴിൽ കേന്ദ്രങ്ങൾക്ക് സമീപം കുറഞ്ഞ ചെലവിൽ താമസിക്കാൻ നഗരഭവനനയം നടപ്പാക്കും.

റോഡ് വികസനം

തമ്മനം-പുല്ലേപ്പടി റോഡ് വികസനം പൂർത്തിയാക്കും.

പള്ളുരുത്തി 40 അടി റോഡ്, ഗോശ്രീ-മാമംഗലം, കലൂർ-പേരണ്ടൂർ, കെ പി വള്ളോൻ, പണ്ഡിറ്റ് കറുപ്പൻ റോഡുകളുടെ വികസനം നടപ്പാക്കും.

കായികം, വിനോദം, ടൂറിസം

ഇടക്കൊച്ചിയിൽ സ്‌റ്റേഡിയം നിർമിക്കും.

കായികതാരങ്ങൾക്ക് മെഡിക്കൽ ഇൻഷുറൻസ് പദ്ധതി.

രവിപുരത്തും മുണ്ടംവേലിയിലും നീന്തൽ പരിശീലനത്തിന് പൂളുകൾ. സ്കേറ്റിങ് പരിശീലനത്തിന് സംവിധാനം.

നിലവിലുള്ള സ്പോർട്സ് ഹോസ്റ്റൽ നവീകരിക്കും. 76 ഇടങ്ങളിൽ ഓപ്പൺ ജിം സ്ഥാപിക്കും.

ചെന്നൈ ഐഐടിയുടെ സഹായത്തോടെ ഫോർട്ടുകൊച്ചി ബീച്ച് വീണ്ടെടുക്കും. പായലും ചെളിയും കയറുന്നത് തടയാൻ ബൂം ബാരിയർ സ്ഥാപിക്കും.

ബീച്ചുകളിൽ അത്യാധുനിക സൗകര്യങ്ങളും സാംസ്കാരിക പരിപാടികൾക്ക് പ്രത്യേക മേഖലകളും ഒരുക്കും.

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഗൈഡിനെ ഉൾപ്പെടുത്തി ബസ് സർവീസ്.

മറ്റ് പ്രധാന പദ്ധതികൾ

മറൈൻ ഡ്രൈവ് എക്സ്റ്റൻഷൻ സ്കീം നടപ്പാക്കും.

ഭരണഘടനാ നിയമത്തിൽ പരിജ്ഞാനം നൽകാൻ അംബേദ്കർ സ്ക്വയർ.

ലിവിങ് വിൽ നിയമസാധുതയോടെ നടപ്പാക്കാൻ സംവിധാനം.

മറൈൻ ഡ്രൈവ് ഹെലിപാഡിനോട് ചേർന്ന് സ്ഥിരം എക്സിബിഷൻ കേന്ദ്രങ്ങൾ.

നഗരത്തെ പുനരുപയോഗ ഊർജനഗരമാക്കും.

ആധുനിക ശുചിമുറികൾ, ഫീഡിങ് മുറികൾ.

വീടുകളിലും സ്ഥാപനങ്ങളിലും പഴം, പച്ചക്കറി കൃഷി വ്യാപകമാക്കാൻ സാമ്പത്തിക സഹായം.

പശ്ചിമകൊച്ചിയിലും എറണാകുളത്തും അത്യാധുനിക അറവുശാലകൾ.

ചമ്പക്കര മാർക്കറ്റ് നവീകരിക്കും.

അഞ്ചുമന, പച്ചാളം നഗരസഭ സോണൽ ഓഫിസുകൾ നവീകരിക്കും; അഞ്ചുമനയിൽ കൺവെൻഷൻ സെൻ്റർ നിർമിക്കും.

ഹരിതാഭയും ജൈവ വൈവിധ്യവും വീണ്ടെടുക്കാൻ 'ഹീൽ കൊച്ചി'.

പോണ്ടിച്ചേരിയിലെ വെക്ടർ കൺട്രോൾ റിസർച്ച് സെൻ്ററുമായി സഹകരിച്ച് കൊതുകുനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും.

ജിസിഡിഎയുമായി ചേർന്നുള്ള പദ്ധതികൾ

ജലമെട്രോ, പ്രധാന റോഡ്, റെയിൽ ഗതാഗതം ഉൾപ്പെടുത്തി ട്രാൻസിറ്റ് ഓറിയൻ്റഡ് ഡെവലപ്‌മെന്റ് പദ്ധതി.

അംബേദ്കർ സ്റ്റേഡിയം നവീകരിച്ച് ആധുനിക ഫുട്ബോൾ സ്റ്റേഡിയവും സ്പോർട്സ് അക്കാദമിയും.

വൈറ്റില ബണ്ട് റോഡ് മോശം അവസ്ഥയിലുള്ള അഞ്ച് താമസകേന്ദ്രങ്ങൾ അഞ്ച് വർഷത്തിനുള്ളിൽ ലാൻഡ് പൂളിങ് സങ്കേതം ഉപയോഗിച്ച് ആധുനികവൽക്കരിക്കും.

മറൈൻ ഡ്രൈവ് ബോട്ട് ജെട്ടി ആധുനികവൽക്കരിക്കും.

പൊതുഗതാഗതത്തിൽ ഘട്ടംഘട്ടമായി ഇലക്‌ട്രിക് വാഹന ഉപയോഗം.

ചെറുകിട ബിസിനസ് ക്ലസ്‌റ്ററുകൾക്ക് പിന്തുണ.

ഹെറിറ്റേജ് മാപ്പിങ് വ്യാപകമാക്കും.

കുറഞ്ഞത് 50 കിലോമീറ്റർ സുരക്ഷിത സൈക്കിൾ ട്രാക്കുകൾ.

എല്ലാ വർഷവും മുനിസിപ്പൽ ജെൻഡർ ഓഡിറ്റ്.

വെള്ളക്കെട്ട് പരിഹരിക്കാൻ ഡ്രെയിനേജ് മാസ്റ്റർ പ്ലാൻ.