"എൽഡിഎഫ് ലക്ഷ്യമിടുന്നത് 110 സീറ്റുകൾ നേടിയുള്ള ചരിത്രവിജയം ": എംവി ഗോവിന്ദൻ
കണ്ണൂർ: നോമിനേഷൻ നടപടികൾ പൂർത്തിയാകുമ്പോൾ 110 സീറ്റുകൾ നേടിയുള്ള ചരിത്രവിജയമാണ് എൽഡിഎഫ് ലക്ഷ്യം വെക്കുന്നതെന്നും കേരളം അതിൻ്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ അധ്യായം കുറിക്കാൻ തയാറെടുക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി മൂന്നാം തവണയും അധികാരത്തിലേറുമെന്ന് ഉറപ്പാണെന്നും യുഡിഎഫും ബിജെപിയും ഈ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളത്തിൻ്റെ ഒരു വികസന പ്രവർത്തനത്തിലും പങ്കാളികളാകാൻ യുഡിഎഫിന് സാധിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.യുഡിഎഫിലെ പടല പിണക്കവും കുഴപ്പവും ഇപ്പോഴും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. അതിപ്പോഴും തുടരുകയാണ്. ആ ഒരു പശ്ചാത്തലത്തില്‍ അവര്‍ക്ക് കേരളത്തെ സംബന്ധിച്ചിടത്തോളം കേരളത്തിൻ്റെ പുതിയ നിലപാടുകളുമായി ബന്ധപ്പെട്ട് യാതൊരു പുതിയ കാര്യവും പറയാനില്ല. എല്ലാ വികസനപ്രവര്‍ത്തനത്തെയും പൂര്‍ണമായി തള്ളിപ്പറഞ്ഞവരാണ് അവര്‍. ഒരു വികസനത്തെയും പിന്തുണയ്ക്കില്ല എന്ന് പരസ്യമായി പറഞ്ഞവരാണ് യുഡിഎഫിൻ്റെ ഭാഗമായി നില്‍ക്കുന്നവര്‍.കേന്ദ്രഗവണ്‍മെൻ്റ് നമുക്ക് എതിരായി നടത്തുന്ന അതിശക്തമായ പ്രതിരോധത്തെ ചെറുക്കുന്നതിന് യുഡിഎഫ് ഇല്ല. ഇതാണ് കേരളത്തിൻ്റെ ഭാഗമായി അവര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. ഈ പ്രശ്നമായിരിക്കും കേരളം ചര്‍ച്ച ചെയ്യാന്‍ പോകുന്നത്.
തങ്ങള്‍ ഈ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി പറയുന്നത് പുതിയ കേരളം സൃഷ്ടിക്കുമെന്നാണ്. അത് പറയുകയല്ല ചെയ്യുന്നത്, ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കും. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നവകേരള സൃഷ്ടിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തി കോടിക്കണക്കിന് മനുഷ്യരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരംകണ്ട് അവരുടെ ജീവിതം മുന്നോട്ട് നയിച്ചതിനുള്ള നേതൃത്വപരമായ പങ്കുവഹിച്ച് അടിസ്ഥാന സൗകര്യങ്ങളെല്ലാം കേരളത്തിലെ ജനങ്ങള്‍ക്ക് ഒരുക്കിക്കൊടുത്ത് ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ട് മുന്നോട്ട് പോകുന്ന ഒരു ഗവണ്‍മെൻ്റാണ് പത്താമത്തെ കൊല്ലം ഈ കേരളത്തിലുള്ളത്. അതാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഏറ്റവും കരുത്തുറ്റ ആയുധം. അതുകൊണ്ട് ഈ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി പറയാന്‍ പോകുന്ന രണ്ടേ രണ്ട് കാര്യം ഒന്ന് യുഡിഎഫ് ഉള്‍പ്പെടെയുള്ള ശക്തികള്‍ ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയുമായി മുന്നേക്ക് പോകുകയാണ്. രണ്ട് എല്ലാ വികസന പ്രവര്‍ത്തനത്തിനും എതിരായിട്ട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഒരു പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. ഇത് രണ്ട് നിലപാടിനെയും ഫലപ്രദമായി കേരളത്തിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്നു, അത് ശരിയായ നിലപാടിലൂടെ അവര്‍ കൈകാര്യം ചെയ്യുന്നു. അതിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മൂന്നാം ടേമിലേക്ക് കടക്കാനുള്ള സൗകര്യം ഉണ്ടാകുന്നു എന്നതാണ് ഈ നോമിനേഷന്‍ ഏതാണ്ട് കൊടുത്തു തീര്‍ക്കുന്ന നാളത്തതോടു കൂടി നമ്മുടെ മുന്നിലുള്ള പ്രധാനപ്പെട്ട ചിത്രം.
പാലക്കാട് ബിജെപി-സിപിഎം ഡീൽ ഉണ്ടെന്ന വി ഡി സതീശൻ്റെ ആരോപണത്തെ പരിഹാസത്തോടെയാണ് എം വി ഗോവിന്ദൻ നേരിട്ടത്. നുണ പറയുന്നതിൽ നോബൽ സമ്മാനം നേടാനാണ് സതീശൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ദിവസവും എട്ടും ഒൻപതും നുണകളാണ് പ്രതിപക്ഷ നേതാവ് പറഞ്ഞു കൊണ്ടിരിക്കുന്നത്. അത്തരം ആരോപണങ്ങൾക്ക് മറുപടി നൽകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.